1

Pages

Thursday, April 28, 2011

എന്റെ കല്യാണം



ഏഴു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒരിക്കല്‍ കൂടെ ആ അസുലഭ നിമിഷം വന്നെത്തി, വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന ലീവ്, ഇത്തവണത്തെ ലീവ് നാട്ടില്‍ പോയിട്ട് അടിച്ച് പൊളിക്കാന്‍ തന്നെ തീരുമാനിച്ചു, രാത്രി 7.45 ആണ്‌ ഫ്ലൈറ്റ് രണ്‍ട് മണിക്കൂര്‍ മുന്‍പെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ട്രാവത്സില്‍ നിന്നും ഒരു കൊച്ച് എന്നെ വിളിച്ച് പറഞ്ഞു, ഇത്തവണ ഞാന്‍ ഒറ്റയ്ക്കല്ല, അമ്മായിടെ മോനും ഉണ്ട് എന്റെ കൂടെ അവന്‍ ആദ്യമായിട്ട് നാട്ടില്‍ പോകുവാ അതിന്റെ ഒരു ത്രില്ലില്‍ ആണ്‌ പുള്ളി, അവനും എന്നെ പോലെ തന്നെ പിടക്കോഴിയും കുഞ്ഞുങ്ങളും ഒന്നുമില്ല എങ്കിലും എന്നെപോലെ തന്നെ എന്തൊക്കെയോ ചുറ്റിക്കളികള്‍ അവനും ഉണ്ടെന്നൊരു സംശയം. അങ്ങിനെ ഞങ്ങള്‍ രണ്ട് പേരും എയര്‍പോര്‍ട്ടിലെത്തി, ലഗ്ഗേജ് എല്ലാം കൊടുത്തു ബോര്‍ഡിംഗ് പാസ്സും കിട്ടി ഗേറ്റിലേക്ക് നടന്ന് നീങ്ങി... അതിനിടയില്‍ ഫോണ്‍ എടുത്ത് സമയം നോക്കി, എനിയും ഉണ്ട്... എങ്ങിനെയെങ്കിലും ഒന്ന് എത്തിക്കിട്ടിയാല്‍ മതി എന്നായി മനസ്സ് മുഴുവനും, നല്ല ഒരു ഇരിപ്പിടം നോക്കി ഞങ്ങള്‍ രണ്ടുപേരും അവിടെയിരുന്നു. "എന്റെ ഫോണ്‍ ശബ്ദിച്ചു, നാട്ടില്‍ നിന്നും ഒരു കോള്‍... അതെ എന്റെ ഉമ്മച്ചിയാണ്‌... നേരത്തെ എഴുന്നേറ്റ് എന്നെ വിളിക്കാന്‍ വരേണ്ടതല്ലേ എന്നിട്ടും ഉമ്മച്ചി ഇത്‌വരെയും ഉറങ്ങിയില്ലേ? കിടന്നിട്ട് ഉറക്കം വരുന്നില്ല എനി എന്റെ മോനെ നേരിട്ട് കണ്ടാലേ ഉമ്മച്ചിക്ക് ഉറക്കം വരൂ... അത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഞാന്‍ പറഞ്ഞു ഫ്ലൈറ്റ് പുറപ്പെടാനുള്ള ടൈം ആയി എനി നേരില്‍ കണ്ടു സംസാരിക്കാം, അയ്യൊ ഫോണ്‍ വെയ്ക്കല്ലേ ഉമ്മച്ചിക്ക് ഒരുകാര്യം കൂടെ മോനോട് പറയാനുണ്ട്, അത് പറയാന്‍ വേണ്ടിയാ ഇപ്പൊ വിളിച്ചത് തന്നെ, അതെ മോന്‍ എന്നും വരുന്ന പോലെയല്ല ഇത്തവണ എന്റെ മോനെ വെറുതെ തിരിച്ചയക്കാനുള്ള പരിപാടിയും ഞങ്ങള്‍ക്കില്ല അതുകൊണ്ട് തന്നെ ഞങ്ങള്‍ ഇന്നലെ പോയി ഒരു പെണ്ണിനെ കണ്ടിരുന്നു, എനി നാട്ടില്‍ വന്നിട്ട് ഈ കാര്യം മറ്റുള്ളവരുടെ വായില്‍ നിന്നും കേട്ട് നീ ഞെട്ടെണ്ട എന്നു കരുതിയാ ഇപ്പോള്‍ പറയുന്നത്, നല്ല കുട്ടിയാ, എന്റെ മോനു നല്ലപോലെ ചേരും... പെണ്ണോ! അതേ പെണ്ണു തന്നെ... നിന്റെ മനസ്സില്‍ ആരോടും പറയാതെ നീ കൊണ്ട് നടന്ന ആ പെണ്ണ് തന്നെ, എന്റെ വയറൊന്ന് കാളി, പടച്ചോനെ! അതേത് പെണ്ണ് (ഒത്തിരിയുണ്ട് എന്റെ ലിസ്റ്റില്‍ അതില്‍ ഏതെന്നായി എന്റെ ചിന്ത... ബഷീര്‍ക്കാടെ മോളാവുമോ? അതോ ഹുസൈന്‍‌ക്കാടെ മോളാവുമോ? ആകെ കൂടെ മനസ്സിനകത്തൊരു തീ, ഇതാണ്‌ ഒരു ലെവലില്ലാതെ കണ്ട പെണ്ണുങ്ങളെയെല്ലാം നോക്കിയാലുള്ള പ്രശ്നം) ഓ അവള്‍, എന്നും പറഞ്ഞ് ഉമ്മച്ചിയുടെ മറുപടിക്ക് വേണ്ടി ഞാന്‍ വെയ്റ്റ് ചെയ്തു... എന്നാലും ഈ കാര്യം ഞങ്ങളുടെ അടുത്ത് നീ മറച്ച് വെച്ചല്ലോ, കാര്യം സീരിയസ് ആണെന്ന് മനസ്സിലാക്കിയ ഞാന്‍ പറഞ്ഞു ഇത്തവണ നാട്ടില്‍ വന്നിട്ട് വേണം നിങ്ങളോട് പറയാന്‍ എന്നൊക്കെ മനസ്സില്‍ കരുതിയതാ അപ്പൊഴാ ഉമ്മച്ചി ഇതിനെകുറിച്ച് ഇങ്ങോട്ട് ചോദിച്ചത്, എന്നാല്‍ പിന്നെ ശരി മോനെ എന്നും പറഞ്ഞ് ഉമ്മച്ചി ഫോണ്‍ കട്ട് ചെയ്തു, അപ്പോഴും മനസ്സില്‍ ഉത്തരം കിട്ടാത്ത ചോദ്യം, ആരായിരിക്കും അവള്‍? ലൈനടി കേസുകെട്ടുകള്‍ എല്ലാം നാട്ടില്‍ എത്തിയാല്‍ പൊളിയും, പോക്ക് കാന്‍സല്‍ ചെയ്താലോ എന്നുവരെ ചിന്തിച്ച് തുടങ്ങി അതുവരെ മനസ്സില്‍ ഉണ്ടായ സന്തോഷമൊക്കെ എവിടെക്കൊ പോയ് മറഞ്ഞു. ഒരു കിളിനാദം അനൗണ്‍സ്മെന്റ് വന്നു ഞങ്ങള്‍ വരിവരിയായി ഫ്ലൈറ്റിലേക്ക് കയറി, കൈകൂപ്പി നില്‍ക്കുന്ന ഒരു പെണ്‍കൊച്ച് തിരിച്ച് ഞാനും ഒന്ന് കൈകൂപ്പി കൊടുത്തു ആ പെണ്‍കൊച്ച് ചിരിച്ചു ഞാന്‍ ചിരിക്കാന്‍ പോയില്ല കാരണം എന്റെ കൊപ്രായത്തരം വേറെ ഒരാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഞാന്‍ അയാളെ നോക്കാന്‍ നിന്നില്ല എന്റെ സീറ്റ് നോക്കി അവിടെ കയറിയിരുന്നു, യാത്ര തുടര്‍ന്നു... 4 മണിക്കൂര്‍ നീണ്ട യാത്ര... ഖത്തര്‍ എയര്‍‌വെയ്സ് ആയത്കൊണ്ട് പറഞ്ഞു പറ്റിച്ചില്ല, പറഞ്ഞ ടൈമില്‍ തന്നെ അധികം മുകളില്‍ ഇട്ടു കറക്കാതെ താഴെയിറക്കി, എന്നെ വിളിക്കാന്‍ വീട്ടില്‍ നിന്നും എല്ലാവരും ഉണ്ടായിരുന്നു, എന്നെ കണ്ടയുടനെ നീയെനി എന്നാ തിരിച്ച് പോവുക? (ഞാനൊന്ന് തിരിഞ്ഞ് നോക്കി, അല്ല എനി വേറെ ആരോടെങ്കിലും പറഞ്ഞ‌താണോ എന്നറിയാന്‍, ഏതൊരു പ്രവാസിയും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ ചോദ്യം എന്നോട് തന്നെയാ), കാലെടുത്ത് കുത്തിയില്ല അപ്പോഴേക്കും തലതിരിഞ്ഞ ചോദ്യം വന്നത് കണ്ടില്ലേ, റിട്ടേണ്‍ ടിക്കറ്റ് എടുത്ത് അടുത്ത വണ്ടിക്ക് തന്നെ തിരിച്ച് പോയാലോ എന്നുവരേ ചിന്തിച്ച് പോയി, ഒന്നും എടുക്കാന്‍ മറന്നില്ലല്ലോ പറഞ്ഞത് എല്ലാം കൊണ്ട് വന്നിട്ടില്ലേ? എന്ന് അടുത്ത ചോദ്യം, ഞാന്‍ തലയൊന്ന് കുലുക്കി കൊടുത്തു അവര്‍ ഹാപ്പിയായി... എനിക്ക് സുഖമാണോ? അല്ലെങ്കില്‍ ജോലിയൊക്കെ എങ്ങിനെയുണ്ട്? ഭക്ഷണമൊക്കെ നേരത്തിനു കിട്ടാറില്ലെ? ഇതൊന്നും ചോദിക്കാന്‍ ആരുമില്ല... ആ മതി മതി നടന്നേ എനി ചോദ്യങ്ങള്‍ എല്ലാം വീട്ടില്‍ എത്തിയതിനു ശേഷം, അങ്ങിനെ ഞങ്ങള്‍ അളിയന്റെ ഇന്നോവ കാറിന്റെ മുന്‍സീറ്റില്‍ കയറിയിരുന്നു (എന്താണാവോ പെങ്ങള്‍ക്കത് ഒട്ടും തന്നെ പിടിച്ചില്ല അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു), ചോക്കളേറ്റ് കൊടുക്കാത്തതില്‍ പെങ്ങളുടെ ഇളയകുട്ടി ഇടയ്ക്കിടെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു കുട്ടിയാണെന്ന് കരുതി ഞാന്‍ വെറുതെ വിടുമോ തിരിച്ച് ഞാനും കൊഞ്ഞനം കുത്തി, അങ്ങിനെ ഞങ്ങളുടെ യാത്ര തുടങ്ങി, അതിനിടയില്‍ ഞാന്‍ ചെറുതായൊന്ന് മയങ്ങി (മനസ്സില്‍ മുഴുവനും ആ പെണ്ണിനെ കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു, എന്നാലും ആരായിരിക്കും ആ പെണ്‍കുട്ടി)... പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞ പോലെ യാത്ര ചെയ്തു കുറച്ച് ആയപ്പോഴേക്കും പെട്ടെന്നൊരു ശബ്ദം... ഞാന്‍ ഞെട്ടിയെണീറ്റു... അതെ കാറിന്റെ ബ്രേക്ക് പൊട്ടിയതാ! എല്ലാവരും കരച്ചിലോട് കരച്ചില്‍ പിന്നെ ഒന്നും തന്നെ നോക്കിയില്ല ഞാനും അവരുടെ കൂടെ കൂടി... സ്കൂളിലേക്ക് പോവുന്ന കുട്ടികള്‍ റോഡ് സൈഡില്‍... ഞാന്‍ കയ്യും തലയും പുറത്തേക്കിട്ട് ഉറക്കെ അലറി... വണ്ടി വരുന്നു മക്കളേ... മാറിക്കോ മക്കളേ". ഒട്ടും പ്രതീക്ഷിക്കാതെ ആരോ എന്റെ തലക്കിട്ട് ഒന്ന് തന്നു, എന്റെ ബോധം തിരിച്ച് കിട്ടി, ആഹാ നല്ല രസം എല്ലാവരും എന്നെതന്നെ നോക്കിയിരിക്കുന്നു (ടോം ആന്‍ഡ് ജെറി കണ്ടു കഴിഞ്ഞ കൊച്ചുങ്ങളെ പോലെ) മൊത്തത്തില്‍ ഒരു നിശ്ശബ്ദത അടുത്തിരുന്ന അമ്മായിടെ മോന്‍ ചോദിച്ചു... ആര്‍ യു ഓകെ? (തെറ്റിദ്ധരിക്കേണ്ട അവന്‍ മലയാളി തന്നെയാ, പക്ഷെ ഇങ്ങിനെയുള്ള അവസരങ്ങളില്‍ അറിയാതെ ഇംഗ്ലീഷ് പറഞ്ഞു പോവും) ഞാന്‍ ഓകെ അല്ലെന്ന് തലയൊന്ന് കുലുക്കി കാണിച്ചു (എന്റെ തലക്കിട്ട് നല്ലൊരു കൊട്ടു തന്നിട്ടാ അവന്റെ ഒരു ഒണക്ക ചോദ്യം). ഞാന്‍ ഫോണ്‍ എടുത്ത് നോക്കി 7 മണി എനിയും മിനിട്ട്‌ കൂടെ... അടുത്തതെങ്കിലും കൊട്ടുകൊള്ളാത്ത നല്ലൊരു സ്വപ്നം കാണിച്ച് തരണേ പടച്ചോനെ എന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് കണ്ണുകള്‍ മെല്ലെ അടച്ചു.

Thursday, April 21, 2011

ഹോട്ടലിലേക്കുള്ള വഴി



അനുഭവങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഒരുപാട് ഉണ്ടായിട്ടുണ്ടാവും അതില്‍ നല്ലതും ചീത്തയും ഉണ്ടായിരിക്കാം എന്തോ എന്റെ ജീവിതത്തില്‍ അധികവും ചീത്ത തന്നെയാ സംഭവിച്ചിട്ടുള്ളത് അതില്‍ എനിക്ക് ഒരു വിഷമവും ഇല്ല (അല്ല എനി വിഷമിച്ചിട്ട് എന്ത് കാര്യം?) കഴിഞ്ഞത് കഴിഞ്ഞു എന്നു കരുതി സമാധാനിക്കാം അല്ലെ? എങ്കിലും എന്റെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില രസകരമായ സംഭവങ്ങള്‍ ഉണ്ട്, അതില്‍ ഒന്നാണ്‌ വീടിന്റെ അടുത്തുള്ള പറമ്പന്‍സ് ഹോട്ടലിലേക്ക് ഞാനും എന്റെ മൂന്നു സുഹ്യത്തുക്കളും പോയ കഥ.

അന്ന് വൈകീട്ട് അഞ്ച് മണി ആയിക്കാണും പണിതീരാത്ത എന്റെ വീടിന്റെ മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന പൂഴിമണ്ണില്‍ ഇരിക്കുവായിരുന്നു ഞാനും കൂട്ടുകാരും, വെടിപറഞ്ഞിരിക്കാന്‍ ഒരു സുഖമല്ലേ? അതിനിടയില്‍ ഒരുത്തന്റെ വക കമന്റ് ചുമ്മ ഇരുന്നു സംസാരിക്കുമ്പോള്‍ കൊറിക്കാന്‍ വല്ലതും ഒക്കെ ഉണ്ടെങ്കില്‍ നല്ല രസമാ നീ വല്ലതും എടുത്തിട്ട് വാടാ. വിരുന്നു വരുന്നവര്‍ക്ക് കൊടുക്കാന്‍ വാങ്ങിവെച്ച ചിപ്സ് ഉമ്മ അറിയാതെ ഞാന്‍ കുറച്ച് എടുത്തോണ്ട് വന്നു, വിശപ്പിന്റെ അസുഖമുള്ള ഒരുത്തന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അതില്‍ ഒന്ന് തൊടാനുള്ള ചാന്‍സ് പോലും അവന്‍ ഞങ്ങള്‍ക്ക് തന്നില്ല കൊണ്ടുവെച്ച് നിമിഷങ്ങള്‍ക്കകം ആ പ്ലേറ്റ് മൊത്തം അവന്‍ കാലിയാക്കി തന്നു (ആ പ്ലേറ്റ് എനി കഴുകേണ്ട ആവശ്യമില്ല അത്രക്കും ക്ലീന്‍), എന്നിട്ട് പറയുവാ ഇതുകൊണ്ട് ഒന്നും തന്നെ ആയിട്ടില്ല നമുക്ക് പറമ്പന്‍സിലേക്ക് പോയാലോ എന്ന്, അതും എനിക്കിട്ട് പണിതരാന്‍ ആണെന്ന് അവന്റെ പറച്ചില്‍ കേട്ടപ്പോള്‍ മനസ്സിലായി, സാരമില്ല തല്‍ക്കാലത്തേക്ക് അടിച്ച് പൊളിക്കാനുള്ള പൈസ എന്റെ കയ്യിലുണ്ട്, വര്‍ഷത്തില്‍ ഒരിക്കല്‍ ലീവിനു വരുന്ന എനിക്ക് ഇതൊക്കെ അല്ലെ ഒരു സന്തോഷം എന്നു കരുതി ഞങ്ങള്‍ നാലുപേരും ഹോട്ടലിലേക്ക് നടന്നു.

ഹോട്ടലിലേക്ക് പോവുന്ന വഴി കൂടെ ഉണ്ടായിരുന്ന നവാസ് എന്നോട് സ്വകാര്യത്തില്‍ പറഞ്ഞു എടാ ഞാന്‍ അടിയില്‍ (കാര്യം പിടി കിട്ടിയില്ലേ? ഹ! അതന്നെ സംഭവം) ഒന്നും ഇട്ടിട്ടില്ല എന്ന്, ഞാന്‍ ചോദിച്ചു ഹൊ അടിയില്‍ ഇട്ടവര്‍ക്ക് മാത്രേ അവിടെന്ന് ഫുഡ് കിട്ടു എന്ന്? ഉത്തരം കിട്ടിയില്ല (ഞാന്‍ ചമ്മി) ഞങ്ങള്‍ പിന്നെം നടന്നു പക്ഷെ എന്റെ ചോദ്യം നല്ലപോലെ കേട്ട റഹീം (വിശപ്പുള്ളവന്‍) എന്നോട് തിരിച്ചൊരു ചോദ്യം ആരാടാ അടിയില്‍ ഒന്നും ഇടാതെ വന്നിട്ടുള്ളത് എന്ന്? എനിക്കറിയോ ഈ പഹയന്‍ വല്ലതും മനസ്സില്‍ കണ്ടിട്ടാ ചോദിച്ചതെന്ന് ഞാന്‍ പറഞ്ഞു നവാസ് ആണെന്ന്, കേള്‍ക്കേണ്ട താമസം റഹീം നവാസിന്റെ തുണി വലിച്ചൊരു ഓട്ടം, പിറന്ന പാടെ നവാസ് ഹൈവെ റോഡിനരികില്‍, പ്‌ഹാ പന്നീ! എന്നും പറഞ്ഞ് നവാസ് തുണി വാങ്ങാന്‍ റഹീമിന്റെ പിറകേ ഓടി, ഞാനും സഗീറും ഇതെല്ലാം കണ്‍ട് നല്ലപോലെ രസിച്ച് അവരുടെ പിന്നാലെയും, ഒട്ടും പ്രതീക്ഷിക്കാതെ ഒരു കൂട്ടര്‍ ഞങ്ങളുടെ പിറകില്‍ ഉണ്ടായിരുന്നു, ഒരു ശബ്ദം (നവാസിനിട്ട് ആരോ ഒന്നു പൊട്ടിച്ചതിന്റെയാ) കേട്ടപ്പോഴാ ശരിക്കും ഞങ്ങള്‍ക്ക് മനസ്സിലായത്, അത് മറ്റാരുമല്ല സാക്ഷാല്‍ പോലീസ് തന്നെ, വെടികൊണ്ട പന്നിയെ പോലെ അലറിയുള്ള ശബ്ദവും പിന്നെ ആ ശബ്ദത്തിനെ ഉടമ ഓടുന്നതും കണ്ടു, അത് മറ്റാരുമല്ല റഹീം, പോലീസ്! ഓടിക്കോടാ! പോ... എന്ന് പറയുമ്പോഴേക്കും ഞാന്‍ തിരിഞ്ഞോടി (എനിക്ക് പണ്ടു മുതലേ പോലീസ് എന്ന് കേട്ടാല്‍ വല്ലാത്തൊരു പേടിയാ!) സെഗീര്‍ ചെരുപ്പ് ഊരിയെടുത്ത് വേറൊരു വഴിക്ക്, ഓടിയോടി ഞാനും സെഗീറും ഒരേ വഴിയിലൂടെ ആയി അതിനിടയില്‍ എന്റെ മുഖത്ത് എന്തൊക്കെയോ വന്നിടിച്ചു പക്ഷെ ഞാന്‍ അത് വകവെച്ചില്ല ഓട്ടം തന്നെ ഓട്ടം, അപ്പോഴിതാ സെഗീറിന്റെ കരച്ചില്‍ "എന്നെ വിടു സാറെ, ഞാന്‍ ഒന്നും ചെയ്തിട്ടില്ല സാറെ", ഞാന്‍ ഉറപ്പിച്ചു സെഗീറിനെ പോലീസ് പൊക്കി, എനി എത്ര ഓടിയിട്ടും കാര്യമില്ല പിടി കൊടുക്കാം, ഓട്ടം നിര്‍ത്തി കരച്ചില്‍ കേട്ട ഭാഗത്തേക്ക് ഞാന്‍ ഓടിച്ചെന്നു, ഹൊ! പണ്ടാരക്കാലനെ പോലീസ് പിടിച്ചതല്ല കമ്പിവേലിയില്‍ ഷര്‍ട്ട് കുടുങ്ങിയതാ, അതിനാ ഇവന്‍ കിടന്ന് കരഞ്ഞത് ചുമ്മ മനുഷ്യനെ പേടിപ്പിചു, ഞങ്ങള്‍ക്ക് പിന്നെയും പേടി എനി പോലീസ് എങ്ങാനും പിന്നില്‍ വരുന്നുണ്ടോ എന്ന്‌... പിന്നെ മുന്നില്‍ കിണറാണോ? പുഴയാണോ? എന്നൊന്നു നോക്കിയില്ല നേരെയങ്ങ് ഓടി... ഓടികിതച്ച് ഞാനും സെഗീറും എന്റെ വീട്ടുപടിക്കല്‍ എത്തിയപ്പോ പൂരപ്പറമ്പ് പോലെ നിറയെ ആള്‍ക്കാര്‍, എനി പോലീസ് എങ്ങാനും വീട്ടിലേക്ക് ഞങ്ങളെ അന്വേഷിച്ച് വന്നോ? ആകെ കൂടെ മനസ്സില്‍ എന്തോ പോലെ, രണ്ടും കല്പ്പിച്ച് ഞാന്‍ വീട്ടിലേക്ക് കയറിച്ചെന്നു, എല്ലാവരും എന്റെ മുഖത്ത് നോക്കി ഒരേ നില്പ്പ്, കൂട്ടത്തില്‍ നിന്നിരുന്ന എന്റെ മാമന്‍ ചോദിച്ചു... എടാ! അപ്പോ നീ മരിച്ചില്ലേ?

വാല്‍ക്കഷ്ണം: നവാസ് അടിയും വാങ്ങി വളരെ മാന്യനായി അവന്റെ വീട്ടിലേക്ക് പോയി... റഹീം ഓടിയത് എന്റെ വീടിന്റെ അടുത്തൂടെ, ആ വഴി എന്റെ വീട്ടില്‍ കയറി എന്നെ പോലീസ് ഓടിച്ചെന്ന് പറയുന്നു, റഹീമിന്റെ ഓട്ടവും പരാക്രമവും കണ്ട് പിന്നാലെ വന്ന കുറച്ച് പേരില്‍ ആരോ ഒരാള്‍ പറഞ്ഞത്രേ "നീന്തല്‍ അറിയാത്ത ഈ പാവം ഞാന്‍ പുഴയിലേക്ക് ചാടുന്നത് അയാള്‍ കണ്ടെന്ന്! പോരെ? എനി വല്ലതും വേണോ എന്റെ വീട്ടുക്കാര്‍ക്കും, നാട്ടുക്കാര്‍ക്കും? ഭാഗ്യത്തിന്‌ ക്യത്യ സമയത്ത് തന്നെ ഞാന്‍ അവിടെ ഓടികിതച്ചെത്തി അല്ലെങ്കില്‍ മുങ്ങിത്തപ്പല്‍ കുലതൊഴിലായി കൊണ്ട് നടക്കുന്ന വാസുചേട്ടന്റെ കരിയറില്‍ അതൊരു മൈനസ് പൊയിന്റ് ആയേനെ.

Thursday, April 14, 2011

ഒരു സപ്പോട്ട കഥ



ആഴ്ചയില്‍ ഏത് ദിവസം ആണ്‌ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയു വ്യാഴായ്ച, അതിനുള്ള കാരണം എന്താണെന്ന് ചോദിച്ചാല്‍ അന്നത്തെ ദിവസം കുറച്ച് നേരത്തെ ഓഫീസില്‍ നിന്നും ഇറങ്ങാം അതുമല്ല എനിയുള്ള രണ്ട്് ദിവസം (വെള്ളി, ശനി) ഒഴിവു ദിവസമാണ്‌. അലക്കലും, ഇസ്തിരിയിടലും, സിനിമ കാണലും ഒക്കെയായി ആ രണ്ട് ദിവസം അങ്ങ് പോയിക്കിട്ടും എങ്കിലും ജോലി എന്നുള്ള ടെന്ഷചന്‍ കുറഞ്ഞ് കിട്ടുമല്ലോ അതോര്ത്ത് സമാധാനിക്കും. അങ്ങിനെ 5 മണിക്ക് ഓഫീസില്‍ നിന്നും ഇറങ്ങി കൂടെ അമ്മായിടെ മോനും, റൂമില്‍ പോയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ല അതുകൊണ്ട് ഞങ്ങള്‍ നേരെ ഫുഡ്പാലസിലേക്ക് പോയി അത്ര വല്യ കടയൊന്നുമല്ലെങ്കിലും അവിടെ നമ്മുടെ നാട്ടുക്കാര്‍ ഒത്തിരി വരും മരുഭൂമിയിലെ മരുപ്പച്ച ആയിരുന്നു ഞങ്ങള്ക്ക്് ഫുഡ്പാലസ്. അങ്ങിനെ ഫുഡ്പാലസില്‍ എത്തി ഒരു ട്രേ എടുത്തു (ഒന്നും എടുക്കാന്‍ ഇല്ലെങ്കിലും ട്രേ കയ്യിലുള്ളത് എന്ത്കൊണ്ടും നല്ലതാ, അല്ലെങ്കില്‍ വായില്‍ നോക്കികളാണെന്ന് കരുതു നമ്മുടെ മലയാളി മങ്കമാര്‍) തുടക്കം തന്നെ കിറ്റ്കാറ്റില്‍ ആയിരുന്നു ഒരു റിയാലിന്റെ വിലയുള്ള മൂന്ന് പാക്കറ്റ് വളരെ ഐശ്വര്യത്തോടെ എടുത്തിട്ടു എന്നിട്ടു മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ചു. (500 റിയാലിന്റെ സാധനങ്ങള്‍ വാങ്ങിയ ലാഘവത്തോടെ!) എന്തോ ഗ്ലാമര്‍ കൂടുതല്‍ ഉള്ളതോണ്ടോ എന്നറിയില്ല എന്നെ മാത്രം നോക്കി ഒരു പെണ്ണ് ചിരിച്ചു അത് അമ്മായിടെ മോന്‍‌ക്ക് അത്ര പിടിച്ചില്ല. (ആ പെണ്ണിന്റെ ചിരി കിറ്റ്കാറ്റ് എടുക്കുന്നത് കണ്ടിട്ടാണെന്ന് പിന്നീടാ മനസ്സിലായത്, കാരണം ആ പെണ്ണിനു പിന്നാലെ വന്ന ഒരു അമ്മച്ചിയും ഇതേ ചിരി എന്റെ മുഖത്ത് നോക്കി ചിരിച്ചു). അമ്മച്ചിയുടെ ചിരി വകവെയ്ക്കാതെ ഞങ്ങള്‍ നേരെ അടുത്ത സെക്ഷനിലേക്ക് നടന്നു, അവിടെയാണേല്‍ പൊന്നും കടയിലെ തിരക്ക് എന്നു പറഞ്ഞമാതിരി, കണ്ടതെല്ലാം ചുമ്മാ എടുത്ത് നോക്കി നടക്കുമ്പോള്‍ ദാ! ഇരിക്കണു സപ്പോട്ട (ടി.വിയില്‍ ഇടക്കിടെ കാണിക്കാറുണ്ട് മുഖത്ത് പുരട്ടുന്ന ഏതോ ഒരു ക്രീമിന്റെ പരസ്യം), അത് കണ്ടപതില്‍ പിന്നെ ഒരുപാട് നാള്‍ ആയി സപ്പോട്ട തിന്നാന്‍ ആഗ്രഹം, എന്നാപിന്നെ ഇത്തവണ അതങ്ങ് സാധിപ്പിച്ചേക്കാമെന്ന് കരുതി അഞ്ചാറെണ്ണം എടുത്ത് ട്രേയിലിട്ടു കൂട്ടത്തില്‍ ഒരു പാക്കറ്റ് പാലും, ചെറിയ പാക്കറ്റ് ബൂസ്റ്റും, ചിക്കു മില്ക്ക്് ഷെയ്ക്ക് തന്നെ ആയിക്കോട്ടെ എന്നും കരുതി, എല്ലാം വാങ്ങി കിറ്റ്കാറ്റും തിന്ന് നേരെ റൂമിലേക്ക് നടന്നു.

റൂമില്‍ എത്തി പതിവു പരിപാടികള്‍ എല്ലാം കഴിഞ്ഞു, പിന്നെ അടുക്കളയിലേക്ക്... സ്വന്തമായി ജൂസ് മെഷീന്‍ ഇല്ലാത്തത് കൊണ്ട് അപ്പുറത്ത് താമസിക്കുന്ന ഹിന്ദിക്കാരനെ സോപ്പിട്ട് കാര്യം സാധിപ്പിച്ചെടുത്തു, ചിക്കു ആണെങ്കില്‍ കുറച്ച് തണുപ്പ് വേണമെന്ന് തോന്നി പാലെടുത്ത് ഫ്രിഡ്ജിലേക്ക് വെച്ചു. ചിക്കു കുടിച്ചതിന്റെ മേല്‍ വേറെ വല്ലതും കഴിച്ചാല്‍ കുടിച്ചത് പിരിയുമെന്ന് കരുതി (പറഞ്ഞ് പേടിപ്പിച്ചു) ഹോട്ടലില്‍ പോക്ക് ഞാനും അമ്മായിടെ മോനും കാന്സ്ല്‍ ചെയ്തു, അതും പോരാഞ്ഞിട്ട് കഴിക്കാന്‍ കയറിയ മറ്റെ സഹമുറിയനെ തിരിച്ച് വിളിപ്പിച്ചു. ജൂസ് മെഷീന്‍ അമ്മായിടെ മോനെകൊണ്ട് കഴുകിച്ചു (അവന്‍ അനങ്ങാതെ നില്ക്കു ന്നത് കാണുമ്പോള്‍ എനിക്കെന്തോ പോലെ, എന്ത് ചെയ്യാം മഹാ മടിയനാ!), ഫ്രിഡ്ജില്‍ വെച്ചിരുന്ന പാലെടുത്ത് അതിലേക്ക് പൊട്ടിച്ചൊഴിച്ചു, അഞ്ച് സ്പൂണ്‍ പഞ്ചസാരയും വാരിയിട്ടു, കുറച്ച് ബൂസ്റ്റും ഇട്ടു പിന്നെ സപ്പോട്ട എടുത്ത് തൊലികളയാന്‍ തുടങ്ങുമ്പോഴേക്കും ആരോ വാതിലില്‍ മുട്ടി, ഈ സമയത്ത് ഇതേത് പാര? ഞാന്‍ വാതില്‍ തുറന്നു അടുത്ത റൂമിലെ പയ്യന്‍ മനോജ്, (ലെവന്‍ ചിക്കുവിന്റെ മണം പിടിച്ച് വന്നതാണോ, ആകെ കൂടെ മൂന്നുപേര്ക്ക്മ കഴിക്കാന്‍ ഉണ്ടാവൂ എനി അതിന്റെ ഇടയില്‍ ഇവന്റെ ഷെയര്‍ ആരു കൊടുക്കും എന്നായി എന്റെ ചിന്ത) സാരമില്ല അമ്മയിടെ മോന്‍ പകുതി കൊടുത്തോളും എന്നു കരുതി സമാധാനിച്ചു, വന്നവനെ ചുമ്മ നിര്ത്തുരന്നത് ശരിയല്ല എന്നു മനസ്സിലാക്കിയ അമ്മായിടെ മോന്‍ വന്നവനിട്ട് ഒരു പണി കൊടുത്തു, രാവിലെ കഴുകാതെ പോയ പ്ലേറ്റും, ഗ്ലാസ്സും അവനെകൊണ്ട് കഴുകിക്കുക! വല്യ ചിലവില്ലാത്ത കേസല്ലേ എന്നു കരുതികാണും അവന്‍ വളരെ കൂളായി ഒരു വേലക്കാരനെ പോലെ പണി തുടങ്ങി, ഞാന്‍ സപ്പോട്ട തൊലി കളയാനും നിന്നു, ആദ്യത്തെ സപ്പോട്ട എടുത്തു, നാട്ടില്‍ കിട്ടുന്നതിനേക്കാളും വലുപ്പം ഉണ്ടല്ലോ എന്നൊരു കമന്റ് പാസ്സാക്കി കത്തികൊണ്ട് ചെറിയ ഒരു കീറല്‍ കൊടുത്തു എന്നിട്ട് പതിയെ തൊലി ഇളക്കി... ഉള്ളില്‍ ഒരു പച്ച കളര്‍ കാണുന്നു എടാ നമ്മളെ പറ്റിച്ചു ഇത് പഴുത്തിട്ടില്ല! എന്നാപിന്നെ അടുത്തത് എടുത്ത് നോക്ക് അമ്മായിടെ മോന്റെ വക കമന്റ്, ഞാന്‍ അടുത്തത് എടുത്ത് തൊലികളഞ്ഞു നോക്കി അതും പച്ച! എന്നാ പിന്നെ രുചിച്ച് നോക്കാമെന്ന് കരുതി, ഹൊ! എന്തൊരു പുളിപ്പ്, ഇത് കേട്ടതും മനോജ് ചോദിച്ചു ഇത് എവിടെന്നാ? ഞാന്‍ പറഞ്ഞു ഫുഡ്പാലസ്, ഓഹോ അവിടെന്നാണോ? നോക്കട്ടെ എന്നും പറഞ്ഞ് എന്റെന്ന് സപ്പോട്ട അവന്‍ വാങ്ങി ഒന്നു മണത്ത് നോക്കി എന്നിട്ട് എന്നെം അമ്മായിടെ മോനെം നോക്കി ഒരുമാതിരി ആക്കിയുള്ള ചിരി, എന്നിട്ട് പറയുവാ എടാ പൊട്ടന്മാരെ ഇത് സപ്പോട്ട അല്ല ഇതാണ്‌ "കിവി". കിവിയോ!!! അതെന്തൂട്ട് സാധനാ!!! എന്ന് അറിയാതെ പറഞ്ഞ് പോയി, കിട്ടി മോനെ എട്ടിന്റെ പണി, എന്തായാലും കയ്യിലെ കാശുപോയി എനിയുള്ള (?) അഭിമാനം കൂടെ കളയേണ്ട എന്നു കരുതി ഇളിഞ്ഞ ചിരിയോടെ മനോജിനെ നോക്കി ഇത്രേം പറഞ്ഞ് നിര്ത്തി ... "നാളെ ഏപ്രില്‍ ഫൂള്‍ അല്ലേ? അഡ്വാന്സ്ഇ ആയി നിന്നെ ഒന്ന് പറ്റിക്കാമെന്ന് കരുതി", ഭാഗ്യത്തിന്‍ അവനത് വിശ്വസിക്കുകയും ചെയ്തു.

Thursday, April 7, 2011

മൂട്ടജീവിതം



ആടുജീവിതം ഒരു അനുഭവകഥ ആണെങ്കില്‍ എന്ത്കൊണ്ട് "മൂട്ട"ജീവിതം ഒരു അനുഭവകഥ ആയികൂടാ! ഒരുപാട് നാളത്തെ ആഗ്രഹം എനിക്കും ഒരു കഥ എഴുതണമെന്ന് പക്ഷെ സമയം തീരെ അങ്ങ് ഒത്ത് വരുന്നില്ല. ഒരു ദിവസത്തിലെ പകുതിമുക്കാലും സമയം ഓഫീസില്‍ തന്നെ, ഓഫീസ് കഴിഞ്ഞ് സഹമുറിയന്മാരെ കൂടെ റൂമിലേക്ക് യാത്ര, താമസം സ്വന്തമായി ഏര്‍പ്പാട് ചെയ്തതാണ്‌, പക്ഷെ കാര്‍ സ്വന്തമായിട്ടില്ല, ലൈസന്‍സ് വര്‍ഷങ്ങള്‍ക്ക് മുന്നെ എടുത്ത് വെച്ചിട്ടുണ്ട് (ലൈസന്‍സ് പുതുക്കാനുള്ള സമയം അടുത്ത് വരുന്നു, അതെങ്കിലും നടക്കട്ടെ) കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ളത് കൊണ്ട് ഇത്‌വരെ ഒരു കാര്‍ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അപ്പൊ പിന്നെ വല്ല കള്ള ടാക്സിയോ അല്ലെങ്കില്‍ കര്‍‌വ്വ (ഖത്തര്‍ ടാക്സി, മീറ്ററില്‍ കാണിക്കുന്ന റിയാല്‍ കൊടുത്താല്‍ മതി) യോ ആശ്രയിക്കണം. ചില സമയത്ത് ടാക്സിക്കരുമായി തല്ലുകൂടണം (താല്പര്യമുണ്ടായിട്ടല്ല), കഷ്ടപ്പെട്ട് കൈ കാണിച്ച് നിര്‍ത്തി എത്ര തരും എന്നുള്ള ചോദ്യത്തിന്റെ ആവശ്യമേ ഉള്ളു ഞങ്ങള്‍ മൂന്നും ഒരേ സ്വരത്തില്‍ 10 റിയാല്‍ (സത്യത്തില്‍ 15 റിയാല്‍ കൊടുക്കണം), നിര്‍ത്തിയത് പട്ടാണി (പാകിസ്ഥാനി) ആണെങ്കില്‍ ഒന്നുകില്‍ അയാള്‍ ഹിന്ദിയില്‍ ഞങ്ങളെ ചീത്ത വിളിച്ച് കാണും അല്ലെങ്കില്‍ ഞങ്ങള്‍ അവരെ മലയാളത്തിലും (പൊതുവെ അവരാ ഞങ്ങളെ വിളിക്കാറ് കാരണം സ്കൂളില്‍ പഠിച്ച ഹിന്ദിയെ ഞങ്ങളുടെ കയ്യിലുള്ളു), അതും അല്ല അവന്മാര്‍ തടിമാടന്മാര്‍ ആയതോണ്ട് അവര്‍ പറയുന്നതും കേട്ട് ഞങ്ങള്‍ കാറില്‍ നിന്നും ഇറങ്ങുകയും ചെയ്യും, അടുത്ത ടീം നമ്മുടെ സ്വന്തം നാട്ടുക്കാര്‍ തന്നെയാ! ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിള്ളേര്‍! ഒരു മലയാളിക്ക് മറ്റു മലയാളിയെ കണ്ണില്‍ പിടിക്കത്തില്ല എന്ന് പറയുന്നത് കേട്ടിട്ടേ ഉള്ളു പക്ഷെ ഇവിടെ വന്നപ്പോള്‍ അത് ശരിക്കും അനുഭവിച്ച് അറിയുകയും ചെയ്തു, റോഡനരികില്‍ നിന്ന് കൈ കാണിക്കുന്നത് മലയാളി ആണെന്ന് കണ്ടാല്‍ 100 സ്പീഡ് ലിമിറ്റുള്ള റോഡ് ആണെങ്കില്‍ റഡാര്‍ പോലും വകവെയ്ക്കാതെ അവന്‍ 140ല്‍ പോകും എന്നാലും നിര്‍ത്തില്ല. ഒരിക്കല്‍ ഒരു മലയാളി ടാക്സിക്കാരന് ഞങ്ങള്‍ കൈ കാണിച്ചു, ആ പഹയന്‍ നിര്‍ത്തിയത് അപ്പുറത്ത് നിന്നിരുന്ന ഒരു ഫിലിപ്പീനിയുടെ അടുത്ത് (പാവം ബ്രേക്ക് കിട്ടാഞ്ഞിട്ടാവും എന്ന് കരുതി) എന്തായാലും മനസ്സുരുകി ഞാന്‍ പ്രാകിയിട്ടുണ്ട് അതുകൊണ്ട് തന്നെയാവാം പിന്നെ ആ ടാക്സിക്കാരനെ ഇത്‌വരെയും കണ്‍ടിട്ടില്ല.

എല്ലാം കഴിഞ്ഞ് റൂമില്‍ എത്തുമ്പോള്‍ ഒരുപാട് വൈകും, പാചകം ചെയ്യാന്‍ അറിയാത്തത് കൊണ്ട് ഭക്ഷണം ഇപ്പോഴും അടുത്തുള്ള ഹോട്ടലില്‍ നിന്ന് തന്നെ, മൂന്ന് പേരും നല്ല മാന്യന്മാര്‍ (എനി എടുത്ത് പറയില്ല) ആയത്കൊണ്ട് വല്യ പ്രശ്നം ഒന്നുമില്ലാതെ ജീവിതം മുന്നോട്ട് പോകുന്നു. പക്ഷെ അങ്ങിനെ പ്രശ്നം ഒന്നുമില്ലാതെ പോവുന്നത് ഇഷ്ടപ്പെടാത്ത ഒരു കൂട്ടര്‍ കൂടെയുണ്ട് ഞങ്ങളുടെ റൂമില്‍, ഏതൊരു കഥയിലും ഒരു വില്ലന്‍ കാണുമല്ലോ? അത് ഈ കഥയിലെ വില്ലന്‍ മറ്റാരുമല്ല സാക്ഷാല്‍ "മൂട്ട" തന്നെ. പട്ടിയുടെ കടിയാണ് എനിക്ക് ഏറ്റവും പേടിയുണ്ടായിരുന്നത്, പക്ഷെ അതിപ്പൊ മാറികിട്ടി. ചോര കൊണ്ടുള്ള കളി പണ്ടുമുതലേ എനിക്കിഷ്ടമല്ല എന്തിനേറെ പറയുന്നു എന്റെ സഹമുറിയന്‍ ചോര കണ്ടാല്‍ അപ്പൊ ബോധംകെട്ട് വീഴും പക്ഷെ മൂട്ടകള്‍ക്ക് അതേ ഇഷ്ടമുള്ളു. ഒളിപ്പോരാണ്‌ അവര്‍ ഞങ്ങളുടെ അടുത്ത് പയറ്റുന്നത് എന്നിട്ട് പോലും ഞങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല അപ്പൊ നേരിട്ട് വന്നാലുള്ള അവസ്ഥ പറയെണോ? എന്തായാലും എല്ലാത്തിനെം കൊന്നിട്ട് തന്നെ ബാക്കി കാര്യം എന്നു തീരുമാനിച്ചു, ആദ്യം ഒരു കുപ്പി മൂട്ടയെക്കൊല്ലി മരുന്ന് വാങ്ങിച്ച് അര്‍മാദിച്ച് അങ്ങോട്ട് അടിച്ചു അതോടെ മൂട്ടകള്‍ക്ക് ഒന്നൂടെ ഉഷാര്‍ വെച്ചു അന്നത്തെ രാത്രി അവര്‍ ഓവര്‍ ടൈം എടുത്ത് ഞങ്ങളുടെ ചോര കുടിച്ച് വറ്റിച്ചു (സത്യത്തില്‍ മൂട്ടയെക്കൊല്ലി മരുന്നു തന്നെയാണോ? എന്നൊരു സംശയം!) ഒന്നും തന്നെ ചാവുന്നില്ല, എനി എന്ത് പരീക്ഷണം ഇവരുടെ മേല്‍ നടത്തും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ്‌ ഒരു കോള്‍ വന്നത്, അത് മറ്റാരുമല്ല ഞങ്ങളുടെ ഒരു സുഹ്യത്ത്, വിശേഷം പറച്ചിലിനിടയില്‍ ഞാന്‍ മൂട്ടയുടെ കാര്യം അവനോട് അവതരിപ്പിച്ചു, ഉടനെ തന്നെ അവന്‍ ഒരു മരുന്നിനെ കുറിച്ച് പറഞ്ഞ് തന്നു, ഓഹോ! അങ്ങിനെയും ഒരു സംഭവം ഉണ്ടോ? എന്നാല്‍ പിന്നെ അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം, സഹമുറിയന്മാരോട് ഈ കാര്യത്തെകുറിച്ച് സംസാരിച്ചപ്പോള്‍ അവരും ഓകെ പറഞ്ഞു, അങ്ങിനെ സ്പ്രേ ചെയ്യുന്ന ഒരു കുപ്പിയും പിന്നെ ആ സുഹ്യത്ത് പറഞ്ഞ മരുന്നും (?) വാങ്ങിച്ച് കൊണ്ടുവന്ന് മിക്സ് ചെയ്തു അര്‍മാദിച്ച് അങ്ങോട്ട് അടിച്ചു ഒരു അടി അപ്പോഴല്ലേ കാര്യം പിടിക്കിട്ടിയത്, പതിനാല്‍ റിയാല്‍ മുടക്കി മൂട്ടക്ക് ഉഷാര്‍ വെപ്പിച്ചു എന്നല്ലാതെ ഒരു ഗുണവും ഇല്ലാതിരുന്ന ആ മൂട്ടയെക്കൊല്ലി മരുന്നിനേക്കാളും എത്രയോ ഭേദം വെറും രണ്ട് റിയാല്‍ മുടക്കി വാങ്ങിയ ഈ മരുന്ന്. ദേ ചത്ത് മലര്‍ന്ന് കിടക്കണു ഒരു പത്ത് നൂറെണ്ണം (എന്തിനാ കുറയ്ക്കുന്നത്?) "മോനെ മനസ്സില്‍ ഒരു ലഡു പൊട്ടി, പ്ലീസ് ആ മരുന്നിന്റെ പേരൊന്ന് പറയിഷ്ട" എന്നല്ലേ ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ തോന്നിയത്? തല്‍ക്കാലം പറയാന്‍ നിവര്‍ത്തിയില്ല, കാരണം ഞങ്ങള്‍ മൂന്നു പേരും കൂടെ ഈ മരുന്ന് അടുത്ത് തന്നെ വിപണിയില്‍ എത്തിക്കാനുള്ള പ്ലാനിംഗില്‍ ആണ്. വളരെ ചിലവ്‌ കുറഞ്ഞ ഒരു സംഗതി ആയത്കൊണ്ട് ഞങ്ങള്‍ മൂന്നുപേര്‍ക്കും നൂറുവട്ടം സമ്മതം. ഈ മരുന്നു വിറ്റ് ഞങ്ങള്‍ വല്യ കാശുക്കാരൊക്കെ ആയാല്‍ ഇത്രേം നാള്‍ മൂട്ടയുടെ കടി കൊണ്ടത് സാരമില്ല എന്നു വെക്കും (അല്ല പിന്നെ). എല്ലാ പ്രവാസികള്‍ക്കും മനസ്സില്‍ സൂക്ഷിച്ച് വെക്കാന്‍ ഓരോ ഓര്‍മ്മകള്‍ ഉണ്ടായിരിക്കും അത് പോലെ തന്നെ ഞങ്ങള്‍ക്കും ഈ "മൂട്ട"ജീവിതം.