1

Pages

Thursday, April 21, 2011

ഹോട്ടലിലേക്കുള്ള വഴി



അനുഭവങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഒരുപാട് ഉണ്ടായിട്ടുണ്ടാവും അതില്‍ നല്ലതും ചീത്തയും ഉണ്ടായിരിക്കാം എന്തോ എന്റെ ജീവിതത്തില്‍ അധികവും ചീത്ത തന്നെയാ സംഭവിച്ചിട്ടുള്ളത് അതില്‍ എനിക്ക് ഒരു വിഷമവും ഇല്ല (അല്ല എനി വിഷമിച്ചിട്ട് എന്ത് കാര്യം?) കഴിഞ്ഞത് കഴിഞ്ഞു എന്നു കരുതി സമാധാനിക്കാം അല്ലെ? എങ്കിലും എന്റെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില രസകരമായ സംഭവങ്ങള്‍ ഉണ്ട്, അതില്‍ ഒന്നാണ്‌ വീടിന്റെ അടുത്തുള്ള പറമ്പന്‍സ് ഹോട്ടലിലേക്ക് ഞാനും എന്റെ മൂന്നു സുഹ്യത്തുക്കളും പോയ കഥ.

അന്ന് വൈകീട്ട് അഞ്ച് മണി ആയിക്കാണും പണിതീരാത്ത എന്റെ വീടിന്റെ മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന പൂഴിമണ്ണില്‍ ഇരിക്കുവായിരുന്നു ഞാനും കൂട്ടുകാരും, വെടിപറഞ്ഞിരിക്കാന്‍ ഒരു സുഖമല്ലേ? അതിനിടയില്‍ ഒരുത്തന്റെ വക കമന്റ് ചുമ്മ ഇരുന്നു സംസാരിക്കുമ്പോള്‍ കൊറിക്കാന്‍ വല്ലതും ഒക്കെ ഉണ്ടെങ്കില്‍ നല്ല രസമാ നീ വല്ലതും എടുത്തിട്ട് വാടാ. വിരുന്നു വരുന്നവര്‍ക്ക് കൊടുക്കാന്‍ വാങ്ങിവെച്ച ചിപ്സ് ഉമ്മ അറിയാതെ ഞാന്‍ കുറച്ച് എടുത്തോണ്ട് വന്നു, വിശപ്പിന്റെ അസുഖമുള്ള ഒരുത്തന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അതില്‍ ഒന്ന് തൊടാനുള്ള ചാന്‍സ് പോലും അവന്‍ ഞങ്ങള്‍ക്ക് തന്നില്ല കൊണ്ടുവെച്ച് നിമിഷങ്ങള്‍ക്കകം ആ പ്ലേറ്റ് മൊത്തം അവന്‍ കാലിയാക്കി തന്നു (ആ പ്ലേറ്റ് എനി കഴുകേണ്ട ആവശ്യമില്ല അത്രക്കും ക്ലീന്‍), എന്നിട്ട് പറയുവാ ഇതുകൊണ്ട് ഒന്നും തന്നെ ആയിട്ടില്ല നമുക്ക് പറമ്പന്‍സിലേക്ക് പോയാലോ എന്ന്, അതും എനിക്കിട്ട് പണിതരാന്‍ ആണെന്ന് അവന്റെ പറച്ചില്‍ കേട്ടപ്പോള്‍ മനസ്സിലായി, സാരമില്ല തല്‍ക്കാലത്തേക്ക് അടിച്ച് പൊളിക്കാനുള്ള പൈസ എന്റെ കയ്യിലുണ്ട്, വര്‍ഷത്തില്‍ ഒരിക്കല്‍ ലീവിനു വരുന്ന എനിക്ക് ഇതൊക്കെ അല്ലെ ഒരു സന്തോഷം എന്നു കരുതി ഞങ്ങള്‍ നാലുപേരും ഹോട്ടലിലേക്ക് നടന്നു.

ഹോട്ടലിലേക്ക് പോവുന്ന വഴി കൂടെ ഉണ്ടായിരുന്ന നവാസ് എന്നോട് സ്വകാര്യത്തില്‍ പറഞ്ഞു എടാ ഞാന്‍ അടിയില്‍ (കാര്യം പിടി കിട്ടിയില്ലേ? ഹ! അതന്നെ സംഭവം) ഒന്നും ഇട്ടിട്ടില്ല എന്ന്, ഞാന്‍ ചോദിച്ചു ഹൊ അടിയില്‍ ഇട്ടവര്‍ക്ക് മാത്രേ അവിടെന്ന് ഫുഡ് കിട്ടു എന്ന്? ഉത്തരം കിട്ടിയില്ല (ഞാന്‍ ചമ്മി) ഞങ്ങള്‍ പിന്നെം നടന്നു പക്ഷെ എന്റെ ചോദ്യം നല്ലപോലെ കേട്ട റഹീം (വിശപ്പുള്ളവന്‍) എന്നോട് തിരിച്ചൊരു ചോദ്യം ആരാടാ അടിയില്‍ ഒന്നും ഇടാതെ വന്നിട്ടുള്ളത് എന്ന്? എനിക്കറിയോ ഈ പഹയന്‍ വല്ലതും മനസ്സില്‍ കണ്ടിട്ടാ ചോദിച്ചതെന്ന് ഞാന്‍ പറഞ്ഞു നവാസ് ആണെന്ന്, കേള്‍ക്കേണ്ട താമസം റഹീം നവാസിന്റെ തുണി വലിച്ചൊരു ഓട്ടം, പിറന്ന പാടെ നവാസ് ഹൈവെ റോഡിനരികില്‍, പ്‌ഹാ പന്നീ! എന്നും പറഞ്ഞ് നവാസ് തുണി വാങ്ങാന്‍ റഹീമിന്റെ പിറകേ ഓടി, ഞാനും സഗീറും ഇതെല്ലാം കണ്‍ട് നല്ലപോലെ രസിച്ച് അവരുടെ പിന്നാലെയും, ഒട്ടും പ്രതീക്ഷിക്കാതെ ഒരു കൂട്ടര്‍ ഞങ്ങളുടെ പിറകില്‍ ഉണ്ടായിരുന്നു, ഒരു ശബ്ദം (നവാസിനിട്ട് ആരോ ഒന്നു പൊട്ടിച്ചതിന്റെയാ) കേട്ടപ്പോഴാ ശരിക്കും ഞങ്ങള്‍ക്ക് മനസ്സിലായത്, അത് മറ്റാരുമല്ല സാക്ഷാല്‍ പോലീസ് തന്നെ, വെടികൊണ്ട പന്നിയെ പോലെ അലറിയുള്ള ശബ്ദവും പിന്നെ ആ ശബ്ദത്തിനെ ഉടമ ഓടുന്നതും കണ്ടു, അത് മറ്റാരുമല്ല റഹീം, പോലീസ്! ഓടിക്കോടാ! പോ... എന്ന് പറയുമ്പോഴേക്കും ഞാന്‍ തിരിഞ്ഞോടി (എനിക്ക് പണ്ടു മുതലേ പോലീസ് എന്ന് കേട്ടാല്‍ വല്ലാത്തൊരു പേടിയാ!) സെഗീര്‍ ചെരുപ്പ് ഊരിയെടുത്ത് വേറൊരു വഴിക്ക്, ഓടിയോടി ഞാനും സെഗീറും ഒരേ വഴിയിലൂടെ ആയി അതിനിടയില്‍ എന്റെ മുഖത്ത് എന്തൊക്കെയോ വന്നിടിച്ചു പക്ഷെ ഞാന്‍ അത് വകവെച്ചില്ല ഓട്ടം തന്നെ ഓട്ടം, അപ്പോഴിതാ സെഗീറിന്റെ കരച്ചില്‍ "എന്നെ വിടു സാറെ, ഞാന്‍ ഒന്നും ചെയ്തിട്ടില്ല സാറെ", ഞാന്‍ ഉറപ്പിച്ചു സെഗീറിനെ പോലീസ് പൊക്കി, എനി എത്ര ഓടിയിട്ടും കാര്യമില്ല പിടി കൊടുക്കാം, ഓട്ടം നിര്‍ത്തി കരച്ചില്‍ കേട്ട ഭാഗത്തേക്ക് ഞാന്‍ ഓടിച്ചെന്നു, ഹൊ! പണ്ടാരക്കാലനെ പോലീസ് പിടിച്ചതല്ല കമ്പിവേലിയില്‍ ഷര്‍ട്ട് കുടുങ്ങിയതാ, അതിനാ ഇവന്‍ കിടന്ന് കരഞ്ഞത് ചുമ്മ മനുഷ്യനെ പേടിപ്പിചു, ഞങ്ങള്‍ക്ക് പിന്നെയും പേടി എനി പോലീസ് എങ്ങാനും പിന്നില്‍ വരുന്നുണ്ടോ എന്ന്‌... പിന്നെ മുന്നില്‍ കിണറാണോ? പുഴയാണോ? എന്നൊന്നു നോക്കിയില്ല നേരെയങ്ങ് ഓടി... ഓടികിതച്ച് ഞാനും സെഗീറും എന്റെ വീട്ടുപടിക്കല്‍ എത്തിയപ്പോ പൂരപ്പറമ്പ് പോലെ നിറയെ ആള്‍ക്കാര്‍, എനി പോലീസ് എങ്ങാനും വീട്ടിലേക്ക് ഞങ്ങളെ അന്വേഷിച്ച് വന്നോ? ആകെ കൂടെ മനസ്സില്‍ എന്തോ പോലെ, രണ്ടും കല്പ്പിച്ച് ഞാന്‍ വീട്ടിലേക്ക് കയറിച്ചെന്നു, എല്ലാവരും എന്റെ മുഖത്ത് നോക്കി ഒരേ നില്പ്പ്, കൂട്ടത്തില്‍ നിന്നിരുന്ന എന്റെ മാമന്‍ ചോദിച്ചു... എടാ! അപ്പോ നീ മരിച്ചില്ലേ?

വാല്‍ക്കഷ്ണം: നവാസ് അടിയും വാങ്ങി വളരെ മാന്യനായി അവന്റെ വീട്ടിലേക്ക് പോയി... റഹീം ഓടിയത് എന്റെ വീടിന്റെ അടുത്തൂടെ, ആ വഴി എന്റെ വീട്ടില്‍ കയറി എന്നെ പോലീസ് ഓടിച്ചെന്ന് പറയുന്നു, റഹീമിന്റെ ഓട്ടവും പരാക്രമവും കണ്ട് പിന്നാലെ വന്ന കുറച്ച് പേരില്‍ ആരോ ഒരാള്‍ പറഞ്ഞത്രേ "നീന്തല്‍ അറിയാത്ത ഈ പാവം ഞാന്‍ പുഴയിലേക്ക് ചാടുന്നത് അയാള്‍ കണ്ടെന്ന്! പോരെ? എനി വല്ലതും വേണോ എന്റെ വീട്ടുക്കാര്‍ക്കും, നാട്ടുക്കാര്‍ക്കും? ഭാഗ്യത്തിന്‌ ക്യത്യ സമയത്ത് തന്നെ ഞാന്‍ അവിടെ ഓടികിതച്ചെത്തി അല്ലെങ്കില്‍ മുങ്ങിത്തപ്പല്‍ കുലതൊഴിലായി കൊണ്ട് നടക്കുന്ന വാസുചേട്ടന്റെ കരിയറില്‍ അതൊരു മൈനസ് പൊയിന്റ് ആയേനെ.

No comments:

Post a Comment