
ആടുജീവിതം ഒരു അനുഭവകഥ ആണെങ്കില്‍ എന്ത്കൊണ്ട് "മൂട്ട"ജീവിതം ഒരു അനുഭവകഥ ആയികൂടാ! ഒരുപാട് നാളത്തെ ആഗ്രഹം എനിക്കും ഒരു കഥ എഴുതണമെന്ന് പക്ഷെ സമയം തീരെ അങ്ങ് ഒത്ത് വരുന്നില്ല. ഒരു ദിവസത്തിലെ പകുതിമുക്കാലും സമയം ഓഫീസില്‍ തന്നെ, ഓഫീസ് കഴിഞ്ഞ് സഹമുറിയന്മാരെ കൂടെ റൂമിലേക്ക് യാത്ര, താമസം സ്വന്തമായി ഏര്‍പ്പാട് ചെയ്തതാണ്, പക്ഷെ കാര്‍ സ്വന്തമായിട്ടില്ല, ലൈസന്‍സ് വര്‍ഷങ്ങള്‍ക്ക് മുന്നെ എടുത്ത് വെച്ചിട്ടുണ്ട് (ലൈസന്‍സ് പുതുക്കാനുള്ള സമയം അടുത്ത് വരുന്നു, അതെങ്കിലും നടക്കട്ടെ) കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ളത് കൊണ്ട് ഇത്‌വരെ ഒരു കാര്‍ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അപ്പൊ പിന്നെ വല്ല കള്ള ടാക്സിയോ അല്ലെങ്കില്‍ കര്‍വ്വ (ഖത്തര്‍ ടാക്സി, മീറ്ററില്‍ കാണിക്കുന്ന റിയാല്‍ കൊടുത്താല്‍ മതി) യോ ആശ്രയിക്കണം. ചില സമയത്ത് ടാക്സിക്കരുമായി തല്ലുകൂടണം (താല്പര്യമുണ്ടായിട്ടല്ല), കഷ്ടപ്പെട്ട് കൈ കാണിച്ച് നിര്‍ത്തി എത്ര തരും എന്നുള്ള ചോദ്യത്തിന്റെ ആവശ്യമേ ഉള്ളു ഞങ്ങള്‍ മൂന്നും ഒരേ സ്വരത്തില്‍ 10 റിയാല്‍ (സത്യത്തില്‍ 15 റിയാല്‍ കൊടുക്കണം), നിര്‍ത്തിയത് പട്ടാണി (പാകിസ്ഥാനി) ആണെങ്കില്‍ ഒന്നുകില്‍ അയാള്‍ ഹിന്ദിയില്‍ ഞങ്ങളെ ചീത്ത വിളിച്ച് കാണും അല്ലെങ്കില്‍ ഞങ്ങള്‍ അവരെ മലയാളത്തിലും (പൊതുവെ അവരാ ഞങ്ങളെ വിളിക്കാറ് കാരണം സ്കൂളില്‍ പഠിച്ച ഹിന്ദിയെ ഞങ്ങളുടെ കയ്യിലുള്ളു), അതും അല്ല അവന്മാര്‍ തടിമാടന്മാര്‍ ആയതോണ്ട് അവര്‍ പറയുന്നതും കേട്ട് ഞങ്ങള്‍ കാറില്‍ നിന്നും ഇറങ്ങുകയും ചെയ്യും, അടുത്ത ടീം നമ്മുടെ സ്വന്തം നാട്ടുക്കാര്‍ തന്നെയാ! ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിള്ളേര്‍! ഒരു മലയാളിക്ക് മറ്റു മലയാളിയെ കണ്ണില്‍ പിടിക്കത്തില്ല എന്ന് പറയുന്നത് കേട്ടിട്ടേ ഉള്ളു പക്ഷെ ഇവിടെ വന്നപ്പോള്‍ അത് ശരിക്കും അനുഭവിച്ച് അറിയുകയും ചെയ്തു, റോഡനരികില്‍ നിന്ന് കൈ കാണിക്കുന്നത് മലയാളി ആണെന്ന് കണ്ടാല്‍ 100 സ്പീഡ് ലിമിറ്റുള്ള റോഡ് ആണെങ്കില്‍ റഡാര്‍ പോലും വകവെയ്ക്കാതെ അവന്‍ 140ല്‍ പോകും എന്നാലും നിര്‍ത്തില്ല. ഒരിക്കല്‍ ഒരു മലയാളി ടാക്സിക്കാരന് ഞങ്ങള്‍ കൈ കാണിച്ചു, ആ പഹയന്‍ നിര്‍ത്തിയത് അപ്പുറത്ത് നിന്നിരുന്ന ഒരു ഫിലിപ്പീനിയുടെ അടുത്ത് (പാവം ബ്രേക്ക് കിട്ടാഞ്ഞിട്ടാവും എന്ന് കരുതി) എന്തായാലും മനസ്സുരുകി ഞാന്‍ പ്രാകിയിട്ടുണ്ട് അതുകൊണ്ട് തന്നെയാവാം പിന്നെ ആ ടാക്സിക്കാരനെ ഇത്‌വരെയും കണ്‍ടിട്ടില്ല.
എല്ലാം കഴിഞ്ഞ് റൂമില്‍ എത്തുമ്പോള്‍ ഒരുപാട് വൈകും, പാചകം ചെയ്യാന്‍ അറിയാത്തത് കൊണ്ട് ഭക്ഷണം ഇപ്പോഴും അടുത്തുള്ള ഹോട്ടലില്‍ നിന്ന് തന്നെ, മൂന്ന് പേരും നല്ല മാന്യന്മാര്‍ (എനി എടുത്ത് പറയില്ല) ആയത്കൊണ്ട് വല്യ പ്രശ്നം ഒന്നുമില്ലാതെ ജീവിതം മുന്നോട്ട് പോകുന്നു. പക്ഷെ അങ്ങിനെ പ്രശ്നം ഒന്നുമില്ലാതെ പോവുന്നത് ഇഷ്ടപ്പെടാത്ത ഒരു കൂട്ടര്‍ കൂടെയുണ്ട് ഞങ്ങളുടെ റൂമില്‍, ഏതൊരു കഥയിലും ഒരു വില്ലന്‍ കാണുമല്ലോ? അത് ഈ കഥയിലെ വില്ലന്‍ മറ്റാരുമല്ല സാക്ഷാല്‍ "മൂട്ട" തന്നെ. പട്ടിയുടെ കടിയാണ് എനിക്ക് ഏറ്റവും പേടിയുണ്ടായിരുന്നത്, പക്ഷെ അതിപ്പൊ മാറികിട്ടി. ചോര കൊണ്ടുള്ള കളി പണ്ടുമുതലേ എനിക്കിഷ്ടമല്ല എന്തിനേറെ പറയുന്നു എന്റെ സഹമുറിയന്‍ ചോര കണ്ടാല്‍ അപ്പൊ ബോധംകെട്ട് വീഴും പക്ഷെ മൂട്ടകള്‍ക്ക് അതേ ഇഷ്ടമുള്ളു. ഒളിപ്പോരാണ് അവര്‍ ഞങ്ങളുടെ അടുത്ത് പയറ്റുന്നത് എന്നിട്ട് പോലും ഞങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല അപ്പൊ നേരിട്ട് വന്നാലുള്ള അവസ്ഥ പറയെണോ? എന്തായാലും എല്ലാത്തിനെം കൊന്നിട്ട് തന്നെ ബാക്കി കാര്യം എന്നു തീരുമാനിച്ചു, ആദ്യം ഒരു കുപ്പി മൂട്ടയെക്കൊല്ലി മരുന്ന് വാങ്ങിച്ച് അര്‍മാദിച്ച് അങ്ങോട്ട് അടിച്ചു അതോടെ മൂട്ടകള്‍ക്ക് ഒന്നൂടെ ഉഷാര്‍ വെച്ചു അന്നത്തെ രാത്രി അവര്‍ ഓവര്‍ ടൈം എടുത്ത് ഞങ്ങളുടെ ചോര കുടിച്ച് വറ്റിച്ചു (സത്യത്തില്‍ മൂട്ടയെക്കൊല്ലി മരുന്നു തന്നെയാണോ? എന്നൊരു സംശയം!) ഒന്നും തന്നെ ചാവുന്നില്ല, എനി എന്ത് പരീക്ഷണം ഇവരുടെ മേല്‍ നടത്തും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ഒരു കോള്‍ വന്നത്, അത് മറ്റാരുമല്ല ഞങ്ങളുടെ ഒരു സുഹ്യത്ത്, വിശേഷം പറച്ചിലിനിടയില്‍ ഞാന്‍ മൂട്ടയുടെ കാര്യം അവനോട് അവതരിപ്പിച്ചു, ഉടനെ തന്നെ അവന്‍ ഒരു മരുന്നിനെ കുറിച്ച് പറഞ്ഞ് തന്നു, ഓഹോ! അങ്ങിനെയും ഒരു സംഭവം ഉണ്ടോ? എന്നാല്‍ പിന്നെ അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം, സഹമുറിയന്മാരോട് ഈ കാര്യത്തെകുറിച്ച് സംസാരിച്ചപ്പോള്‍ അവരും ഓകെ പറഞ്ഞു, അങ്ങിനെ സ്പ്രേ ചെയ്യുന്ന ഒരു കുപ്പിയും പിന്നെ ആ സുഹ്യത്ത് പറഞ്ഞ മരുന്നും (?) വാങ്ങിച്ച് കൊണ്ടുവന്ന് മിക്സ് ചെയ്തു അര്‍മാദിച്ച് അങ്ങോട്ട് അടിച്ചു ഒരു അടി അപ്പോഴല്ലേ കാര്യം പിടിക്കിട്ടിയത്, പതിനാല്‍ റിയാല്‍ മുടക്കി മൂട്ടക്ക് ഉഷാര്‍ വെപ്പിച്ചു എന്നല്ലാതെ ഒരു ഗുണവും ഇല്ലാതിരുന്ന ആ മൂട്ടയെക്കൊല്ലി മരുന്നിനേക്കാളും എത്രയോ ഭേദം വെറും രണ്ട് റിയാല്‍ മുടക്കി വാങ്ങിയ ഈ മരുന്ന്. ദേ ചത്ത് മലര്‍ന്ന് കിടക്കണു ഒരു പത്ത് നൂറെണ്ണം (എന്തിനാ കുറയ്ക്കുന്നത്?) "മോനെ മനസ്സില്‍ ഒരു ലഡു പൊട്ടി, പ്ലീസ് ആ മരുന്നിന്റെ പേരൊന്ന് പറയിഷ്ട" എന്നല്ലേ ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ തോന്നിയത്? തല്‍ക്കാലം പറയാന്‍ നിവര്‍ത്തിയില്ല, കാരണം ഞങ്ങള്‍ മൂന്നു പേരും കൂടെ ഈ മരുന്ന് അടുത്ത് തന്നെ വിപണിയില്‍ എത്തിക്കാനുള്ള പ്ലാനിംഗില്‍ ആണ്. വളരെ ചിലവ് കുറഞ്ഞ ഒരു സംഗതി ആയത്കൊണ്ട് ഞങ്ങള്‍ മൂന്നുപേര്‍ക്കും നൂറുവട്ടം സമ്മതം. ഈ മരുന്നു വിറ്റ് ഞങ്ങള്‍ വല്യ കാശുക്കാരൊക്കെ ആയാല്‍ ഇത്രേം നാള്‍ മൂട്ടയുടെ കടി കൊണ്ടത് സാരമില്ല എന്നു വെക്കും (അല്ല പിന്നെ). എല്ലാ പ്രവാസികള്‍ക്കും മനസ്സില്‍ സൂക്ഷിച്ച് വെക്കാന്‍ ഓരോ ഓര്‍മ്മകള്‍ ഉണ്ടായിരിക്കും അത് പോലെ തന്നെ ഞങ്ങള്‍ക്കും ഈ "മൂട്ട"ജീവിതം.
No comments:
Post a Comment