1

Pages

Sunday, May 1, 2011

കോട്ടയത്തേക്കൊരു "ഫ്രീ" യാത്ര



ഏത് വര്‍ഷമെന്ന് ക്യത്യമായി ഓര്‍മയില്ല എങ്കിലും ഒരുകാര്യം നല്ലപോലെ ഓര്‍മയിലുണ്ട് ആ വര്‍ഷം എന്റെ വീടിനടുത്തുള്ള ഒരു പെണ്‍കൊച്ച് ഡിഗ്രിക്ക് പഠിച്ചിരുന്നു, അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്നത് ആ കൊച്ചിന്റെ ഒരു ഹോബിയാ, എന്നാപിന്നെ അതിരാവിലെ തന്നെ ആ കൊച്ചിന്റെ വായില്‍ നോക്കുന്ന പണി ഞങ്ങളും ഒരു ഹോബിയാക്കി, അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പ്രായം ചെന്ന ഒരു കോഴി (ഓറിജിനല്‍ അല്ല) ഉണ്ടായിരുന്നു (സോറി, പേര് ഇവിടെ പറയാന്‍ നിര്‍‌വാഹമില്ല) പുള്ളി ഇടയ്ക്കിടെ പറയാറുണ്ട് നല്ല തടിമിടുക്കുള്ളവരെയാ പെണ്ണുങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്ന് (ശരിയാണോ? ആര്‍ക്കറിയാം), അതുകൊണ്ട് തന്നെ ഞങ്ങളുടെ തടി (മൂന്നെണ്ണത്തിനേയും ഒരുമിച്ചിട്ട് തൂക്കിയാല്‍ പോലും നൂറുകിലോ കാണത്തില്ല) ആ കൊച്ചിനെ കാണിക്കാന്‍ വേണ്ടി മാത്രം കാലത്തെഴുന്നേറ്റ് ഓടലും, ചാടലും ഞങ്ങള്‍ പതിവാക്കി, ആ പരിസരത്ത് നായ്ക്കളുടെ ശല്യമുള്ളത് കൊണ്ട് ഞാനങ്ങിനെ ഒറ്റയ്ക്കൊന്നും ഓടാന്‍ പോവാറില്ല ആരെങ്കിലുമൊക്കെ കൂടെ കൂട്ടും, ഒരു ദിവസം ഓടുന്ന സമയം ഒരു ലൊക്കട (തല്ലിപ്പൊളി) സ്കൂട്ടര്‍ ഞങ്ങളുടെ അടുത്ത് കൊണ്ടുവന്ന് നിര്‍ത്തി, പത്രക്കാരന്‍ വര്‍ഗീസ് ചേട്ടായി ആയിരുന്നു അത്, എന്താ ചേട്ടായി എന്നുമില്ലാത്ത ഒരു സ്റ്റോപ്പിടല്‍ ഇവിടെ? ഹാ നിങ്ങളെ കണ്ടിട്ട് തന്നെയാ ഞാന്‍ നിര്‍ത്തിയത്, എന്തൊക്കെയാ പിള്ളേരെ വിഷേശങ്ങള്‍? പിന്നെ ഒരു കാര്യം കൂടെ നിങ്ങള്‍ക്ക് "ഫ്രീ" ആയിട്ട് ടൂര്‍ പോവാന്‍ ഇഷ്ടമുണ്ടോ? അതെന്നാ ചോദ്യമാ ചേട്ടായി, ഇഷ്ടമുണ്ടെന്നോ? അതേയുള്ളു ഇപ്പൊ ഇഷ്ടം (ഫ്രീ എന്നുകേട്ടപ്പോഴേ ഞങ്ങളുടെ ഇഷ്ടം വല്ലാതെയങ്ങ് കൂടി), എങ്കില്‍ പോവാന്‍ ഒരുങ്ങിക്കോ, നിങ്ങള്‍ക്ക് പോവുമ്പോള്‍ ഇടാനുള്ള ഡ്രസ്സും എടുത്തോണ്ട് വരാമെന്ന് പറഞ്ഞ് വര്‍ഗീസ് ചേട്ടായി തിരികെ പോയി, ഒരു ചിലവും ഇല്ലാതെ അതും ഡ്രസ്സും തന്ന് നമ്മളെ ടൂര്‍ കൊണ്ടുപോവാന്‍ അങ്ങേര്‍ക്ക് വല്ല വട്ടും ഉണ്ടോടാ? ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു, അതെന്തെങ്കിലും ആകട്ടെ നമുക്ക് എന്തായാലും പോവാം ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി, അതോടപ്പം ഞങ്ങള്‍ മുന്നുപേരും ഒരു പ്രതിജ്ഞയും എടുത്തു (ടൈം വെയ്സ്റ്റ് അല്ലാതൊരു ഗുണവുമില്ല) ഈ കാര്യം ഞങ്ങള്‍ അല്ലാതെ മറ്റാരും അറിയാന്‍ പാടില്ല എന്ന്.

ഞങ്ങള്‍ അവിടെ കാത്ത് നിന്നു, കുറച്ച് നേരത്തിനു ശേഷം വര്‍ഗീസ് ചേട്ടായി ഒരു കവറുമായി വന്നു എന്നിട്ട് 300 രൂപയും പിന്നെ ആ കവറും എന്റേല്‍ തന്നിട്ട് പറഞ്ഞു നിങ്ങള്‍ക്ക് മുന്നുപേര്‍ക്കുമുള്ള ഷര്‍ട്ടും, പാന്റും ഇതിനകത്തുണ്ട്, ഇതിട്ടോണ്ട് 8 മണി ആവുമ്പോഴേക്കും ചാവക്കാട് സെന്ററിലേക്ക് പോരെ ഞാന്‍ അവിടെ കാണുമെന്നും പറഞ്ഞ ചേട്ടായി തിരികെ പോയി, ആദ്യം തന്നെ 300 രൂപ ഞങ്ങള്‍ പങ്കിട്ടെടുത്തു (ഞങ്ങള്‍ക്ക് ചിലനേരത്ത് ഞങ്ങളെത്തന്നെ തീരെ വിശ്വാസമില്ല) ആകെ കൂടെ കുറച്ച് സമയമേ ഉള്ളു എനി, പിന്നെ പാന്റും, ഷര്‍ട്ടുമെടുത്ത് നേരേ വീട്ടിലേക്ക് വെച്ചുപിടിച്ചു അവര്‍ അവരവരുടെ വീട്ടിലേക്കും, 2 ബക്കറ്റ് വെള്ളം കൊണ്ട് കുളി പാസാക്കി (ഞാനൊരു ബാത്ത്‌റൂം സിംഗറാ! അതുകൊണ്ട് തന്നെ അടുത്ത വീട്ടിലെ കൊച്ചിന്‌ ഇന്നെന്റെ പാട്ടു കേള്‍ക്കാന്‍ ഭാഗ്യമില്ല), നേരേ അടുക്കളയിലേക്ക് ചുട്ടുവെച്ചിരിക്കുന്ന ഒരു നൂല്‍‌പുട്ടെടുത്ത് (ഇടിയപ്പം എന്നൊക്കെ പറയും, അതുതന്നെ സംഭവം) നേരേയങ്ങോട്ട് വായിലേക്ക് തള്ളിക്കയറ്റി എന്നിട്ട് കുറച്ച് പഞ്ചസാരയും വാരി വായിലേക്കിട്ടും അങ്ങിനെ ബ്രേക്ക്‌ഫാസ്റ്റ് പരിപാടിയും കഴിഞ്ഞു, എനി അടുത്തത് ഡ്രസ്സിംഗ് ആണ്‌... കവര്‍ തുറന്ന് നോക്കി നല്ല വൈറ്റ് കളര്‍ ഷര്‍ട്ട്, കൊള്ളാം എനിക്കിഷ്ടായി... ഷര്‍ട്ടെടുത്ത് ഒന്ന് കുടഞ്ഞ് ഇട്ടുനോക്കി പടച്ചോനെ! പണിപാളി ഇത് ഏതോ ഒരു അപ്പൂപ്പന്റെയാ വേണേല്‍ എന്നെപോലെ രണ്ട് പേരെകൂടെ അതിനുള്ളിലേക്ക് കയറ്റാം എനിയെന്ത് ചെയ്യും? വേറെ നിവര്‍ത്തിയില്ല ഇതുതന്നെയിടാം, അടുത്തത് പാന്റ് (തെറ്റിദ്ധരിക്കെണ്ട ആദ്യം ഇടേണ്ടതൊക്കെ ഇട്ടിട്ടുണ്ട്) ഇട്ടു നോക്കി... ഇതിലും ഭേദം ലുങ്കിയെടുക്കുന്നതാ അത്രക്കും ലൂസ് കാലിന്റെ നീളത്തേക്കാളും ഉണ്ട് പാന്റിന്റെ നീളം, തല്‍ക്കാലം കത്രിയെടുത്ത് പാന്റിന്റെ 2 കാലും വെട്ടി നീളം അങ്ങ് കുറച്ചു എന്നിട്ട് പിന്നേം ഇട്ടുനോക്കി ഇപ്പോ കുഴപ്പമില്ല ബാലന്‍സ് വന്ന ഭാഗം വളരെ തന്ത്രപൂര്‍‌വ്വം മടക്കിയും വെച്ചു ഞാന്‍ ഹാപ്പിയായി. അടുത്ത പ്രശ്നം എന്റെ അരവണ്ണ‌വും പാന്റിന്റെ അരവണ്ണ‌‌വും തീരെയങ്ങ് മാച്ച് ആകുന്നില്ല, അപ്പോഴാണ്‌ ഹാങ്ങറില്‍ തൂങ്ങികളിക്കുന്ന ഫൈസല്‍ക്കാടെ ബെല്‍റ്റ് എന്റെ കണ്ണില്‍‌പ്പെട്ടത് പിന്നെ ഒന്നും നോക്കിയില്ല അതെടുത്ത് രണ്ടര തവണ (എന്നിട്ടും ബാക്കി) ചുറ്റിയപ്പോള്‍ ആ കാര്യവും ഓകെ, മുടി ചീകാന്‍ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നപ്പോള്‍ "വീര്‍പ്പിച്ച ബലൂണിനു നടുവില്‍ കയറുകൊണ്ട് കെട്ടിയ പോലെയുണ്ട്" എന്നെ കാണാന്‍... എനിയും എന്നെതന്നെ നോക്കി നിന്നാല്‍ കാര്യങ്ങള്‍ ഒന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ബാഗും എടുത്ത് ഉമ്മച്ചിയോട് യാത്രപറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി, പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരുകാര്യം എനിക്ക് മനസ്സിലായി എന്നെക്കാളും മഹാബോറന്മാര്‍ രണ്ടെണ്ണം കൂടെയുണ്ടെന്ന്, അതില്‍ ഒരുത്തന്റെ നില്‍‌പ്പ് ശരിക്കും "എന്താ കരിങ്കണ്ണാ അഭിപ്രായം" എന്ന ബോര്‍ഡും തൂക്കി വീട്ടുമുറ്റത്ത് വെക്കുന്ന നോക്കുകുത്തിയെ പോലെ, വല്ലതും പറയാന്‍ പറ്റുവോ ഞാന്‍ അതിനേക്കാളും അലമ്പനായി (തല്ലിപ്പൊളി) ആയി നിക്കുവല്ലേ! എന്തായാലും ഒരു ഓട്ടോ വിളിച്ച് നേരേ ചാവക്കാട് സെന്ററിലേക്ക് പോയി, അവിടെ എത്തിയപ്പോള്‍ മൂന്ന് ടൂറിസ്റ്റ് ബസ് ഞങ്ങളേയും കാത്ത് കിടക്കുന്നു, ആദ്യം കണ്ട ബസിലേക്ക് ഞാന്‍ ചാടിക്കയറി (ചാടിക്കയറല്‍ എന്റെയൊരു ഹോബിയാ) അതേ സ്പീഡില്‍ തന്നെ തിരിച്ചു ചാടിയിറങ്ങി എന്നിട്ട് രമേഷിനേയും, ഷാജിയേയും ഒന്നു തുറിച്ച് നോക്കി എന്നിട്ട് പതുക്കെ ചോദിച്ചു "ആരാടാ നമ്മുടെ ടൂര്‍ പരിപാടി നാടു മുഴുവന്‍ പാട്ടാക്കിയതെന്ന്‌" (ബസിനുള്ളില്‍ സുബൈര്‍, മുജീബ്, നവാസ്, റഹീം, ഷെജീര്‍ എന്തിനേറെ പറയുന്നു രണ്ടാം കെട്ടുകെട്ടിയ മജീദ്ക്ക വരെയുണ്ട്), അവര്‍ രണ്ട് പേരും കൈമലര്‍ത്തി കൂട്ടത്തില്‍ ഞാനും കൈമലര്‍ത്തി കാണിച്ചു (അല്ലെങ്കില്‍ ആ പൊട്ടന്മാര്‍ എന്നെ തെറ്റിദ്ധരിച്ചാലോ), ആ കേറ് കേറ്... വര്‍ഗീസ് ചേട്ടായി പറഞ്ഞു, ഞങ്ങള്‍ മൂന്നുപേരും കയറിയിരുന്നു, എന്നാലും ഞങ്ങളോട് പറയാതെ പോവാമെന്ന് കരുതിയല്ലേ? സുബൈറിന്റെ വക കമന്റ്, ഞാനൊന്നും പറയാന്‍ പോയില്ല (തെറ്റ് ഞങ്ങളുടെ ഭാഗത്താണല്ലോ), ഞാന്‍ ചോദിച്ചു എനി ആരെങ്കിലും വരാനുണ്ടോ? കൂയ്... കൂയ്... പിറകില്‍ നിന്നും ഏതോ ഒരു കുറുക്കന്റെ മോന്‍ (?) കൂവി... വര്‍ഗീസ് ചേട്ടന്‍ ബസിലേക്ക് ചാടിക്കയറി എന്നിട്ട് പറഞ്ഞു മക്കളെ ഇപ്പൊ കൂവിക്കോ പക്ഷെ അവിടെ എത്തിയാല്‍ ദയവ്‌ചെയ്ത് എല്ലാവരും ഡീസന്റ് ആയിരിക്കണം, എന്നെ നാറ്റിക്കരുത്, അത് കേള്‍ക്കേണ്ട താമസം നേരത്തെ കൂവിയോന്‍ ഒന്നൂടെ ഉച്ചത്തില്‍ കൂവി അവന്റെ കഴിവ് തെളിയിച്ചു, ഫ്രീ ടൂറില്‍ ഇതൊക്കെ ഉള്‍പ്പെടും എന്നുള്ള മട്ടില്‍ ഞാന്‍ മിണ്ടാതെ ഇരുന്നു. (അപ്പോഴും മനസ്സില്‍ വര്‍ഗീസ് ചേട്ടായിക്ക് എന്തുപറ്റി എന്നുള്ള ചിന്ത മാത്രമായിരുന്നു) ബസ് പുറപ്പെടാനുള്ള സമയം ആയി വര്‍ഗീസ് ചേട്ടായിടെ വക അവസാന കമന്റ്... "കോട്ടയത്ത് എത്തിയിട്ട് എല്ലാവര്‍ക്കും തൊപ്പിയും, കൊടിയും തരുന്നതായിരിക്കും"... കൊടിയോ???? ഞാന്‍ എഴുന്നേറ്റ് നിന്ന് ഉറക്കെ ചോദിച്ചു... അതെ കൊടി തന്നെ നീ ഇത്‌വരെയും കൊടി കണ്ടിട്ടില്ലേ? കൊടിയൊക്കെ കണ്ടിട്ടുണ്ട് എന്നാലും ടൂറിന്‌ പോവുമ്പോള്‍ അതൊക്കെയെന്തിനാ? സുബൈര്‍ എന്നെ അവിടെ പിടിച്ചിരുത്തി എന്നിട്ട് ചോദിച്ചു "അപ്പോള്‍ നീ എങ്ങോട്ടെന്ന് കരുതിയാ ഈ ബാഗും തൂക്കി പോന്നത്?" ഫ്രീ ടൂറിന്‌... അയ്യെടാ ടൂറോ...? ഇത് കോട്ടയത്ത് സംസ്ഥാന സമ്മേളനം (ഏത് പാര്‍ട്ടിയുടേതാണെന്ന് മാത്രം ചോദിക്കരുത്) നടക്കുന്ന സ്ഥലത്തേക്ക് പോകുന്ന ബസ്സാ! അണികളുടെ എണ്ണം കൂട്ടാന്‍ വേണ്ടി എന്നെയും നിന്നെയും ഒക്കെ വര്‍ഗീസ് ചേട്ടായി പൈസയും, ഡ്രസ്സും തന്ന് ഇതിലേക്ക് പിടിച്ചിട്ടെന്ന് മാത്രം തല്‍ക്കാലം അറിഞ്ഞാല്‍ മതി. ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായ ഞാന്‍ ഇതിലും കൂടുതല്‍ എനിയെന്ത് അറിയാന്‍... എനി അവിടെ പോയി കൊടിപിടിക്കണം, വെയിലും കൊണ്ട് നടക്കണം, മനസ്സില്‍ തോന്നിയ വിഷമം ആരോടും പറയാതെ ബാഗും കെട്ടിപിടിച്ച് ഞാന്‍ ഒരുഭാഗത്തേക്ക് ഒതുങ്ങിയിരുന്നു.

No comments:

Post a Comment