1

Pages

Tuesday, May 10, 2011

എന്റെ ആദ്യത്തെ സമരം



ഞാന്‍ പത്താം തരത്തില്‍ പഠിക്കുന്ന കാലം, അന്നൊക്കെ എന്നെ കണ്ടാല്‍ പത്തില്‍ പഠിക്കുന്ന പയ്യനാണെന്ന് കണ്ടാല്‍ കൂടെ ആരും പറയത്തില്ല, സ്കൂളിനടുത്ത് തന്നെയാ എന്റെ വീട്, അതുകൊണ്ട് തന്നെ ക്ലാസ്സ് കട്ടുചെയ്ത് സിനിമയ്ക്ക് പോവുന്ന പരിപാടി ഒന്നും നടക്കത്തില്ല എനിയെങ്ങാനും നടത്തിയാല്‍ സ്കൂള്‍ കഴിഞ്ഞ് പോവുന്ന വഴിക്ക് ടീച്ചര്‍മാര്‍ വീട്ടില്‍ കയറി ഞാന്‍ കട്ടിയ കാര്യം എരിവും, പുളിയും ചേര്‍ത്ത് ചോര്‍ത്തികൊടുക്കും പിന്നെ ഉപ്പച്ചിയുടെ വക ചൂരല്‍ പ്രയോഗവും ഉമ്മച്ചിയുടെ വക ഉപദേശ പ്രയോഗവും, ഒന്നോര്‍ക്കുമ്പോള്‍ ഉപ്പച്ചിയുടെ ചൂരല്‍ പ്രയോഗം തന്നെയാ നല്ലത്, അതാവുമ്പോള്‍ കുറച്ച് നേരത്തെ വേദനയേ കാണു മറ്റേത് അങ്ങിനെയല്ല ഒരുമാതിരി എന്തോ പോലെയാ ഒന്നിനും ഒരു ഉഷാര്‍ കാണത്തില്ല, എന്തിനേറെ പറയുന്നു നേരാവണ്ണം ഒന്ന് ഉറങ്ങാന്‍ പറ്റുവോ? യെവിടെ? അതുകൊണ്ട് ഉമ്മച്ചിയോട് ഞാന്‍ പലപ്പോഴും പറയാറുണ്ട് എന്നെ വേണേല്‍ ഉലക്ക കൊണ്ട് തല്ലികൊന്നോ എന്നാലും ഉപദേശിക്കല്ലെയെന്ന്, എന്റെ അറിവില്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഉമ്മച്ചി എന്നെ തല്ലികൊല്ലുമോ? എന്തായാലും രണ്ടുപേരുടെയും ഈ പ്രയോഗങ്ങള്‍ക്ക് ഒരു ചാന്‍സ് കൊടുക്കാതെ ഞാന്‍ നല്ല പയ്യനായി നടന്നിരുന്ന കാലം. ഒന്നുമുതല്‍ ഒമ്പതുവരെ ഇടകലര്‍ന്ന പഠിത്തം (ആണും, പെണ്ണും) ആയിരുന്നു, സയാമീസ് ഇരട്ടകളെ പോലെ ഒരു തലയും രണ്ട് ഉടലും ആയി നടന്നിരുന്ന ഞങ്ങളെ വേര്‍പ്പെടുത്താന്‍ തന്നെ പി.ടി.എ തീരുമാനിച്ചു ആണുങ്ങള്‍ക്ക് ഒരു ക്ലാസ്സും പെണ്ണുങ്ങള്‍ക്ക് വേറൊരു ക്ലാസ്സും, ഒമ്പതില്‍ എന്റെ കൂടെ പഠിച്ചിരുന്ന റുക്മിണിക്കും, സൗദാമിനിക്കും ഈ ഒരു മാറ്റം വല്യൊരു ഷോക്കായി മാറി അതിലേറെ എനിക്കും, ഈ ഒരു കാരണം കൊണ്ട് എന്റെ പഠിത്തം ഇവിടെ വെച്ച് നിര്‍ത്തിയാലോ എന്നുവരെ ചിന്തിച്ചു പിന്നെ കരുതും എന്തിനാ വെറുതെ ഉപ്പച്ചിയെകൊണ്ട് പുതിയ ചൂരലിന്റെ പൈസ കളയിക്കുന്നതെന്ന് കാരണം പുള്ളിക്കാരന്‍ തല്ലാന്‍ തുടങ്ങിയാല്‍ പിന്നെ ആ ചൂരല്‍ ഒടിയാതെ അതില്‍ നിന്നും പിന്മാറത്തില്ല. ഒരു ദിവസം എവിടെയോ ആരുടെയോ എന്തോ എപ്പോഴോ... സത്യത്തില്‍ സംഭവം എന്താണെന്ന് എനിക്കിപ്പോഴും അറിയത്തില്ല സ്കൂളില്‍ സമരം നടത്താന്‍ അവിടെത്തെ ചോട്ടാ നേതാക്കള്‍ തീരുമാനിച്ചു. തീരുമാനിക്കുന്ന സമയം ഒന്നാമനായി ഞാന്‍ അവിടെ ഉണ്ടായിപോയി എന്നൊരു തെറ്റ് അറിയാതെ ഞാന്‍ ചെയ്തു പോയി (എങ്ങിനെയെങ്കിലും ഇന്നത്തെ ദിവസം ക്ലാസ്സ് നടക്കാന്‍ പാടില്ല അത്രേ ഉണ്ടായിരുന്നുള്ളു), അന്നത്തെ ദിവസം ആദ്യത്തെ പിരീഡ് ക്ലാസ്സ് എടുക്കാന്‍ ടീച്ചര്‍ വന്നു. ഗുഡ്മോര്‍ണിംഗ് ടീച്ചര്‍... ഗുഡ്മോര്‍ണിംഗ് ഗുഡ്മോര്‍ണിംഗ്... ഇന്നലെ പറഞ്ഞതൊക്കെ പഠിച്ച് വന്നിട്ടുണ്ടല്ലോ? പഠിച്ച് വന്നവര്‍ ആണെന്ന് തോന്നണു ടീച്ചര്‍ ചോദിച്ച അതേ സ്പീഡില്‍ മറുപടി കൊടുത്തു, പഠിക്കാത്തോണ്ട് ഞാന്‍ മറുപടി കൊടുക്കാന്‍ പോയില്ല, അല്ല പിന്നെ... ക്ലാസ്സില്‍ അവസാനത്തെ ബെഞ്ചില്‍ ആയത്കൊണ്ട് സമരക്കാര്‍ എത്തും‌വരെ എങ്ങിനെയെങ്കിലും പിടിച്ച് നില്‍ക്കാം കാരണം ആദ്യ ബെഞ്ച് മുതല്‍ ചോദിച്ച് വരണ്ടേ... പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളും തട്ടിതെറിപ്പിച്ച് കൊണ്ട് തുടക്കം എന്നില്‍ നിന്നും തന്നെ ആവട്ടെ എന്നു ടീച്ചര്‍ പറഞ്ഞു, ഞാന്‍ എഴുന്നേറ്റ് നിന്നു ഒന്നു ചിരിച്ച് കാണിച്ചു, എന്തേ എന്റെ ചോദ്യം കേട്ടില്ലെ? കേട്ടു നല്ല ക്ലിയര്‍ ആയിത്തന്നെ കേട്ടു പക്ഷെ ഉത്തരം മറന്നു ടീച്ചറെ എന്നിട്ട് കണ്ണൊന്ന് തുടച്ച് കാണിച്ചു. സഹതാപം കൊണ്ട് ഇരുന്നോളാന്‍ പറയുമെന്ന് കരുതി പക്ഷെ അതെന്തായാലും അത് നടന്നില്ല അതിനു പകരം എന്നോട് ബെഞ്ചിന്റെ മുകളില്‍ കയറി നില്‍ക്കാന്‍ കല്‍‌പ്പിച്ചു. മറുത്തൊന്നും പറയാതെ ടീച്ചര്‍ പറഞ്ഞത് അതേപടി ഞാന്‍ അനുസരിച്ചു. അടുത്തവനോടായി ചോദ്യം... എന്റെ അതേ പാത അവനും പിന്തുടര്‍ന്നു, പിന്നെ എല്ലാം ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്ത പോലെ എന്റെ അതേ സ്റ്റൈല്‍ ബെഞ്ചിന്റെ മുകളില്‍ കയറി നിന്നു അതുകൊണ്ട് തന്നെ ബാലന്‍സ് ലെവല്‍ ഓകെയായി എനി ബെഞ്ച് മറിഞ്ഞ് വീഴത്തില്ല. ആ സമയത്താണ്‌ സമരക്കാരുടെ വരവ് സമരത്തിന്‌ ആളെകൂട്ടാനുള്ള പരിപാടിയാ, ഞാന്‍ പറഞ്ഞു ടീച്ചറെ ദേ അലി... (ക്യത്യ സമയത്ത് തന്നെ പഹയന്‍ വന്നു) ടീച്ചര്‍ തിരിഞ്ഞ് നോക്കി എന്നിട്ട് ചോദിച്ചു... എന്താ അലി? അതെ... ടീച്ചറെ ഇന്നൊരു സമരം ഉണ്ട് ഞങ്ങള്‍ ഷാനുവിനെ വിളിക്കാന്‍ വന്നതാ, (ഞാന്‍ മെല്ലെ ഇറങ്ങി പോവാനുള്ള പുറപ്പാടിലാ)... അലി പറഞ്ഞ് തീരും മുന്‍പെ ടീച്ചര്‍ എന്നെയൊന്ന് തുറിച്ച് നോക്കി ആ സമയം "ഉപ്പച്ചി ചൂരല്‍ വാങ്ങാന്‍ കടയിലേക്ക് പോവുന്ന രംഗം" എന്റെ മനസ്സിലൂടെ ഒന്ന് മിന്നി മറഞ്ഞു (ഞാന്‍ പഴയപടി അവിടെത്തന്നെ കയറി നിന്നു). ആണൊ നീയൊന്ന് പോയെ ഞാന്‍ ഒന്ന് കാണട്ടെ... ടീച്ചര്‍ എന്നോട് വെല്ലുവിളിച്ചു അതെനിക്ക് തീരെ പിടിച്ചില്ല എങ്കിലും ഞാന്‍ വളരെ താഴ്മയോടെ പറഞ്ഞു, പഠിച്ചില്ല എന്നത് നേരുത്തന്നെ പക്ഷെ ഈ സമരത്തെ കുറിച്ച് എനിക്ക് ഒന്നും തന്നെ അറിയില്ല, എനിക്ക് സമരം എന്ന് കേള്‍ക്കുന്നതേ ഇഷ്ടമല്ല (തല്‍ക്കാലം തടിയൂരല്‍ അത്രേ ഞാന്‍ കരുതിയുള്ളു), ഞാന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ടീച്ചര്‍ക്ക് പിടിക്കിട്ടി, ഷാനു പറഞ്ഞത് കേട്ടില്ലേ എനി നിങ്ങള്‍ക്ക് പോവാം, ഓഹോ അങ്ങിനെയാണോ... എല്ലാത്തിലും ഞങ്ങളുടെ കൂടെ നിന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലെ, നിന്നെ ഞങ്ങള്‍ എടുത്തോളാമെടാ ഞങ്ങള്‍ ഇന്നെവിടേയും പോവുന്നില്ല പുറത്ത് തന്നെ കാണും. സമരത്തിനു പോയാല്‍ ഉപ്പച്ചിയുടെ അടി, വിളിച്ചിട്ട് പോവാത്തതിനു എനി അലിയുടെ വക അടി, എന്തായാലും ഒരു അടി ഉറപ്പിച്ചു... ക്ലാസ്സെല്ലാം കഴിഞ്ഞ് പോവും നേരത്ത് ടീച്ചര്‍ എന്നോട് പറഞ്ഞു, അലി പുറത്ത് തന്നെ നില്പുണ്ട് സൂക്ഷിച്ചൊക്കെ പോകണം, അതൊരു കുത്ത്‌വാക്കായി തോന്നിയില്ലെങ്കിലും എനിക്കിട്ടൊന്ന് താങ്ങിയതാ എന്ന് മനസ്സിലായി. ടീച്ചറുടെ ഉപദേശം തട്ടികളയേണ്ട എന്നു കരുതി സ്കൂളിന്റെ പിന്നിലുള്ള ഉയരമുള്ള മതിലൊക്കെ എടുത്ത് ചാടി നേരെ മാമന്റെ വീട്ടിലേക്ക് പോയി.

No comments:

Post a Comment