ഇലക്ഷന്‍ റിസള്ട്ടും , പിന്നെ റിപ്പോര്ട്ടടര്‍ ചാനലും...

തിരക്കിട്ട ഓഫീസ് ജീവിതത്തില്‍ വീണു കിട്ടുന്ന രണ്ടു ദിവസം വെള്ളിയും, ശനിയും ഈ രണ്ടു ദിവസവും ഞങ്ങള്‍ക്ക് ഒഴിവു ദിവസമാണ് മനസ്സില്‍ കുറച്ചൊക്കെ സന്തോഷം തോന്നുന്ന ദിവസം നേരത്തെ എഴുന്നേല്‍ക്കേണ്ട, ഓഫീസിലേക്ക് ചാടിപിടഞ്ഞ് പോവേണ്ട അതൊക്കെ തന്നെയാ റീസണ്‍, പക്ഷെ ഇക്കഴിഞ്ഞ വെള്ളി എനിക്ക് അത്ര സന്തോഷം തന്ന ദിവസം ആയിരുന്നില്ല... ഇലക്ഷന്‍ റിസള്‍ട്ട് വരുന്ന ദിവസം ആയിരുന്നു, എനിക്കിഷ്ടം സഖാവ് വി.എസ്സിനെ ആയിരുന്നു പെണ്‍പിടുത്തക്കാരോടും, അഴിമതിക്കാരോടും അദ്ദേഹം എടുത്ത കടുത്ത നിലപാട് ഇതൊക്കെ ആയിരിക്കാം അദ്ദേഹത്തെ എന്നിലേക്ക് ആകര്‍ഷിച്ചതും ഇവിടെ അതല്ല വിഷയം ഇക്കഴിഞ്ഞ വ്യാഴായ്ച എന്ത് സംഭവിച്ചു എന്നാണ്.
ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ വേണ്ടി ഞാനും അമ്മായിടെ മോനും കൂടെ ജവഹര്‍ ഹോട്ടലില്‍ കയറിയതാ പൊതുവെ പത്രം വായിക്കുന്ന ശീലം എനിക്കില്ല, ഓര്‍ഡര്‍ ചെയ്ത മസാലദോശ കിട്ടാന്‍ ഒരുപാട് വൈകി എന്നാപിന്നെ ആ നേരം പത്രം ഒന്ന് നോക്കിയേക്കാം എന്നു കരുതി, എല്ലാ വാര്‍ത്തയും വായിക്കാന്‍ ഇരുന്നാല്‍ ശരിയാവത്തില്ല ചുമ്മ ഒന്നു ഓടിച്ച് നോക്കല്‍ അത്രേ പറ്റൂ, അല്ലെങ്കിലും ആവശ്യമുള്ളിടത്തേക്ക് എന്റെ കണ്ണ് പോവുല്ല എങ്കിലും ആദ്യ പേജില്‍ തന്നെ ഒരു പരസ്യം കണ്ടു ഏഴു ആണുങ്ങളും ഒരു പെണ്ണും മസ്സില്‍ പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടൊ കൂട്ടത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ "എണ്ണുമ്പോള്‍ ഞങ്ങള്‍ മുന്നിലുണ്ടാകും!" ആഹാ ഇത് നമ്മുടെ നികേഷ് കുമാറും പിന്നെ വേണു ചേട്ടനുമല്ലേ? ബാക്കി ഉള്ളവരെ സത്യത്തില്‍ എനിക്ക് മനസ്സിലായില്ലട്ടോ. ഇന്ത്യാവിഷന്‍ എന്ന ന്യൂസ് ചാനലില്‍ വളരെ തലയെടുപ്പോടെ നിന്നിരുന്ന ഈ സഖാവ് (?) ഇതാ ഒരു പുതിയ ചാനല്‍ ഒക്കെ തുടങ്ങി ജനങ്ങളെ ഞെട്ടിക്കാന്‍ പോവുന്നു എന്നാ പിന്നെ ഇത്തവണത്തെ ഇലക്ഷന്‍ റിസള്‍ട്ട് ഈ ചേട്ടന്റെ ചാനല്‍ വഴി തന്നെ ആകട്ടെയെന്ന് കരുതി. ഓഫീസില്‍ വന്നപ്പോഴും എല്ലാവരുടെയും ചര്‍ച്ച “റിപ്പോര്ട്ടര്‍” എന്ന ചാനലിനെ കുറിച്ച് തന്നെയായിരുന്നു അതോടെ എന്റെ ഇന്ററെസ്റ്റ് കൂടി പിന്നെ മനസ്സില്‍ ആകെ കൂടെ ഈ ചിന്തയെ ഉണ്ടായിരുന്നുള്ളൂ, ഇന്ന് റൂമില്‍ ചെന്നിട്ട് വേണം ആ ചാനല്‍ ഒന്ന് ട്യൂണ്‍ ചെയ്തെടുക്കാന്‍ സെറ്റപ്പ് ചെയ്യേണ്ട വിധമൊക്കെ കൂട്ടുക്കാരില്‍ നിന്നും എഴുതിയെടുത്തു... അങ്ങിനെ റൂമില്‍ എത്തി മറ്റുപരിപാടികള്‍ എല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു എന്നിട്ട് റിമോട്ട് എടുത്ത് ട്യൂണിംഗ് തുടങ്ങി ഒരുതരം അക്രാന്തം ആയിരുന്നു, ഓരോ ബട്ടണ്‍ അമര്‍ത്തുമ്പോഴും അതെന്തെക്കൊയോ ചോദിച്ചോണ്ടിരുന്നു അതെല്ലാം ആരു വക വെയ്ക്കുന്നു ഞാന്‍ എല്ലാത്തിനും ഓകെ കൊടുത്ത് കൊണ്ടിരുന്നു. അതിനിടയില്‍ ഒന്നുമാത്രം എന്റെ ശ്രദ്ധയില്‍പ്പെട്ടു "നിലവിലുള്ള ചാനലുകള്‍ ഡിലീറ്റ് ചെയ്യട്ടെ?" പക്ഷെ അപ്പോഴേക്കും ഞാന്‍ ഓകെ ബട്ടണ്‍ പ്രസ്സ് ചെയ്തിരുന്നു, അതോടെ അതു പോയി കിട്ടി പിന്നെ കരിമ്പിന്‍ തോട്ടത്തില്‍ കയറിയ ആനയെ പോലെ ഞാന്‍ അവിടെയും ഇവിടെയും കയറി ഒന്ന് അര്‍മാദിച്ചു അവസാനം ഇതുവരെ ചെയ്ത പരിപാടി സേവ് ചെയ്യുകയും ചെയ്തു അതിനിടയില്‍ അമ്മായിടെ മോന്‍ ചോദിച്ചു ശരിയായോ എന്ന് എന്റെ ഒരു മനസ്സമാധാനത്തിനു വേണ്ടി മാത്രം ഞാന്‍ പറഞ്ഞു "ഇപ്പൊ ശരിയാവും, നീ കഞ്ഞി വെയ്ക്കാനുള്ള പണി തുടങ്ങിക്കോ എന്ന്" അവന്‍ അത് കേള്‍ക്കേണ്ട താമസം അടുക്കളയിലേക്ക് പോയി ഞാന്‍ പിന്നെം അതിന്മേലിട്ട് പണിയാന്‍ തുടങ്ങി പണിത് പണിത് ഞാന്‍ ഒരു വിധം ആയി... വല്ലാത്തൊരു ചൂട് ഞാന്‍ ഏ.സി ഓണ്‍ ചെയ്തു... രക്ഷയില്ല... ആദ്യം ഉണ്ടായിരുന്ന ചാനല്‍ കൂടെ പോയി എനി അമ്മായിടെ മോനോട് എന്ത് സമാധാനം പറയും? അവനാണെല്‍ അമ്യത ടീവിയിലെ "കഥയല്ലിത് ജീവിതം" എന്ന പരിപാടി മുടങ്ങാതെ കാണുന്നതാ, ഇന്നെന്തായാലും അത് നടക്കില്ല... എന്റെ ജീവിതം കൊണ്ട് അവന്‍ ഒരു കഥ എഴുതുമെന്ന് ഉറപ്പായി... അവന്‍ ഒന്ന് വന്നു നോക്കി ഞാന്‍ പെട്ടെന്ന് തന്നെ റിസീവര്‍ ഓഫ് ചെയ്തു പിന്നെ ഓണ്‍ ചെയ്തു "സര്‌വ്വീസ് നോട്ട് എവയ്‌ലബിള്‍" എന്നൊരു മെസ്സേജ് സ്ക്രീനില്‍ തെളിഞ്ഞു വന്നു. ഞാനൊന്ന് ചിരിച്ച് കാണിച്ചു, ത്യപ്തിയായല്ലോ? എന്തൊക്കെ പുകില്‍ ആയിരുന്നു? നിനക്ക് എന്തിന്റെ കേടാടാ ചെക്കാ! മര്യാദയ്ക്ക് ആദ്യത്തെ പോലെ ശരിയാക്കി തന്നോ അല്ലെങ്കില്‍ നീ വിവരമറിയും അമ്മായിടെ മോന്‍ എന്നെയൊന്ന് പേടിപ്പിച്ചു. അവന്‍ ചൂടായി എന്ത് പറഞ്ഞാലും എനിക്ക് കോമഡി ആയിട്ടെ തോന്നു അതുകൊണ്ട് ഞാന്‍ പേടിച്ചില്ല... എന്നാലും ഇതിനു എന്തുപറ്റി കാണുമെന്നായി എന്റെ ചിന്ത, ഞാന്‍ പിന്നെയും റിമോട്ട് എടുത്ത് ഒരുവട്ടം കൂടെ പയറ്റി നോക്കി, എനി ഒരു രക്ഷയുമില്ല... ഞാന്‍ അവനോട് ചോദിച്ചു നമുക്കിത് കടയില്‍ കൊണ്ട്‌പോയി ശരിയാക്കിയാലോ? ഇന്നിത് ശരിയാക്കിയില്ലേല്‍ നാളെ നമ്മള്‍ എങ്ങിനെ ഇലക്ഷന്‍ റിസള്‍ട്ട് ലൈവ് കാണും? നീ ഒറ്റയ്ക്ക് പോയി ശരിയാക്കി കൊണ്ടുവന്നാ മതി അതും പറഞ്ഞ് ഒരുമാതിരി രാഷ്‌ട്രീയക്കാരെ പോലെ അവന്‍ കയ്യൊഴിഞ്ഞു. പ്ലീസ് നീയും കൂടെ ഒന്ന് വാടാ എന്റെ കൂടെ... കാലില്‍ വീഴാന്‍ അവന്‍ സമ്മതിച്ചില്ല അപ്പോഴേക്കും അവന്‍ ഓകെ പറഞ്ഞു, റിസീവര്‍ ഊരിയെടുത്ത് ഒരു കവറിലിട്ടു എന്നിട്ട് നേരേ റിസീവര്‍ നന്നാക്കുന്ന കടയിലേക്ക് നടന്നു... കടയില്‍ എത്തി... അമ്മായിടെ മോന്‍ കടക്കാരനോട് പറഞ്ഞു ഇതിന് ഇന്നലെ വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ഒരു ചാനലിനു വേണ്ടി ഈ ബുദ്ധിമാന്‍ ഇന്നൊന്ന് പരിശ്രമിച്ചതാ ആ പരിശ്രമം പാളിപ്പോയി ഇതൊന്ന് പെട്ടെന്ന് ശരിയാക്കി തരണം ഞങ്ങള്‍ ഇവിടെ വെയ്റ്റ് ചെയ്യാം. അമ്മായിടെ മോന്‍ പറയുന്നതനുസരിച്ച് ഞാന്‍ തലയാട്ടി കൊടുത്തു അല്ലെങ്കില്‍ കടക്കാരന്‍ ഒന്നും അറിയാത്ത പാവം അവനെ തെറ്റിദ്ധരച്ചാലോ?... കടയിലെ പയ്യന്‍ റിസീവര്‍ കണക്ട് ചെയ്ത് റിമോട്ട് എടുത്ത് രണ്ട് ഞെക്കല്‍ അവിടെയും ഇവിടെയും സംഭവം വര്‍ക്കായി... ആഹാ കൊള്ളാമല്ലോ പരിപാടി എന്ന് മനസ്സില്‍ ഞാന്‍ പറഞ്ഞു പോയി. ഇതാ സംഭവം ശരിയായിട്ടുണ്ട് സര്‍വീസ് ചാര്‍ജ്ജ് 20 റിയാല്‍... പൈസയെടുക്കാന്‍ ഞാന്‍ പോക്കറ്റില്‍ കയ്യിട്ടു അതെ സ്പീഡില്‍ ഞാന്‍ കൈ പിന്‍വലിച്ചു അയ്യോ! പെഴ്സ് എടുത്തില്ല! അമ്മായിടെ മോന്‍ എന്നെയൊന്ന് നോക്കി എന്നിട്ട് ചോദിച്ചു എന്തെയെന്ന്? ഞാന്‍ പതുക്കെ പറഞ്ഞു "പെഴ്സ് എടുക്കാന്‍ മറന്നു" ആണൊ എങ്കില്‍ മാറിനില്‍ക്ക് ഞാന്‍ കൊടുത്തോളാം... എന്റെ മനസ്സില്‍ അവനോടുള്ള ഇഷ്ടം പിന്നെയും കൂടി ഇത്രേം ഒക്കെ ഞാന്‍ കാട്ടികൂട്ടിയിട്ടും ഒരു ആപത്ത് ഘട്ടം വന്നപ്പോള്‍ സഹായിച്ചത് കണ്ടില്ലേ! പക്ഷെ ആ ഇഷ്ടം കടയില്‍ നിന്നും ഇറങ്ങുന്നത് വരെ ഉണ്ടായിരുന്നുള്ളു കാരണം കടയില്‍ നിന്നും ഇറങ്ങി റൂം എത്തുന്നത് വരെ അവന്‍ എന്നെ വിളിക്കാത്തതായിട്ട് എനി ഒന്നുമില്ല, എല്ലാം ഞാനായിട്ട് വരുത്തിവെച്ചതല്ലേ എനി അവന്‍ എന്ത് വിളിച്ചാലും കേള്‍ക്കുക തന്നെ… നടത്തം ആരോഗ്യത്തിനു നല്ലതെന്ന് കരുതി ഞങ്ങള്‍ റൂമിലേക്ക് നടന്ന് നീങ്ങി.
വാല്‍ക്കഷ്ണം: റൂമില്‍ എത്തി റിസീവര്‍ കണക്ട് ചെയ്തു റിപ്പോര്‍ട്ടര്‍ ചാനല്‍ വെച്ചു നോക്കി, ആളെ കാണുന്നില്ല പക്ഷെ നികേഷ് ചേട്ടന്റെ ശബ്ദം മാത്രം കേട്ടു, പിന്നെ ഇന്നാണ് ഒരു കാര്യം അറിഞ്ഞത് റിപ്പോര്‍ട്ടര്‍ ചാനല്‍ സാധാരണ റിസീവറില്‍ കിട്ടുകയില്ല, അതിനു 800 റിയാല്‍ മുടക്കി എച്ച്.ഡി റിസീവര്‍ തന്നെ വാങ്ങിച്ച് വെയ്ക്കണമെന്ന്, 800 റിയാല്‍ മുടക്കി തല്‍ക്കാലം റിപ്പോര്ട്ടര്‍ ചാനല്‍ കാണേണ്ട എന്ന തീരുമാനത്തിലാ ഞാനും എന്റെ അമ്മായിടെ മോനും.
ചാനൽ ഇപ്പോ പുരോഗമനപാതയിൽ ആയിട്ടേയുള്ളൂ...വാങ്ങുകയാണേലും ഒന്നുരണ്ട് മാസം കഴിഞ്ഞിട്ട് മതി...പിന്നെ ഒരു കണക്കിന് ശബ്ദരേഖ കേക്കണത് തന്നാ നല്ലത്....ഗ്രാഫിക്സ് അത്ര മോശാന്നേയ്....
ReplyDeleteഅത് തന്നെയാ ഞാനും കരുതുന്നത് ചുമ്മാ പൈസ കൊടുത്ത് വാങ്ങിച്ച് കയ്യിലിരിപ്പ് ആവുമോ...
ReplyDelete