1

Pages

Thursday, June 2, 2011

ഒരു വെടിക്കെട്ടിന്റെ ഓര്‍മ്മയില്‍



എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു സുഹ്യത്താണ്‌ ജീ.കെ, എന്തിനും ഏതിനും എന്റെ കൂടെ എപ്പോഴും ഉണ്ടാവുന്ന ഒരേ ഒരാള്‍... കേട്ടുകേള്വി അല്ലാതെ ഞാനും ജീകെയും ഇതുവരെയും ഒരു വെടിക്കെട്ട് പോലും നേരില്‍ കണ്ടിട്ടില്ല, ചിലര്ക്ക് ആനയോട് ആയിരിക്കും ഇഷ്ടം... അല്ലെങ്കില്‍ കൊട്ടിനോട്... മറ്റു ചിലര്ക്ക്ര വെടിക്കെട്ട്... ചെവി പൊത്തിപിടിച്ചാണെലും അവരത് നല്ലപോലെ ആസ്വദിക്കും വെടിക്കെട്ട് അവസാന നിമിഷങ്ങളില്‍ ചിലരൊക്കെ പിന്‍‌വലിയും, പലരേയും കാണാതാവും... അതിനിടയില്‍ തോണ്ടലും, പിച്ചലും, മാന്തലും, കാലില്‍ ചവിട്ടലും, പോക്കറ്റടിക്കലും അങ്ങിനെ ഒരുവിധം എല്ലാ കലാപരിപാടിയും നടക്കും ഇതുകൊണ്ടൊക്കെ തന്നെയാ എനിക്ക് വല്യ താല്പര്യമില്ലാത്ത കേസാണ്‌ ഈ വെടിക്കെട്ട് എന്ന സംഭവം എങ്കിലും ഒരു വെടിക്കെട്ടെങ്കിലും നേരിട്ട് കാണണം എന്നൊരു ആഗ്രഹം എന്റെ മനസ്സില്‍ ചെറുതായിട്ട് ഉണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് പഴയ പാലത്തിന്റെ അരികത്ത് നല്ല തണലുള്ള ഭാഗം നോക്കി ഞാനും ജീകെയും ഇരുന്നു... അത്ര വല്യ ചൂടില്ലാത്ത കലാവസ്ഥ… നമുക്കൊരു പടത്തിനു പോയാലോ? ഞാന്‍ ജീകെയോട് ചോദിച്ചു, ജീകെ പോവാമെന്ന് മൂളി പക്ഷെ ഏത് പടത്തിനു പോവും? നല്ല പടങ്ങളൊന്നുമില്ലല്ലോ എല്ലാംതന്നെ ഒരുമാതിരി കൂതറ പടങ്ങള്‍, മലയാളത്തില്‍ നല്ല സിനിമയുടെ കാലമൊക്കെ അവസാനിച്ചു, ഞാന്‍ അതിനെകുറിച്ച് കുറച്ച് നേരം ചിന്തിച്ചിരുന്നു... കൂടുതല്‍ ചിന്തിച്ചാല്‍ ഉള്ള ഭ്രാന്ത് കൂടുമെന്നല്ലാതെ വേറെ ഒരു ഗുണവുമില്ല അതുകൊണ്ട് ആ ചിന്ത അവിടെ വെച്ച് നിര്ത്തിം. ചുമ്മ ഇരിക്കുമ്പോള്‍ എന്തോപോലെ ഞാന്‍ ഒരു കല്ലെടുത്ത് പുഴയിലേക്ക് എറിഞ്ഞു അപ്പുറത്ത് വലവീശികൊണ്ടിരുന്ന സത്യന്‍ ചേട്ടന്‍ എന്നെയൊന്ന് തുറിപ്പിച്ച് നോക്കി അതോടെ കല്ലെറിയല്‍ ചടങ്ങും നിര്ത്തി വെച്ചു, അങ്ങിനെ ആ സമയം കൊല്ലല്‍ പരിപാടിയും നിന്നു എനിയെന്ത് ചെയ്യുമെന്ന് കരുതി ഇരിക്കുമ്പോള്‍ ഒരു ഓട്ടോറിക്ഷ ഞങ്ങളുടെ അടുത്ത് കൊണ്ടുവന്നു നിര്ത്തി ... ഓട്ടോയിലെ പാണ്ടി പാട്ട് കേട്ടപ്പോള്‍ മനസ്സിലായി അത് അസ്റാകൊള്ളി (അശ്ക്കര്‍ എന്നാ യഥാര്ത്ഥ് പേര്‌) ആയിരിക്കുമെന്ന്... അതെ അവന്‍ തന്നെ... പാവം ആരെയോ തേടി ഇറങ്ങിയതാ... പ്രായം കൊണ്ട് എന്നെക്കാളും ചെറുത് ആണെങ്കിലും അവന്റെ വര്ത്ത മാനത്തിനു ഒരു കുറവുമില്ല... ടാ... നാസിയെ കണ്ടോ? അഞ്ചാറു വയസ്സ് മൂപ്പുള്ള എന്നെ അവന്‍ ടാ!ന്ന്... നിന്ന നിപ്പിനു രണ്ടെണ്ണം പൊട്ടിച്ചാലോ എന്നുവരെ ചിന്തിച്ചുപോയി... എല്ലാ അടിപിടിയിലും മുന്പ.ന്തിയില്‍ നില്ക്കു ന്ന അവനോട് ഗുസ്തി ടി.വിയില്‍ മാത്രം കണ്ട് രസിക്കുന്ന ഞാന്‍ തല്ലുകൂടാന്‍ പോയാലുള്ള അവസ്ഥ മനസ്സില്‍ കണക്ക് കൂട്ടി ആ ഒരുകാരണം കൊണ്ടായിരിക്കാം ഞാന്‍ അവനെ തല്ലാതെ വെറുതെ വിട്ടു... ജീകെ പറഞ്ഞു, ഞങ്ങള്‍ കണ്ടില്ല... എന്തേ? അവന്‍ ഇന്നൊരു വെടിക്കെട്ടിനു പോവാമെന്ന് പറഞ്ഞിരുന്നു... ഞാന്‍ ചോദിച്ചു എവിടെയാ? കുന്നംകുളം അടുത്താ എന്തേ എന്റെ കൂടെ വരുന്നോ? ഞാന്‍ ജീകെയെ ഒന്ന് നോക്കി... പോവാമെന്നുള്ള രീതിയില്‍ ജീകെ തലയാട്ടി... ശരി ഞങ്ങളും ഉണ്ട് നിന്റെ കൂടെ പക്ഷെ നാസി? അവനോട് പോയി പണിനോക്കാന്‍ പറ... പെട്രോള്‍ നിങ്ങള്‍ അടിച്ചാല്‍ മതി വാടക വേണ്ട... (കാക്കയുടെ വിശപ്പും മാറും, പശുവിന്റെ ചൊറിച്ചിലും മാറും) ശരി എന്നാപിന്നെ നമുക്ക് പോവാം? അങ്ങിനെ ഞങ്ങള്‍ മൂന്നുപേരും‍ യാത്രയായി... പോവുന്ന വഴിയില്‍ രാജയുടെ പമ്പ് കണ്ടു അവിടെ കയറി പെട്രോള്‍ അടിച്ചു. വെടിക്കെട്ടിനു എനിയും ഒരുപാട് സമയം ഉണ്ട് അതുവരെ എന്ത് ചെയ്യും? അസ്റാകൊള്ളി പറഞ്ഞു... പൂരമല്ലേ അങ്ങോട്ടുമിങ്ങോട്ടും കുറച്ച് നേരം അലഞ്ഞ്‌തിരിഞ്ഞു നടന്നാല്‍ പോവുന്നതേയുള്ളു ഈ പറഞ്ഞ സമയം, കുന്നംകുളം എത്തുന്നതിനു മുന്നേ മെയിന്‍ റോഡില്‍ നിന്നും പിന്നെയൊരു ഇടുങ്ങിയ വഴിയിലേക്ക് ഓട്ടോ തിരിഞ്ഞു... ആ വഴിയില്‍ നല്ല തിരക്ക്... ആണും, പെണ്ണും പിന്നെ കുറേ കൊച്ചുങ്ങളും... മൊത്തത്തില്‍ കലപില തന്നെ... അസ്റാകൊള്ളി ഹോണ്‍ അമര്ത്തി പിടിച്ചു എന്നിട്ടും ആളുകള്‍ മാറുന്നില്ല... ചീത്തവിളിയും മറ്റും ആയി ഒരുവിധം പൂരം നടക്കുന്ന സ്ഥലത്ത് ഓട്ടോ ലാന്ഡ്ു ചെയ്തു, എത്തിപ്പെടാന്‍ തന്നെ ഇത്രയുംപാട് അങ്ങിനെയാണെല്‍ തിരികെ പോവുന്ന കാര്യം ചിന്തിക്കാനെ വയ്യ. ഒഴിഞ്ഞൊരു സ്ഥലം നോക്കി ഓട്ടോ പാര്ക്ക്ി ചെയ്തു, ഞങ്ങള്‍ പൂരപറമ്പിലേക്ക് നടന്നു... നടവഴിയില്‍ പലപല കച്ചവടക്കാരും... ഒരു പാക്കറ്റ് കടല വാങ്ങി ഞങ്ങള്‍ മൂന്നുപേരും ഷെയര്‍ ചെയ്തു അതിങ്ങനെ വായിലേക്ക് ഒരോ മണിയും ഇട്ടു നടക്കുമ്പോള്‍ ഒരു കുരുത്തംകെട്ട ചെക്കന്‍ എന്റെ മേല്‍ വന്നു മുട്ടി... "തോട്ടി" ഇടുക എന്നാണത്രേ ഈ മുട്ടലിനെ പറയുക, എന്നു പറഞ്ഞാല്‍ വന്നു മുട്ടിയവനോട് എന്തിനാടാ പുല്ലേ എന്റെ മേല്‍ മുട്ടിയത് എന്നു ചോദിക്കാന്‍ പാടില്ല, എനിയെങ്ങാനും ചോദിച്ചാല്‍ മുട്ടിയവനും പിന്നെ അവന്റെ കൂട്ടാളികളും മുട്ട്‌കൊണ്ടവനെയും അവന്റെ കൂടെ വന്നവരെയും എടുത്തിട്ട് പെരുമാറും, നാട്ടില്‍ ഇതൊരുവിധം പൂരങ്ങളിലും നേര്ച്ചവകളിലും എല്ലാം കണ്ടുരവരുന്ന ഒരു പ്രത്യേകതരം സമ്പ്രദായമാണ്‌ എന്ന് അസ്റാകൊള്ളി പറഞ്ഞിട്ടാണ്‌ എനിക്കും ജീകെക്കും ഇങ്ങിനെയൊരു അറിവ് കിട്ടിയത്. അനുഭവം ഗുരു എന്നൊക്കെ പറയില്ലേ അതുകൊണ്ടായിരിക്കാം ക്യത്യ സമയത്ത് തന്നെ അങ്ങിനെയൊരു അറിവ് അസ്റാകൊള്ളി ഞങ്ങളോട് ഷെയര്‍ ചെയ്തതും. ഞാന്‍ പിന്നെ വന്നു മുട്ടിയവനെ മൈന്ഡ്ൊ ചെയ്യാന്‍ പോയില്ല... അങ്ങിനെ വെടിക്കെട്ട് തുടങ്ങാനുള്ള സമയം ആയി എല്ലാവരും ഒഴിഞ്ഞു കിടക്കുന്ന പാടത്തേക്ക് വരിവരിയായി നടന്നു നീങ്ങുന്നു കൂട്ടത്തില്‍ ഞങ്ങളും... വെടിക്കെട്ടിന്റെ തുടക്കം എവിടെയാ അവസാനം എവിടെയാ എന്നൊന്നും ഞങ്ങള്ക്ക്റിയില്ല എല്ലാവരും നില്ക്കു ന്നിടത്ത് ഞങ്ങളും പോയി നിന്നു... വെടിക്കെട്ട് തുടങ്ങി... ശ്ശൊ എന്തൊരു ശബ്ദം! ആദ്യത്തെ പൊട്ടലില്‍ തന്നെ ഞാനും ജീകെയും ഞെട്ടി... പക്ഷെ അസ്റാകൊള്ളിക്ക് ഒരു കുലുക്കവുമില്ല... പേടിതൊണ്ടന്മാര്‍ എന്ന നിലക്ക് ഞങ്ങളെ നോക്കി ഒരു ചിരിയും... പൊട്ടി പൊട്ടി കുറച്ച് കഴിഞ്ഞപ്പോള്‍ ആളുകള്‍ എല്ലാം പിറകോട്ട് വന്നു തുടങ്ങി കൂട്ടത്തില്‍ ഞങ്ങളും... അസ്റാകൊള്ളിയെ ഞാന്‍ തോണ്ടി ആ പഹയന്‍ എന്റെ കൈ തട്ടിമാറ്റി കുറച്ചൂടെ മുന്നിലേക്ക് നിന്നു, വെടിക്കെട്ട് അവസാന നിമിഷങ്ങളിലേക്ക് പൊട്ടലോട് പൊട്ടല്‍... എന്റെ ചെവിയൊക്കെ പൊന്നായി... വല്യ സാധനങ്ങള്‍ ഓരൊന്നായി മുകളിലേക്ക് പോയി പൊട്ടുന്നു... ഞാന്‍ ചെവി പൊത്തിപിടിച്ചു എന്നിട്ടും അതിന്റെ ശബ്ദം ചെവിയിലേക്ക് തുളച്ച് കയറുന്നു... ഇത്രേം ഒക്കെ ആയിട്ടും അസ്റാകൊള്ളിക്ക് ഒരു കുലുക്കവുമില്ല... ഹൊ ഇവനെ സമ്മതിച്ച് കൊടുക്കണം ഒടുക്കത്തെ ധൈര്യം തന്നെ... അങ്ങിനെ വെടിക്കെട്ട് അവസാനിച്ചു... അസ്റാകൊള്ളി രണ്ടു ചെവിയിലും വിരലിട്ട് എന്തോ എടുക്കുന്നത് കണ്ടു, ഞാന്‍ ചോദിച്ചു ഇത്രേം ഒക്കെ ഇവിടെ നടന്നിട്ടും നിനക്ക് ഒരു പേടിയും തോന്നിയില്ലേ? അവന്‍ പറഞ്ഞു "എനിക്ക് വെളിച്ചത്തെ പേടിയില്ല, പക്ഷെ ശബ്ദത്തെ വല്യ പേടിയാ" അതുകൊണ്ട് തന്നെ ഏതൊരു വെടിക്കെട്ടിനു പോവുമ്പോഴും ഞാന്‍ കുറച്ച് പഞ്ഞി കയ്യില്‍ കരുതാറുണ്ട്. ആഹാ! ഈ കുരുട്ടുബുദ്ധിയെന്തേ ഞങ്ങള്ക്ക്ഞ നേരത്തേ തോന്നിയില്ല? അന്നുമുതല്‍ ഏതൊരു വെടിക്കെട്ടിനും പോവുമ്പോഴും ഞാന്‍ കുറച്ച് പഞ്ഞി കൂടെ കരുതാറുണ്ട്.

Monday, May 23, 2011

ട്രോഫികള്‍ എന്റെ ആദ്യനാടകം




കുട്ടിക്കാലം തൊട്ടേ അഭിനയത്തോട് വല്യൊരു മതിപ്പായിരുന്നു, ആ ഒരു മതിപ്പ് തന്നെ ആയിരിക്കാം പലപ്പോഴും പലഘട്ടങ്ങളില്‍ നിന്നും എന്നെ രക്ഷിച്ചിട്ടുള്ളതും, എന്തായാലും സിനിമയിലോ, അല്ലെങ്കില്‍ നാടകത്തിലോ ഒന്നും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കില്ല എന്നാപിന്നെ ജീവിതത്തില്‍ അത് അഭിനയിച്ച് തീര്ക്കാളന്‍ തന്നെ തീരുമാനിച്ചു, ചമ്മല്‍ എന്റെ കൂടെപ്പിറപ്പ് ആയിരുന്നു അതുകൊണ്ട് തന്നെ ആരും കാണാതെ കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ടുള്ള അഭിനയം ആയിരുന്നു ആദ്യമൊക്കെ, എന്നും ഇങ്ങിനെ കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് അഭിനയിച്ചിട്ട് എന്ത് ഗുണം എന്റെ കഴിവ് വീട്ടുക്കാരും, നാട്ടുക്കാരും ഒക്കെ അറിയണം അല്ലെങ്കില്‍ അറിയിച്ചിട്ട് തന്നെ ബാക്കികാര്യം എന്ന് മനസ്സില്‍ ഒരു തീരുമാനമെടുത്തു, അന്ന് ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, അടുത്ത മാസം സ്കൂള്‍ യൂത്ത്‌ഫെസ്റ്റിവലാണ്‌ ഇതുത്തന്നെ നല്ല ചാന്സ്ു, എനി ഇങ്ങിനെ ഒരു ചാന്സ്് ഒരിക്കലും കിട്ടത്തില്ല ആരുടെ എങ്കിലും കാലുപിടിച്ച് ഇത്തവണ ഏതെങ്കിലും ഒരു നാടകത്തില്‍ കയറിപ്പറ്റണം അതോടെ ഞാന്‍ ഫെയ്മസ് ആവും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട, (?) എന്തിനും ഒരു തുടക്കം വേണമല്ലോ അങ്ങിനെ ഒരു തുടക്കം കിട്ടാന്‍ വേണ്ടി ഞങ്ങളുടെ സ്കൂളില്‍ മൂന്നുതവണ നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട പത്താംതരത്തില്‍‍ പഠിക്കുന്ന ഷാജഹാനെ പോയി കണ്ടു കാര്യം അവതരിപ്പിച്ചു, അവന്‍ ഇത്തവണയും അതേ സ്ഥാനം നിലനിര്ത്താ നുള്ള പരിപാടിയിലാ ആ സമയത്ത് അവനൊരു പാരയെ അതും എന്നെപോലെയുള്ള ഒരു കമ്പിപ്പാരയെ എടുത്ത് തോളത്ത് വെക്കുമോ? കണ്ടറിയണം... പക്ഷെ ഞാന്‍ കരുതിയ പോലെ അല്ലട്ടൊ അവന്‍, വളരെ മാന്യതയോടെ തന്നെ നാളെ അവരുടെ റിഹേഴ്സല്‍ ക്യാമ്പിലേക്ക് എന്നോട് ചെല്ലാന്‍ പറഞ്ഞു.

അടുത്ത ദിവസം എന്റെ (?) ഹെര്ക്കു ലീസ് സൈക്കിള്‍ ആഞ്ഞു ചവിട്ടി ക്യത്യ സമയത്ത് തന്നെ അവിടെ ഹാജറായി, നല്ലൊരു നടന്‍ ആവണേല്‍ ഇങ്ങിനെ കുറച്ച് കഷ്ടപ്പാട് അനുഭവിക്കണം എന്ന് ആരോ പറഞ്ഞ്‌ തന്നിട്ടുണ്ട്. അവര്‍ എല്ലാവരും വന്നു, ഷാജഹാന്‍ അവരുടെ സം‌‌വിധായകന്‌ എന്നെ പരിചയപ്പെടുത്തി... ഇക്കാ ഇതാണ്‌ ഷാനു, ഞാന്‍ ഇന്നലെ പറഞ്ഞയാള്‍, ഇവന്‍ നല്ലൊരു നടനാണ്‌, മറ്റേതാണ്‌, മറിച്ചതാണ്‌ അങ്ങിനെ ഒരുപാട് അങ്ങ് പൊക്കി... ശരി ശരി ഇവന്‍ നല്ലൊരു നടന്‍ ആണെന്ന് കണ്ടിട്ട് എനിക്ക് തോന്നുന്നില്ല എങ്കിലും ശ്രമിച്ചു നോക്കാം (പൊക്കിയത് കുറച്ച് കൂടിയെന്നാ തോന്നുന്നത് അതുകൊണ്ടാ സം‌വിധായകന്‍ എന്നെയൊന്ന് ആക്കി പറഞ്ഞതും) നീ ഇതിനു മുന്നെ അഭിനയിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അല്ലേ അതേയെന്ന് പറയാന്‍ പറ്റു അതുകൊണ്ട് ഇല്ലെന്ന് പറഞ്ഞു, സാരമില്ല എല്ലാം നമുക്ക് ശരിയാക്കാം, “ട്രോഫികള്‍” എന്നൊരു നാടകമുണ്ട് നിന്നെ അതിലെ കേന്ദ്രകഥാപാത്രമാക്കാനാ എന്റെ പ്ലാന്‍... പറഞ്ഞു തീരും മുന്നേ നിന്നനില്പ്പി നു ഞാന്‍ രണ്ടുവട്ടം ചാടി... പക്ഷെ ഷാനു ഒരു പ്രശ്നം ഉണ്ടല്ലോ... എന്ത് പ്രശ്നം? ഞാന്‍ ചോദിച്ചു, കുറച്ച് പൈസ ചിലവ് വരുന്ന നാടകമാണ്‌ ഈ ട്രോഫികള്‍ എന്ന നാടകം, ഇറക്കാന്‍ പൈസയുണ്ടോ? സൈക്കിള്‍ പഞ്ചറായാല്‍ പോലും അത് ശരിയാക്കാന്‍ ഉപ്പച്ചിയുടെ മുന്നില്‍ കൈനീട്ടേണ്ടി വരുന്ന ഞാന്‍ നാടകത്തിനുള്ള പൈസ എവിടെന്ന് ഒപ്പിക്കും? ഞാന്‍ ചോദിച്ചു എത്ര രൂപ വേണ്ടി വരും? ആയിരത്തിന്റെ ഉള്ളില്‍ അത്രേ വരത്തുള്ളു, ഓ അത്രയുള്ളു... ഞാന്‍ വളരെ നിസ്സാരമായി മറുപടി കൊടുത്തു. നാടകത്തിന്റെ പേരില്‍ അഞ്ചു രൂപ പോലും വീട്ടില്‍ നിന്നും പ്രതീക്ഷിക്കേണ്ട, എങ്കിലും ഒന്ന് പരിശ്രമിച്ച് നോക്കാം. അതിനിടയില്‍ നാടകത്തിനു താല്പര്യമുള്ള മറ്റു പിള്ളേര്‍ അവരുടെ ഷെയര്‍ എന്ന നിലക്ക് 800 രൂപ തന്ന് സഹായിക്കാമെന്ന് ഏറ്റു. ആശ്വാസമായി എനി ബാക്കിയുള്ളത് ഒപ്പിച്ചാല്‍ മതിയല്ലോ, എനി ഉമ്മച്ചി തന്നെ രക്ഷ നേരേ സൈക്കിള്‍ വീട്ടിലേക്ക് വെച്ചുപിടിച്ചു... ഉമ്മച്ചിയോട് കാര്യം അവതരിപ്പിച്ചു, ആദ്യം ഒന്ന് എതിര്ത്തെ ങ്കിലും എന്റെ നിര്ബ്ന്ധത്തില്‍ ഉമ്മച്ചി വീണു, ശരി… എനിക്ക് ഉറപ്പില്ല എങ്കിലും ഞാന്‍ ഉപ്പച്ചിയോട് പറഞ്ഞ് നോക്കാം, 200 ചോദിക്കാന്‍ പോയ ഉമ്മച്ചിയെ 400 ന്റെ ചീത്ത പറഞ്ഞ് വെറും കയ്യോടെ ഉപ്പച്ചി തിരിച്ചയച്ചു. അത്രയ്ക്കായോ എന്നോടാ കളി... വീടിന്റെ അടുത്ത് ബല്ക്കീപസ് ഹോട്ടല്‍ ഉള്ളതിന്റെ ധൈര്യത്തില്‍‍ രണ്ടു ദിവസം ഞാന്‍ വീട്ടില്‍ നിന്നും ഒന്നും തന്നെ കഴിച്ചില്ല, രണ്ടു ദിവസവും ഹോട്ടല്‍ ഭക്ഷണം തന്നെ... ആ പൈസയും എനി ഉപ്പച്ചി തന്നെ കൊടുക്കണം അതുകൊണ്ടായിരിക്കണം മൂന്നാമത്തെ ദിവസം ഉപ്പച്ചി പറഞ്ഞു... ഇതാ നീ പറഞ്ഞ പൈസ ഇതോടെ നിര്ത്തിരയേക്കണം എല്ലാം… സമ്മതിച്ചോ? ഞാന്‍ അതെയെന്ന് മൂളി.

പിന്നീട് കുറച്ച് ദിവസം രാത്രിയും പകലുമില്ലാതെ റിഹേഴ്സല്‍ തന്നെയായിരുന്നു, വായില്‍ കൊള്ളാത്ത ഡയലോഗുകള്‍ അതും പോരാഞ്ഞിട്ട് അതിന്റെ കൂടെ ഒരുപാട് ചീത്തയും, തലക്ക് കൊട്ടലും ഒക്കെ മതിയാവോളം കിട്ടി... എനി ജന്മത്ത് നാടകം പോയിട്ട് കണ്ണാടിയുടെ മുന്നില്‍ നിന്ന് അഭിനയിക്കില്ല എന്നുവരെ തീരുമാനിച്ച് പോയി... അങ്ങിനെ യൂത്ത്‌ഫെസ്റ്റിവല്‍ ദിവസം ആയി, ആദ്യത്തെ ദിവസം ഒപ്പനയും, കഥകളിയും ഒക്കെയാ അതൊക്കെ ആരു കാണാന്‍ രണ്ടാമത്തെ ദിവസത്തെ നാടകത്തിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നത്... എനിക്ക് മാത്രം ടെന്ഷ,ന്‍, മറ്റവന്മാരൊക്കെ ഭയങ്കര സന്തോഷത്തിലും കാരണം കൂടുതലും ഡയലോഗുകള്‍ എനിക്കാണ്‌ അതുമല്ല ഏറ്റവും കൂടുതല്‍ സമയം സ്റ്റേജില്‍ ഞാന്‍ മാത്രേ കാണു, വല്ല പൊട്ടന്റെ കഥാപാത്രം ആയിരുന്നേല്‍ ഇത്രേം ടെന്ഷ ന്റെ കാര്യമില്ലായിരുന്നു. രണ്ട് ദിവസമായിട്ട് ശരിക്കും ഭക്ഷണം കഴിച്ചിട്ടില്ല, ഒന്ന് ഉറങ്ങിയിട്ടില്ല... ഇതൊക്കെ ആരോട് പറയാന്‍? നാടകത്തിനു വേണ്ടി മെയ്ക്കപ്പ് പരിപാടി ആരംഭിച്ചു... ഒരു സ്കൂള്‍ കുട്ടിയുടെ വേഷമാണ്‌ എനിക്ക് തന്നിട്ടുള്ളത്, ഒരു ട്രൗസറും പിന്നെ ഒരു ഷര്ട്ടും അതിലേക്ക് ഒരു ടൈയ്യും ഇത്രേയുള്ളു എനിക്കുള്ള വേഷം... ആദ്യത്തേത് ഒരു കൂതറ നാടകമായിരുന്നെന്ന് പുറത്തേ കൂക്കുവിളി കേട്ടപ്പോള്‍ മനസ്സിലായി അതിനേക്കാള്‍ വല്യ കൂക്കുവിളി ഞങ്ങളുടെ നാടകത്തിനു ഞാന്‍ എന്തായാലും പ്രതീക്ഷിച്ചു... അടുത്തത് ഞങ്ങളുടെ നാടകം... അനൗണ്സ്മെ ന്റ് കഴിഞ്ഞു അറക്കാന്‍ കൊണ്ടു പോവുന്ന പോത്തിനെ പോലെ ഞാന്‍ സ്റ്റേജിന്റെ പിറകിലേക്ക് കയറി നിന്നു… കര്ട്ടലന്‍ പതുക്കെ പൊക്കി... നാടകം തുടങ്ങുന്നതിനു മുന്നെ കൂക്കുവിളി തുടങ്ങി, ഞാന്‍ പേടിച്ച് വിറച്ച് രംഗത്തെത്തി എന്റെ ആദ്യത്തെ ഡയലോഗ് ഒരു തെറ്റും വരുത്താതെ പറഞ്ഞൊപ്പിച്ചു... ഒരുപാട് കയ്യടിയും, പിന്നെ കുറച്ച് കൂക്കുവിളിയും കിട്ടി, ഹാവു സമാധാനമായി... പിന്നെ ധൈര്യമൊക്കെ ചെറുതായിട്ട് വന്നു തുടങ്ങി... നാടകം വളരെ ഉഷാറായി തന്നെ മുന്നോട്ട്... എല്ലാവരും തകര്ത്തുഭിനയിച്ചു നാടകം അവസാനഘട്ടമായി... ബെഞ്ചിന്റെ മുകളില്‍ നിന്ന്‌ ട്രോഫികൊണ്ട് ഒരുപാട് വട്ടം തലയ്ക്കടിച്ച് പിന്വ ശത്തേക്ക് മരിച്ച് വീഴുന്നതാണ്‌ അവസാനത്തെ ഭാഗം, വീഴുമ്പോള്‍ പിടിക്കാനായി രണ്ടു മൂന്നുപേരെ പിന്‍‌വശത്ത് സം‌വിധായകന്‍ നിര്ത്തി യിരുന്നു... എന്തോ എന്റെ ഗംഭീര പ്രകടനം കണ്ടിട്ടാണെന്ന് തോന്നുന്നു അവന്മാര് സ്റ്റേജിന്റെ മുന്നില്‍ വന്നിരുന്നു, ട്രോഫി കൊണ്ടുള്ള അടിയും, ഭക്ഷണം കഴിക്കാത്തതിന്റെയും ഉറങ്ങാത്തതിന്റെയും ഒക്കെ ക്ഷീണം കൊണ്ട് ക്യത്യ സമയത്ത് തന്നെ ഞാന്‍ ബോധംകെട്ട് അപ്പുറത്തേക്ക് വീണു. എല്ലാവരും കരുതിയത് ഞാന്‍ തകര്ത്ത് അഭിനയിച്ചു എന്നാണ്‌, എന്തായാലും ആ ഒരു വീഴ്ച കൊണ്ട് മാത്രം ആ വര്ഷ ത്തെ ഏറ്റവും നല്ല നാടകവും, നല്ല നടനുള്ള (എനിക്ക്) പുരസ്ക്കാരവും "ട്രോഫികള്‍" നേടിയെടുത്തു എന്നതില്‍ ഞാന്‍ ഇപ്പോഴും അഭിമാനം കൊള്ളുന്നു, പിന്നീട് ഒരുപാട് അവസരങ്ങള്‍ വന്നെങ്കിലും ഇത്‌വരെയും നാടകത്തില്‍ അഭിനയിച്ചിട്ടില്ല, പക്ഷെ ഒരു നല്ല നടനായി ജീവിതത്തില്‍ ഇപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുന്നു.

Wednesday, May 18, 2011

അലമ്പ‌ന്മാരുടെ ഗാനമേള



ഗാനമേള എന്നു കേട്ടാല്‍ അവിടെ ഓടിയെത്തും ഞാനും എന്റെ കൂട്ടുകാരും, അന്നത്തെ കാലത്ത് ഞങ്ങള്‍ക്ക് ഒരുതരം ക്രെയ്സ് ആയിരുന്നു ഈ ഗാനമേള എന്ന സംഭവം... പാട്ടിനു അനുസരിച്ച് ചാടിക്കളിയും, പിന്നെ കൂവി വിളിക്കലും, കല്ലെടുത്ത് എറിയലും, കമ്മറ്റിക്കാരെ ചീത്ത വിളിക്കലും അങ്ങിനെ ഒരുപാട് വെറൈറ്റി ഐറ്റംസ് ഉണ്ട് ഞങ്ങളുടെ കയ്യില്‍ ഇതൊക്കെ വല്യ ചിലവില്ലാത്ത കേസല്ലെ! എന്നിട്ടോ ഇതുവരെയും ഒരു ചീത്തപ്പേരും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നാണ്‌ ഞങ്ങളുടെ പൊതുവെയുള്ള വിലയിരുത്തല്‍ നാട്ടുകാര്‍ക്ക് ആണെല്‍ നേരെ തിരിച്ചും അല്ല അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല നല്ല രീതിയില്‍ നടത്തുന്ന ഗാനമേളകള്‍ അലമ്പാക്കാന്‍ വേണ്ടി മാത്രം പൊട്ടിത്തെറിച്ച കുറേയെണ്ണം, അതെ ഈ ഞങ്ങള്‍ തന്നെ... വല്ല പെണ്ണും കയറി പാടാന്‍ നിന്നാല്‍ മാത്രം ഞങ്ങള്‍ വളരെ സൈലന്റ് ആയി കേള്‍ക്കും അതിനു പകരം ഒരു ആണാണെങ്കിലോ പിന്നെ തുടങ്ങിയതെ അവനു ഓര്‍മ്മ കാണു ഞങ്ങള്‍ കൂവി തോല്പ്പിക്കും, എങ്കിലും തടികേടാവുന്ന കേസായത് കൊണ്ട് അടികൊള്ളാതെ നോക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്, പല അടിയും പല വഴിക്ക് ആയിട്ട് മുടങ്ങി പോയിട്ടുണ്ട് എന്നെങ്കിലും അതൊക്കെ പലിശയടക്കം കിട്ടുമെന്നുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു.

മറ്റു പലരും നടത്തുന്ന ഗാനമേള കണ്ട് ഞങ്ങള്‍ക്ക് ഒരു ആഗ്രഹം സ്വന്തമായിട്ട് ഒരു പരിപാടി വെച്ചാലോ എന്ന്, അതിനെ കുറിച്ച് ഞങ്ങള്‍ ഒരു ചര്‍ച്ചവരെ നടത്തി, എന്നിട്ട് "അലമ്പ്‌റോഡ് ടീം" എന്നൊരു ഗ്രൂപ്പിനു രൂപം കൊടുത്തു. പിന്നെ അതിന്റെ പിറകില്‍ ആയി എല്ലാവരും, കൊച്ചിയില്‍ നിന്നും ഒരു ടീമിനെ ഗാനമേളക്ക് വേണ്ടി ഞങ്ങള്‍ ബുക്ക് ചെയ്തു, ഒരു അടിപൊളി ഗാനമേള ആയിരുന്നു ഞങ്ങളുടെ മനസ്സില്‍, കൂവുന്നവരെ കൈകാര്യം ചെയ്യാന്‍ വേണ്ടി തന്നെ ഒരു സ്ക്വാഡിനെ നിയമിച്ചു അവര്‍ക്ക് വേണ്ടി കുറച്ച് തുകയും വകയിരുത്തി, നല്ലപോലെ പബ്ലിസിറ്റി കൊടുത്തത് കൊണ്ട് ആളുകളുടെ തള്ളിക്കയറ്റം ഞങ്ങള്‍ പ്രതീക്ഷിച്ചു.

വീടിനടുത്ത് ഒഴിഞ്ഞ് കിടക്കുന്ന ഒരു പറമ്പുണ്ട് അവിടെയാ പരിപാടി, എനിക്കായിരുന്നു ഒരുവിധം എല്ലാ ചുമലതകളും അതുകൊണ്ട് തന്നെ എല്ലാവരുടെയും ഇടയില്‍ കുറച്ച് മസില്‍ (?) പിടിക്കേണ്ടി വന്നു എന്നത് സത്യം, മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായൊരു പരിപാടി ആയതോണ്ട് അധികം വല്യ ചടങ്ങൊന്നുമില്ലാതെ ഗാനമേള ആരംഭിച്ചു, തുടക്കം തന്നെ ഗംഭീര പ്രകടനം... ആട്ടത്തിന്റെ എ.ബി.സി.ഡി അറിയാത്ത വാസു ചേട്ടന്‍ പോലും നടുറോഡില്‍ മൂണ്‍‌വാക്ക് നടത്തി... മലയാള പാട്ടുകള്‍ തല്‍ക്കാലം പാടേണ്ട എന്നൊരു സൂചന ഗാനമേളക്കാര്‍ക്ക് കൊടുത്തിരുന്നു അതുകൊണ്ടായിരിക്കാം അവര്‍ തമിഴില്‍ പരീക്ഷണം നടത്തിയത്, ആദ്യത്തെ പാട്ടു കേട്ടപ്പോള്‍ തന്നെ ഇവന്മാര്‍ക്ക് കൊടുത്ത പൈസ മുതലായി എന്നൊരു പ്രതീതി നാട്ടുകാരുടെ മുഖത്ത് നിന്നും ഞങ്ങള്‍ വായിച്ചെടുത്തു... അതുമതി അതുമാത്രം മതി. നല്ലവരായ നാട്ടുകാരുടെ സന്തോഷം അതാണ്‌ ഞങ്ങളും പ്രതീക്ഷിച്ചത്, അതിനിടയില്‍ ഞാനടക്കം ഈ കമ്മറ്റിയില്‍ ഉള്ളവര്‍ക്ക് പുട്ടടിക്കാന്‍ ബക്കറ്റ് പിരിവും വളരെ ഉഷാര്‍ ആയി നടന്നിരുന്നു... രണ്ട് മൂന്ന് പാട്ടുകള്‍ ഒക്കെ കഴിഞ്ഞു ആടി ആടി ഒരുവിധം എല്ലാം തളര്‍ന്ന് ഇരിക്കുവാ എങ്കില്‍ കുറച്ചൂടെ ഹരം കേറിക്കോട്ടെ എന്നു കരുതി "ഖുഷി" എന്ന തമിഴ് സിനിമയിലെ "കെട്ടിപുടി കെട്ടിപുടിടാ" എന്ന് തുടങ്ങുന്ന പാട്ട് പാടാന്‍ കമറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിറോസ് ഗാനമേളയിലെ തബല ചേട്ടനോട് പറഞ്ഞു, ആ ചേട്ടന്‍ പറഞ്ഞു ആ പാട്ട് ഇതുവരെയും ഞങ്ങളുടെ ഒരു പരിപാടിയിലും പാടിയിട്ടില്ല എന്തായാലും ഞാന്‍ പാടുന്ന കുട്ടിയോട് പറഞ്ഞു നോക്കാം പക്ഷെ ഈ പാട്ട് ഇവിടെ ഏല്‍ക്കുമോ? സംശയം വേണ്ട ഈ പാട്ട് ഇവിടെ മാത്രേ ഏല്‍ക്കൂ, ചേട്ടന്‍ ധൈര്യമായി ആ കുട്ടിയോട് പാടാന്‍ പറയു, ഞങ്ങളുടെ പറച്ചില്‍ കേട്ട് ആ ചേട്ടന്‍ ആ കുട്ടിയോട് കാര്യം അവതരിപ്പിച്ചു, ആ കുട്ടി പാടാമെന്ന് ഏല്‍ക്കുകയും ചെയ്തു. എങ്കില്‍ അടുത്തത് ഈ പാട്ട് തന്നെ... വിളിച്ച് പറയുന്നത് അക്ബര്‍ ആണ്‌, പാടുന്നത് ഈ കുട്ടി ആണെന്ന് അറിഞ്ഞപ്പോള്‍ കുറച്ചൂടെ ശബ്ദത്തില്‍… "ഖുഷി" എന്ന സൂപ്പര്‍ഹിറ്റ് തമിഴ് സിനിമയിലെ "കെട്ടിപുടി കെട്ടിപുടിടാ" എന്ന് തുടങ്ങുന്ന പാട്ട് നിങ്ങള്‍ക്ക് വേണ്ടി പാടുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം നിമ്മി... പാട്ടിന്റെ പേരും, പെണ്ണിന്റെ പേരും, അക്ബറിന്റെ ശബ്ദം കൂടെ കേട്ടപ്പോള്‍ ഉറക്കം തൂങ്ങിയിരുന്ന ഹംസക്ക വരെ ചാടിയെണീറ്റിരുന്നു. പാട്ടു തുടങ്ങി... കുറച്ച് കഴിഞ്ഞപ്പോള്‍ ആ കുരുത്തംകെട്ട പെണ്ണ് ഒരു ആവശ്യവുമില്ലാതെ താഴേക്ക് ഒന്ന് ഇറങ്ങി നിന്നു, പാവം ഹരം കൊള്ളിക്കാന്‍ ചെന്നതാവും, പക്ഷെ സംഭവിച്ചത് മറ്റൊന്ന്, അവളുടെ മുടി ഒറിജിനല്‍ ആണോ എന്നറിയാന്‍ കൂട്ടത്തിനിടയില്‍ ഏതൊ ഒരുത്തന്‍ മുടി പിടിച്ച് വലിച്ചു നോക്കി, അവന്‍ സംശയിച്ചതില്‍ തെറ്റ് പറയാന്‍ പറ്റില്ല കാരണം അവന്റെ കയ്യിന്റെ കൂടെ തന്നെ മുടി ഒന്നാകെ അങ്ങ് പറിഞ്ഞു പോന്നു... അവന്‍ അതേപടി അത് തിരിച്ച് കൊടുക്കുകയും ചെയ്തു പക്ഷെ അവളുടെ കൂടെ പാടാന്‍ നിന്നിരുന്ന ചെക്കനു ഇത് തീരെയങ്ങോട്ട് പിടിച്ചില്ല, അവന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങി മുടി ഇളക്കി എടുത്തവനിട്ട് ഒന്നോ അതോ രണ്ടോ പൊട്ടിച്ചു. പിന്നെ അവിടെ കൊട്ടിക്കലാശം തന്നെ ആയിരുന്നു... തബലയും, ഫ്ലൂട്ടും, മൈക്കും ഒക്കെ എന്റെ തലയുടെ മുകളിലൂടെ പറന്ന് പോവുന്ന കാഴ്ച എനിക്ക് കാണേണ്ടി വന്നു. മുടി ഇളക്കിയവന്‌ നാട്ടില്‍ ഇത്രേം പിടിപാട് ഉണ്ട്ന്ന് പിന്നെയാ മനസ്സിലായത് കാരണം ഞാനടക്കം ഇത്രേം നേരം സ്റ്റേജില്‍ ഉണ്ടായിരുന്ന ആളുകള്‍ ഒക്കെ നിലത്ത് കിടന്ന് പാമ്പിനെ പോലെ ഇഴയുന്നു, ചുരുക്കി പറഞ്ഞാല്‍ പോറോട്ടക്ക് മാവ് കുഴക്കുന്ന പോലെ എല്ലാത്തിനെയും (തക്ക സമയത്ത് മുങ്ങിയ കമ്മറ്റിയിലെ ചില മെമ്പര്‍മാര്‍ ഒഴികെ) അവന്മാര്‍ നല്ലപോലെ കുഴച്ചെടുത്തു... പിന്നീടങ്ങോട്ട് രണ്ട് മൂന്ന് ദിവസം വേദനകളുടെ നാളുകള്‍ തന്നെയായിരുന്നു... പിന്നെ ആകെയുള്ള ആശ്വാസം ബക്കറ്റ് പിരിവ് നടത്തിയത് കൊണ്ട് ഹോസ്പിറ്റല്‍ ചിലവിന്‌ പൈസക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.

Saturday, May 14, 2011

ഇലക്ഷന്‍ റിസള്ട്ടും , പിന്നെ റിപ്പോര്ട്ടടര്‍ ചാനലും...



തിരക്കിട്ട ഓഫീസ് ജീവിതത്തില്‍ വീണു കിട്ടുന്ന രണ്ടു ദിവസം വെള്ളിയും, ശനിയും ഈ രണ്ടു ദിവസവും ഞങ്ങള്‍ക്ക് ഒഴിവു ദിവസമാണ്‌ മനസ്സില്‍ കുറച്ചൊക്കെ സന്തോഷം തോന്നുന്ന ദിവസം നേരത്തെ എഴുന്നേല്‍ക്കേണ്ട, ഓഫീസിലേക്ക് ചാടിപിടഞ്ഞ് പോവേണ്ട അതൊക്കെ തന്നെയാ റീസണ്‍, പക്ഷെ ഇക്കഴിഞ്ഞ വെള്ളി എനിക്ക് അത്ര സന്തോഷം തന്ന ദിവസം ആയിരുന്നില്ല... ഇലക്ഷന്‍ റിസള്‍ട്ട് വരുന്ന ദിവസം ആയിരുന്നു, എനിക്കിഷ്ടം സഖാവ് വി.എസ്സിനെ ആയിരുന്നു പെണ്‍പിടുത്തക്കാരോടും, അഴിമതിക്കാരോടും അദ്ദേഹം എടുത്ത കടുത്ത നിലപാട് ഇതൊക്കെ ആയിരിക്കാം അദ്ദേഹത്തെ എന്നിലേക്ക് ആകര്‍ഷിച്ചതും ഇവിടെ അതല്ല വിഷയം ഇക്കഴിഞ്ഞ വ്യാഴായ്ച എന്ത് സംഭവിച്ചു എന്നാണ്‌.

ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ വേണ്ടി ഞാനും അമ്മായിടെ മോനും കൂടെ ജവഹര്‍ ഹോട്ടലില്‍ കയറിയതാ പൊതുവെ പത്രം വായിക്കുന്ന ശീലം എനിക്കില്ല, ഓര്‍ഡര്‍ ചെയ്ത മസാലദോശ കിട്ടാന്‍ ഒരുപാട് വൈകി എന്നാപിന്നെ ആ നേരം പത്രം ഒന്ന് നോക്കിയേക്കാം എന്നു കരുതി, എല്ലാ വാര്‍ത്തയും വായിക്കാന്‍ ഇരുന്നാല്‍ ശരിയാവത്തില്ല ചുമ്മ ഒന്നു ഓടിച്ച് നോക്കല്‍ അത്രേ പറ്റൂ, അല്ലെങ്കിലും ആവശ്യമുള്ളിടത്തേക്ക് എന്റെ കണ്ണ് പോവുല്ല എങ്കിലും ആദ്യ പേജില്‍ തന്നെ ഒരു പരസ്യം കണ്ടു ഏഴു ആണുങ്ങളും ഒരു പെണ്ണും മസ്സില്‍ പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടൊ കൂട്ടത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ "എണ്ണുമ്പോള്‍ ഞങ്ങള്‍ മുന്നിലുണ്ടാകും!" ആഹാ ഇത് നമ്മുടെ നികേഷ് കുമാറും പിന്നെ വേണു ചേട്ടനുമല്ലേ? ബാക്കി ഉള്ളവരെ സത്യത്തില്‍ എനിക്ക് മനസ്സിലായില്ലട്ടോ. ഇന്ത്യാവിഷന്‍ എന്ന ന്യൂസ് ചാനലില്‍ വളരെ തലയെടുപ്പോടെ നിന്നിരുന്ന ഈ സഖാവ് (?) ഇതാ ഒരു പുതിയ ചാനല്‍ ഒക്കെ തുടങ്ങി ജനങ്ങളെ ഞെട്ടിക്കാന്‍ പോവുന്നു എന്നാ പിന്നെ ഇത്തവണത്തെ ഇലക്ഷന്‍ റിസള്‍ട്ട് ഈ ചേട്ടന്റെ ചാനല്‍ വഴി തന്നെ ആകട്ടെയെന്ന് കരുതി. ഓഫീസില്‍ വന്നപ്പോഴും എല്ലാവരുടെയും ചര്‍ച്ച “റിപ്പോര്ട്ടര്‍” എന്ന ചാനലിനെ കുറിച്ച് തന്നെയായിരുന്നു അതോടെ എന്റെ ഇന്ററെസ്റ്റ് കൂടി പിന്നെ മനസ്സില്‍ ആകെ കൂടെ ഈ ചിന്തയെ ഉണ്ടായിരുന്നുള്ളൂ, ഇന്ന് റൂമില്‍ ചെന്നിട്ട് വേണം ആ ചാനല്‍ ഒന്ന് ട്യൂണ്‍ ചെയ്തെടുക്കാന്‍ സെറ്റപ്പ് ചെയ്യേണ്ട വിധമൊക്കെ കൂട്ടുക്കാരില്‍ നിന്നും എഴുതിയെടുത്തു... അങ്ങിനെ റൂമില്‍ എത്തി മറ്റുപരിപാടികള്‍ എല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു എന്നിട്ട് റിമോട്ട് എടുത്ത് ട്യൂണിംഗ് തുടങ്ങി ഒരുതരം അക്രാന്തം ആയിരുന്നു, ഓരോ ബട്ടണ്‍ അമര്‍ത്തുമ്പോഴും അതെന്തെക്കൊയോ ചോദിച്ചോണ്ടിരുന്നു അതെല്ലാം ആരു വക വെയ്ക്കുന്നു ഞാന്‍ എല്ലാത്തിനും ഓകെ കൊടുത്ത് കൊണ്ടിരുന്നു. അതിനിടയില്‍ ഒന്നുമാത്രം എന്റെ ശ്രദ്ധയില്‍പ്പെട്ടു "നിലവിലുള്ള ചാനലുകള്‍ ഡിലീറ്റ് ചെയ്യട്ടെ?" പക്ഷെ അപ്പോഴേക്കും ഞാന്‍ ഓകെ ബട്ടണ്‍ പ്രസ്സ് ചെയ്തിരുന്നു, അതോടെ അതു പോയി കിട്ടി പിന്നെ കരിമ്പിന്‍ തോട്ടത്തില്‍ കയറിയ ആനയെ പോലെ ഞാന്‍ അവിടെയും ഇവിടെയും കയറി ഒന്ന് അര്‍മാദിച്ചു അവസാനം ഇതുവരെ ചെയ്ത പരിപാടി സേവ് ചെയ്യുകയും ചെയ്തു അതിനിടയില്‍ അമ്മായിടെ മോന്‍ ചോദിച്ചു ശരിയായോ എന്ന് എന്റെ ഒരു മനസ്സമാധാനത്തിനു വേണ്ടി മാത്രം ഞാന്‍ പറഞ്ഞു "ഇപ്പൊ ശരിയാവും, നീ കഞ്ഞി വെയ്ക്കാനുള്ള പണി തുടങ്ങിക്കോ എന്ന്" അവന്‍ അത് കേള്‍ക്കേണ്ട താമസം അടുക്കളയിലേക്ക് പോയി ഞാന്‍ പിന്നെം അതിന്മേലിട്ട് പണിയാന്‍ തുടങ്ങി പണിത് പണിത് ഞാന്‍ ഒരു വിധം ആയി... വല്ലാത്തൊരു ചൂട് ഞാന്‍ ഏ.സി ഓണ്‍ ചെയ്തു... രക്ഷയില്ല... ആദ്യം ഉണ്ടായിരുന്ന ചാനല്‍ കൂടെ പോയി എനി അമ്മായിടെ മോനോട് എന്ത് സമാധാനം പറയും? അവനാണെല്‍ അമ്യത ടീവിയിലെ "കഥയല്ലിത് ജീവിതം" എന്ന പരിപാടി മുടങ്ങാതെ കാണുന്നതാ, ഇന്നെന്തായാലും അത് നടക്കില്ല... എന്റെ ജീവിതം കൊണ്ട് അവന്‍ ഒരു കഥ എഴുതുമെന്ന് ഉറപ്പായി... അവന്‍ ഒന്ന് വന്നു നോക്കി ഞാന്‍ പെട്ടെന്ന് തന്നെ റിസീവര്‍ ഓഫ് ചെയ്തു പിന്നെ ഓണ്‍ ചെയ്തു "സര്‌വ്വീസ് നോട്ട് എവയ്‌ലബിള്‍" എന്നൊരു മെസ്സേജ് സ്ക്രീനില്‍ തെളിഞ്ഞു വന്നു. ഞാനൊന്ന് ചിരിച്ച് കാണിച്ചു, ത്യപ്തിയായല്ലോ? എന്തൊക്കെ പുകില്‍ ആയിരുന്നു? നിനക്ക് എന്തിന്റെ കേടാടാ ചെക്കാ! മര്യാദയ്ക്ക് ആദ്യത്തെ പോലെ ശരിയാക്കി തന്നോ അല്ലെങ്കില്‍ നീ വിവരമറിയും അമ്മായിടെ മോന്‍ എന്നെയൊന്ന് പേടിപ്പിച്ചു. അവന്‍ ചൂടായി എന്ത് പറഞ്ഞാലും എനിക്ക് കോമഡി ആയിട്ടെ തോന്നു അതുകൊണ്ട് ഞാന്‍ പേടിച്ചില്ല... എന്നാലും ഇതിനു എന്തുപറ്റി കാണുമെന്നായി എന്റെ ചിന്ത, ഞാന്‍ പിന്നെയും റിമോട്ട് എടുത്ത് ഒരുവട്ടം കൂടെ പയറ്റി നോക്കി, എനി ഒരു രക്ഷയുമില്ല... ഞാന്‍ അവനോട് ചോദിച്ചു നമുക്കിത് കടയില്‍ കൊണ്ട്‌പോയി ശരിയാക്കിയാലോ? ഇന്നിത് ശരിയാക്കിയില്ലേല്‍ നാളെ നമ്മള്‍ എങ്ങിനെ ഇലക്ഷന്‍ റിസള്‍ട്ട് ലൈവ് കാണും? നീ ഒറ്റയ്ക്ക് പോയി ശരിയാക്കി കൊണ്ടുവന്നാ മതി അതും പറഞ്ഞ് ഒരുമാതിരി രാഷ്‌ട്രീയക്കാരെ പോലെ അവന്‍ കയ്യൊഴിഞ്ഞു. പ്ലീസ് നീയും കൂടെ ഒന്ന് വാടാ എന്റെ കൂടെ... കാലില്‍ വീഴാന്‍ അവന്‍ സമ്മതിച്ചില്ല അപ്പോഴേക്കും അവന്‍ ഓകെ പറഞ്ഞു, റിസീവര്‍ ഊരിയെടുത്ത് ഒരു കവറിലിട്ടു എന്നിട്ട് നേരേ റിസീവര്‍ നന്നാക്കുന്ന കടയിലേക്ക് നടന്നു... കടയില്‍ എത്തി... അമ്മായിടെ മോന്‍ കടക്കാരനോട് പറഞ്ഞു ഇതിന്‌ ഇന്നലെ വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ഒരു ചാനലിനു വേണ്ടി ഈ ബുദ്ധിമാന്‍ ഇന്നൊന്ന് പരിശ്രമിച്ചതാ ആ പരിശ്രമം പാളിപ്പോയി ഇതൊന്ന് പെട്ടെന്ന് ശരിയാക്കി തരണം ഞങ്ങള്‍ ഇവിടെ വെയ്റ്റ് ചെയ്യാം. അമ്മായിടെ മോന്‍ പറയുന്നതനുസരിച്ച് ഞാന്‍ തലയാട്ടി കൊടുത്തു അല്ലെങ്കില്‍ കടക്കാരന്‍ ഒന്നും അറിയാത്ത പാവം അവനെ തെറ്റിദ്ധരച്ചാലോ?... കടയിലെ പയ്യന്‍ റിസീവര്‍ കണക്ട് ചെയ്ത് റിമോട്ട് എടുത്ത് രണ്ട് ഞെക്കല്‍ അവിടെയും ഇവിടെയും സംഭവം വര്‍ക്കായി... ആഹാ കൊള്ളാമല്ലോ പരിപാടി എന്ന് മനസ്സില്‍ ഞാന്‍ പറഞ്ഞു പോയി. ഇതാ സംഭവം ശരിയായിട്ടുണ്ട് സര്‍‌വീസ് ചാര്‍ജ്ജ് 20 റിയാല്‍... പൈസയെടുക്കാന്‍ ഞാന്‍ പോക്കറ്റില്‍ കയ്യിട്ടു അതെ സ്പീഡില്‍ ഞാന്‍ കൈ പിന്‍‌വലിച്ചു അയ്യോ! പെഴ്സ് എടുത്തില്ല! അമ്മായിടെ മോന്‍ എന്നെയൊന്ന് നോക്കി എന്നിട്ട് ചോദിച്ചു എന്തെയെന്ന്? ഞാന്‍ പതുക്കെ പറഞ്ഞു "പെഴ്സ് എടുക്കാന്‍ മറന്നു" ആണൊ എങ്കില്‍ മാറിനില്‍ക്ക് ഞാന്‍ കൊടുത്തോളാം... എന്റെ മനസ്സില്‍ അവനോടുള്ള ഇഷ്ടം പിന്നെയും കൂടി ഇത്രേം ഒക്കെ ഞാന്‍ കാട്ടികൂട്ടിയിട്ടും ഒരു ആപത്ത് ഘട്ടം വന്നപ്പോള്‍ സഹായിച്ചത് കണ്ടില്ലേ! പക്ഷെ ആ ഇഷ്ടം കടയില്‍ നിന്നും ഇറങ്ങുന്നത് വരെ ഉണ്ടായിരുന്നുള്ളു കാരണം കടയില്‍ നിന്നും ഇറങ്ങി റൂം എത്തുന്നത് വരെ അവന്‍ എന്നെ വിളിക്കാത്തതായിട്ട് എനി ഒന്നുമില്ല, എല്ലാം ഞാനായിട്ട് വരുത്തിവെച്ചതല്ലേ എനി അവന്‍ എന്ത് വിളിച്ചാലും കേള്‍ക്കുക തന്നെ… നടത്തം ആരോഗ്യത്തിനു നല്ലതെന്ന് കരുതി ഞങ്ങള്‍ റൂമിലേക്ക് നടന്ന് നീങ്ങി.

വാല്‍ക്കഷ്ണം: റൂമില്‍ എത്തി റിസീവര്‍ കണക്ട് ചെയ്തു റിപ്പോര്‍ട്ടര്‍ ചാനല്‍ വെച്ചു നോക്കി, ആളെ കാണുന്നില്ല പക്ഷെ നികേഷ് ചേട്ടന്റെ ശബ്ദം മാത്രം കേട്ടു, പിന്നെ ഇന്നാണ്‌ ഒരു കാര്യം അറിഞ്ഞത് റിപ്പോര്‍ട്ടര്‍ ചാനല്‍ സാധാരണ റിസീവറില്‍ കിട്ടുകയില്ല, അതിനു 800 റിയാല്‍ മുടക്കി എച്ച്.ഡി റിസീവര്‍ തന്നെ വാങ്ങിച്ച് വെയ്ക്കണമെന്ന്, 800 റിയാല്‍ മുടക്കി തല്‍ക്കാലം റിപ്പോര്ട്ടര്‍ ചാനല്‍ കാണേണ്ട എന്ന തീരുമാനത്തിലാ ഞാനും എന്റെ അമ്മായിടെ മോനും.

Tuesday, May 10, 2011

എന്റെ ആദ്യത്തെ സമരം



ഞാന്‍ പത്താം തരത്തില്‍ പഠിക്കുന്ന കാലം, അന്നൊക്കെ എന്നെ കണ്ടാല്‍ പത്തില്‍ പഠിക്കുന്ന പയ്യനാണെന്ന് കണ്ടാല്‍ കൂടെ ആരും പറയത്തില്ല, സ്കൂളിനടുത്ത് തന്നെയാ എന്റെ വീട്, അതുകൊണ്ട് തന്നെ ക്ലാസ്സ് കട്ടുചെയ്ത് സിനിമയ്ക്ക് പോവുന്ന പരിപാടി ഒന്നും നടക്കത്തില്ല എനിയെങ്ങാനും നടത്തിയാല്‍ സ്കൂള്‍ കഴിഞ്ഞ് പോവുന്ന വഴിക്ക് ടീച്ചര്‍മാര്‍ വീട്ടില്‍ കയറി ഞാന്‍ കട്ടിയ കാര്യം എരിവും, പുളിയും ചേര്‍ത്ത് ചോര്‍ത്തികൊടുക്കും പിന്നെ ഉപ്പച്ചിയുടെ വക ചൂരല്‍ പ്രയോഗവും ഉമ്മച്ചിയുടെ വക ഉപദേശ പ്രയോഗവും, ഒന്നോര്‍ക്കുമ്പോള്‍ ഉപ്പച്ചിയുടെ ചൂരല്‍ പ്രയോഗം തന്നെയാ നല്ലത്, അതാവുമ്പോള്‍ കുറച്ച് നേരത്തെ വേദനയേ കാണു മറ്റേത് അങ്ങിനെയല്ല ഒരുമാതിരി എന്തോ പോലെയാ ഒന്നിനും ഒരു ഉഷാര്‍ കാണത്തില്ല, എന്തിനേറെ പറയുന്നു നേരാവണ്ണം ഒന്ന് ഉറങ്ങാന്‍ പറ്റുവോ? യെവിടെ? അതുകൊണ്ട് ഉമ്മച്ചിയോട് ഞാന്‍ പലപ്പോഴും പറയാറുണ്ട് എന്നെ വേണേല്‍ ഉലക്ക കൊണ്ട് തല്ലികൊന്നോ എന്നാലും ഉപദേശിക്കല്ലെയെന്ന്, എന്റെ അറിവില്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഉമ്മച്ചി എന്നെ തല്ലികൊല്ലുമോ? എന്തായാലും രണ്ടുപേരുടെയും ഈ പ്രയോഗങ്ങള്‍ക്ക് ഒരു ചാന്‍സ് കൊടുക്കാതെ ഞാന്‍ നല്ല പയ്യനായി നടന്നിരുന്ന കാലം. ഒന്നുമുതല്‍ ഒമ്പതുവരെ ഇടകലര്‍ന്ന പഠിത്തം (ആണും, പെണ്ണും) ആയിരുന്നു, സയാമീസ് ഇരട്ടകളെ പോലെ ഒരു തലയും രണ്ട് ഉടലും ആയി നടന്നിരുന്ന ഞങ്ങളെ വേര്‍പ്പെടുത്താന്‍ തന്നെ പി.ടി.എ തീരുമാനിച്ചു ആണുങ്ങള്‍ക്ക് ഒരു ക്ലാസ്സും പെണ്ണുങ്ങള്‍ക്ക് വേറൊരു ക്ലാസ്സും, ഒമ്പതില്‍ എന്റെ കൂടെ പഠിച്ചിരുന്ന റുക്മിണിക്കും, സൗദാമിനിക്കും ഈ ഒരു മാറ്റം വല്യൊരു ഷോക്കായി മാറി അതിലേറെ എനിക്കും, ഈ ഒരു കാരണം കൊണ്ട് എന്റെ പഠിത്തം ഇവിടെ വെച്ച് നിര്‍ത്തിയാലോ എന്നുവരെ ചിന്തിച്ചു പിന്നെ കരുതും എന്തിനാ വെറുതെ ഉപ്പച്ചിയെകൊണ്ട് പുതിയ ചൂരലിന്റെ പൈസ കളയിക്കുന്നതെന്ന് കാരണം പുള്ളിക്കാരന്‍ തല്ലാന്‍ തുടങ്ങിയാല്‍ പിന്നെ ആ ചൂരല്‍ ഒടിയാതെ അതില്‍ നിന്നും പിന്മാറത്തില്ല. ഒരു ദിവസം എവിടെയോ ആരുടെയോ എന്തോ എപ്പോഴോ... സത്യത്തില്‍ സംഭവം എന്താണെന്ന് എനിക്കിപ്പോഴും അറിയത്തില്ല സ്കൂളില്‍ സമരം നടത്താന്‍ അവിടെത്തെ ചോട്ടാ നേതാക്കള്‍ തീരുമാനിച്ചു. തീരുമാനിക്കുന്ന സമയം ഒന്നാമനായി ഞാന്‍ അവിടെ ഉണ്ടായിപോയി എന്നൊരു തെറ്റ് അറിയാതെ ഞാന്‍ ചെയ്തു പോയി (എങ്ങിനെയെങ്കിലും ഇന്നത്തെ ദിവസം ക്ലാസ്സ് നടക്കാന്‍ പാടില്ല അത്രേ ഉണ്ടായിരുന്നുള്ളു), അന്നത്തെ ദിവസം ആദ്യത്തെ പിരീഡ് ക്ലാസ്സ് എടുക്കാന്‍ ടീച്ചര്‍ വന്നു. ഗുഡ്മോര്‍ണിംഗ് ടീച്ചര്‍... ഗുഡ്മോര്‍ണിംഗ് ഗുഡ്മോര്‍ണിംഗ്... ഇന്നലെ പറഞ്ഞതൊക്കെ പഠിച്ച് വന്നിട്ടുണ്ടല്ലോ? പഠിച്ച് വന്നവര്‍ ആണെന്ന് തോന്നണു ടീച്ചര്‍ ചോദിച്ച അതേ സ്പീഡില്‍ മറുപടി കൊടുത്തു, പഠിക്കാത്തോണ്ട് ഞാന്‍ മറുപടി കൊടുക്കാന്‍ പോയില്ല, അല്ല പിന്നെ... ക്ലാസ്സില്‍ അവസാനത്തെ ബെഞ്ചില്‍ ആയത്കൊണ്ട് സമരക്കാര്‍ എത്തും‌വരെ എങ്ങിനെയെങ്കിലും പിടിച്ച് നില്‍ക്കാം കാരണം ആദ്യ ബെഞ്ച് മുതല്‍ ചോദിച്ച് വരണ്ടേ... പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളും തട്ടിതെറിപ്പിച്ച് കൊണ്ട് തുടക്കം എന്നില്‍ നിന്നും തന്നെ ആവട്ടെ എന്നു ടീച്ചര്‍ പറഞ്ഞു, ഞാന്‍ എഴുന്നേറ്റ് നിന്നു ഒന്നു ചിരിച്ച് കാണിച്ചു, എന്തേ എന്റെ ചോദ്യം കേട്ടില്ലെ? കേട്ടു നല്ല ക്ലിയര്‍ ആയിത്തന്നെ കേട്ടു പക്ഷെ ഉത്തരം മറന്നു ടീച്ചറെ എന്നിട്ട് കണ്ണൊന്ന് തുടച്ച് കാണിച്ചു. സഹതാപം കൊണ്ട് ഇരുന്നോളാന്‍ പറയുമെന്ന് കരുതി പക്ഷെ അതെന്തായാലും അത് നടന്നില്ല അതിനു പകരം എന്നോട് ബെഞ്ചിന്റെ മുകളില്‍ കയറി നില്‍ക്കാന്‍ കല്‍‌പ്പിച്ചു. മറുത്തൊന്നും പറയാതെ ടീച്ചര്‍ പറഞ്ഞത് അതേപടി ഞാന്‍ അനുസരിച്ചു. അടുത്തവനോടായി ചോദ്യം... എന്റെ അതേ പാത അവനും പിന്തുടര്‍ന്നു, പിന്നെ എല്ലാം ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്ത പോലെ എന്റെ അതേ സ്റ്റൈല്‍ ബെഞ്ചിന്റെ മുകളില്‍ കയറി നിന്നു അതുകൊണ്ട് തന്നെ ബാലന്‍സ് ലെവല്‍ ഓകെയായി എനി ബെഞ്ച് മറിഞ്ഞ് വീഴത്തില്ല. ആ സമയത്താണ്‌ സമരക്കാരുടെ വരവ് സമരത്തിന്‌ ആളെകൂട്ടാനുള്ള പരിപാടിയാ, ഞാന്‍ പറഞ്ഞു ടീച്ചറെ ദേ അലി... (ക്യത്യ സമയത്ത് തന്നെ പഹയന്‍ വന്നു) ടീച്ചര്‍ തിരിഞ്ഞ് നോക്കി എന്നിട്ട് ചോദിച്ചു... എന്താ അലി? അതെ... ടീച്ചറെ ഇന്നൊരു സമരം ഉണ്ട് ഞങ്ങള്‍ ഷാനുവിനെ വിളിക്കാന്‍ വന്നതാ, (ഞാന്‍ മെല്ലെ ഇറങ്ങി പോവാനുള്ള പുറപ്പാടിലാ)... അലി പറഞ്ഞ് തീരും മുന്‍പെ ടീച്ചര്‍ എന്നെയൊന്ന് തുറിച്ച് നോക്കി ആ സമയം "ഉപ്പച്ചി ചൂരല്‍ വാങ്ങാന്‍ കടയിലേക്ക് പോവുന്ന രംഗം" എന്റെ മനസ്സിലൂടെ ഒന്ന് മിന്നി മറഞ്ഞു (ഞാന്‍ പഴയപടി അവിടെത്തന്നെ കയറി നിന്നു). ആണൊ നീയൊന്ന് പോയെ ഞാന്‍ ഒന്ന് കാണട്ടെ... ടീച്ചര്‍ എന്നോട് വെല്ലുവിളിച്ചു അതെനിക്ക് തീരെ പിടിച്ചില്ല എങ്കിലും ഞാന്‍ വളരെ താഴ്മയോടെ പറഞ്ഞു, പഠിച്ചില്ല എന്നത് നേരുത്തന്നെ പക്ഷെ ഈ സമരത്തെ കുറിച്ച് എനിക്ക് ഒന്നും തന്നെ അറിയില്ല, എനിക്ക് സമരം എന്ന് കേള്‍ക്കുന്നതേ ഇഷ്ടമല്ല (തല്‍ക്കാലം തടിയൂരല്‍ അത്രേ ഞാന്‍ കരുതിയുള്ളു), ഞാന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ടീച്ചര്‍ക്ക് പിടിക്കിട്ടി, ഷാനു പറഞ്ഞത് കേട്ടില്ലേ എനി നിങ്ങള്‍ക്ക് പോവാം, ഓഹോ അങ്ങിനെയാണോ... എല്ലാത്തിലും ഞങ്ങളുടെ കൂടെ നിന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലെ, നിന്നെ ഞങ്ങള്‍ എടുത്തോളാമെടാ ഞങ്ങള്‍ ഇന്നെവിടേയും പോവുന്നില്ല പുറത്ത് തന്നെ കാണും. സമരത്തിനു പോയാല്‍ ഉപ്പച്ചിയുടെ അടി, വിളിച്ചിട്ട് പോവാത്തതിനു എനി അലിയുടെ വക അടി, എന്തായാലും ഒരു അടി ഉറപ്പിച്ചു... ക്ലാസ്സെല്ലാം കഴിഞ്ഞ് പോവും നേരത്ത് ടീച്ചര്‍ എന്നോട് പറഞ്ഞു, അലി പുറത്ത് തന്നെ നില്പുണ്ട് സൂക്ഷിച്ചൊക്കെ പോകണം, അതൊരു കുത്ത്‌വാക്കായി തോന്നിയില്ലെങ്കിലും എനിക്കിട്ടൊന്ന് താങ്ങിയതാ എന്ന് മനസ്സിലായി. ടീച്ചറുടെ ഉപദേശം തട്ടികളയേണ്ട എന്നു കരുതി സ്കൂളിന്റെ പിന്നിലുള്ള ഉയരമുള്ള മതിലൊക്കെ എടുത്ത് ചാടി നേരെ മാമന്റെ വീട്ടിലേക്ക് പോയി.

Friday, May 6, 2011

ഫെയ്സ്ബുക്കിലെ സുന്ദരി



ഞാന്‍ ഷാനു, ഫെയ്സ്ബുക്കില്‍ ഒരു വൈറസ് പോലെ കടന്ന് കൂടിയിട്ട് ഇന്നേക്ക് മൂന്ന്‌വര്ഷംി തികയുന്നു, ആരെകൊണ്ടും ഒരു പരാതിയും ഉണ്ടാക്കാതെ യാഹു ചാറ്റും, ഗൂഗിള്‍ ചാറ്റും ഒക്കെ ആയി നടന്നിരുന്ന ഞാന്‍ ഒരു പെണ്കൊുച്ചിന്റെ നിര്ബുന്ധപ്രകാരമാണ്‌ ഇങ്ങിനെ ഒരു കടുംകൈക്ക് മുതിര്ന്ന ത്, ആ കൊച്ചിന്റെ നിര്ബുന്ധത്തിനു വഴങ്ങി ഫെയ്സ്ബുക്കില്‍ ഒരു അംഗത്വം എടുത്തു എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു, പിന്നെ കുറച്ച് നാളത്തേക്ക് ആ വഴി ഞാന്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. പലപ്പോഴും അവിടെ നിന്നും ഓരോരൊ ഫ്രണ്ട്സ് റിക്വസ്റ്റ് മെയിലുകള്‍ കിട്ടാറുണ്ട്, ദിനം‌പ്രതി നൂറില്‍‌പരം മെയിലുകള്‍ വരുന്ന എനിക്ക് ഇതൊക്കെ നോക്കാന്‍ എവിടെ സമയം, ഒരുവിധം അലവലാതി മെയിലുകള്‍ എല്ലാം തന്നെ ഫില്ട്ടാര്‍ ചെയ്ത്‌ വെച്ചേക്കുവാ അതുകൊണ്ട് നേരേ അതൊക്കെ ട്രാഷ്ബോക്സിലേക്ക് മൂവിക്കോളും, ഫോര്‍‌വേഡ് മാനിയ എന്നൊരു പ്രത്യേകതരം അസുഖമുള്ള ഒരുകൂട്ടര്‍ ഉണ്ട് എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ അവറ്റകള്ക്ക് ഇതുതന്നെ ഒരുപണി, ഒരുനാള്‍ എന്റെ മെയില്‍ ബോക്സില്‍ ഒരു പെണ്കൊകച്ചിന്റെ മെയില്‍ വന്ന് കിടക്കുന്നു... "ഹസീന ബിന്‍‌ത് ജമാല്‍" തരക്കേടില്ലാത്ത പേര്‌ വഴിതെറ്റി വന്ന വല്ല ഹൂറിയാവുമെന്ന് കരുതി ഞാന്‍ ഉടനെത്തന്നെ എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് തുറന്ന് നോക്കി പക്ഷെ ആ കൊച്ചിന്റെ പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ ആദ്യം ഞാനൊന്ന് ഞെട്ടി, അതെ സുന്ദരിയായ ഒരു കൊച്ച്... ആ ഹൂറിയെന്തിനാ ഈയുള്ളവനു റിക്വസ്റ്റ് അയക്കുന്നത്? എന്തായാലും ഒരുവഴിക്ക് പോവുന്നതല്ലേ ഇതിന്റെ റിക്വസ്റ്റ് പരിഗണിച്ചേക്കാം, പരിഗണിക്കേണ്ട താമസമേയുള്ളു ഉടനെത്തന്നെ ഒരു മെസ്സേജ് കിട്ടി...

ചാറ്റിലുണ്ടോ? (ചോദ്യം മംഗ്ലീഷില്‍)

ഉണ്ടെങ്കില്‍...?

ഉണ്ടെങ്കില്‍ ചാറ്റാമായിരുന്നു...

എന്തിനാ ചാറ്റിയിട്ട്?

ചുമ്മ... നിങ്ങളെയൊന്ന് പരിചയപ്പെടാലോ...

(എന്തോ ഞാന്‍ ചോദിക്കാന്‍ കരുതിയ എല്ലാ ചോദ്യങ്ങളും ആ ഹൂറിയെന്നോട് ചോദിച്ചു)

ചുമ്മ പരിജയപ്പെടാന്‍ എനിക്ക് താല്പര്യമില്ല...

ഹെയ് അങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാ ഇഷ്ടാ!

"അല്ല എന്റെ ഭര്ത്താ.വെങ്ങാനും ഇതറിഞ്ഞാല്‍"... (എന്തോ പന്തിക്കേട് തോന്നിയ ഞാന്‍ പ്ലേറ്റ് അങ്ങോട്ട് മറിച്ചിട്ടു)

"ഭര്ത്താ്വോ!"

അതെ ഭര്ത്താ്വ് തന്നെ...

അപ്പോള്‍ നിങ്ങള്‍?

ഞാന്‍ ഷമീല, ഇതെന്റെ ഭര്ത്താ്വിന്റെ അക്കൗണ്ടാണ്‌...

എങ്കില്‍ ഞാനൊരു സത്യം പറയട്ടെ...? ഹൂറി ചോദിച്ചു.

അതിനെന്താ പറഞ്ഞോളൂ...

ഷമീല എന്നോട് ക്ഷമിക്കണം... ഞാന്‍ ഹസീനയല്ല എന്റെ പേര്‌ ഷാജി.

അപ്പോള്‍ ഹസീന...?

അത് ഞാന്‍ ചുമ്മ പറ്റിക്കാനായിട്ട് ഉണ്ടാക്കിയ ഒരു അക്കൗണ്ട് മാത്രം.

ഹമ്പടാ! അപ്പോള്‍ എന്റെ ഭര്ത്താ വിനേയും പറ്റിക്കാമെന്ന് കരുതിയല്ലേ?

ഹെയ് അങ്ങിനെ ഒന്നുമില്ലന്നെ, ഷമീല ഇപ്പോള്‍ എവിടെയാ?

ഞാന്‍ എന്റെ ഭര്ത്താ വിന്റെ കൂടെ ഖത്തറില്‍...

ഖത്തറിലാണോ? ഞാനും ഖത്തറിലാ...

ഷാജി ഖത്തറിലെവിടെയാ?

അല്‍-ഖോര്‍... കേട്ടിട്ടുണ്ടോ?

പിന്നല്ലാതെ... പക്ഷെ ഞങ്ങള്‍ താമസിക്കുന്നത് വക്‌റയിലാ...

ഫോണുണ്ടോ...?

ഉണ്ട്, പക്ഷെ അത് ഇക്കാടെ കയ്യിലാ... (ഇവന്‍ എന്നെം കൊണ്ടേ പോവു)

എനിക്ക് ഷമീലാനെ ഒന്ന് കാണണമെന്നുണ്ട്...

അയ്യോ! അതെന്തിനാ...?

ചുമ്മ... ഒന്ന് കാണാന്‍ തോന്നുന്നു...

അയ്യോ അതൊന്നും പറ്റത്തില്ല, ഇക്ക അറിഞ്ഞാല്‍... എനിക്ക് പേടിയാവുന്നു.

അതിനെന്തിനാ പേടിക്കുന്നത് ഇക്ക ഇതൊന്നും അറിയാന്‍ പോവുന്നില്ല...

(ഷാജി നല്ലപോലെ പഞ്ചാരയിട്ട് ഒലിപ്പിക്കുവാ, എനി ഒരു വഴിയേ ഉള്ളു)

അതെ എന്റെ മോളും, മരുമകനും ഇപ്പൊ വരും.

മോളോ!!!!

അതെ എനിക്ക് ഒരു മോളും പിന്നെയൊരു മോനും ഉണ്ട്, മോളുടെ കല്യാണം കഴിഞ്ഞു ഇപ്പം വിശേഷവും ഉണ്ട്.

എന്നാപിന്നെ "താത്ത" പിന്നെ കാണാട്ടോ! എനിക്ക് പുറത്തേയ്ക്ക് ഒന്ന് പോവണം.

അവസാന സമയത്ത് ബഹുമാനത്തോടെ (?) എന്നെ "താത്ത" എന്നും വിളിച്ച് പുറത്തേയ്ക്ക് പോയ ആ ഷാജിയെ പിന്നെ ഇത്‌വരെയും ഈ വഴിക്ക് ഞാന്‍ കണ്ടിട്ടില്ല, പക്ഷെ എനിക്കറിയാം... എന്നെ കുറച്ച് നേരവും ഞാന്‍ ഒത്തിരി നേരവും വെള്ളം കുടിപ്പിച്ച "ഫെയ്സ്ബുക്കിലെ സുന്ദരി" ഈ കഥ എവിടെയെങ്കിലും ഇരുന്നു വായിച്ച് എന്നെ ശപിക്കുന്നുണ്ടാകുമെന്ന്. എങ്കിലും ഞാന്‍ എനിയും പ്രതീക്ഷിക്കുന്നു ഇത്പോലെയുള്ള ഒരുപാട് ഷാജിമാരെ.

Sunday, May 1, 2011

കോട്ടയത്തേക്കൊരു "ഫ്രീ" യാത്ര



ഏത് വര്‍ഷമെന്ന് ക്യത്യമായി ഓര്‍മയില്ല എങ്കിലും ഒരുകാര്യം നല്ലപോലെ ഓര്‍മയിലുണ്ട് ആ വര്‍ഷം എന്റെ വീടിനടുത്തുള്ള ഒരു പെണ്‍കൊച്ച് ഡിഗ്രിക്ക് പഠിച്ചിരുന്നു, അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്നത് ആ കൊച്ചിന്റെ ഒരു ഹോബിയാ, എന്നാപിന്നെ അതിരാവിലെ തന്നെ ആ കൊച്ചിന്റെ വായില്‍ നോക്കുന്ന പണി ഞങ്ങളും ഒരു ഹോബിയാക്കി, അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പ്രായം ചെന്ന ഒരു കോഴി (ഓറിജിനല്‍ അല്ല) ഉണ്ടായിരുന്നു (സോറി, പേര് ഇവിടെ പറയാന്‍ നിര്‍‌വാഹമില്ല) പുള്ളി ഇടയ്ക്കിടെ പറയാറുണ്ട് നല്ല തടിമിടുക്കുള്ളവരെയാ പെണ്ണുങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്ന് (ശരിയാണോ? ആര്‍ക്കറിയാം), അതുകൊണ്ട് തന്നെ ഞങ്ങളുടെ തടി (മൂന്നെണ്ണത്തിനേയും ഒരുമിച്ചിട്ട് തൂക്കിയാല്‍ പോലും നൂറുകിലോ കാണത്തില്ല) ആ കൊച്ചിനെ കാണിക്കാന്‍ വേണ്ടി മാത്രം കാലത്തെഴുന്നേറ്റ് ഓടലും, ചാടലും ഞങ്ങള്‍ പതിവാക്കി, ആ പരിസരത്ത് നായ്ക്കളുടെ ശല്യമുള്ളത് കൊണ്ട് ഞാനങ്ങിനെ ഒറ്റയ്ക്കൊന്നും ഓടാന്‍ പോവാറില്ല ആരെങ്കിലുമൊക്കെ കൂടെ കൂട്ടും, ഒരു ദിവസം ഓടുന്ന സമയം ഒരു ലൊക്കട (തല്ലിപ്പൊളി) സ്കൂട്ടര്‍ ഞങ്ങളുടെ അടുത്ത് കൊണ്ടുവന്ന് നിര്‍ത്തി, പത്രക്കാരന്‍ വര്‍ഗീസ് ചേട്ടായി ആയിരുന്നു അത്, എന്താ ചേട്ടായി എന്നുമില്ലാത്ത ഒരു സ്റ്റോപ്പിടല്‍ ഇവിടെ? ഹാ നിങ്ങളെ കണ്ടിട്ട് തന്നെയാ ഞാന്‍ നിര്‍ത്തിയത്, എന്തൊക്കെയാ പിള്ളേരെ വിഷേശങ്ങള്‍? പിന്നെ ഒരു കാര്യം കൂടെ നിങ്ങള്‍ക്ക് "ഫ്രീ" ആയിട്ട് ടൂര്‍ പോവാന്‍ ഇഷ്ടമുണ്ടോ? അതെന്നാ ചോദ്യമാ ചേട്ടായി, ഇഷ്ടമുണ്ടെന്നോ? അതേയുള്ളു ഇപ്പൊ ഇഷ്ടം (ഫ്രീ എന്നുകേട്ടപ്പോഴേ ഞങ്ങളുടെ ഇഷ്ടം വല്ലാതെയങ്ങ് കൂടി), എങ്കില്‍ പോവാന്‍ ഒരുങ്ങിക്കോ, നിങ്ങള്‍ക്ക് പോവുമ്പോള്‍ ഇടാനുള്ള ഡ്രസ്സും എടുത്തോണ്ട് വരാമെന്ന് പറഞ്ഞ് വര്‍ഗീസ് ചേട്ടായി തിരികെ പോയി, ഒരു ചിലവും ഇല്ലാതെ അതും ഡ്രസ്സും തന്ന് നമ്മളെ ടൂര്‍ കൊണ്ടുപോവാന്‍ അങ്ങേര്‍ക്ക് വല്ല വട്ടും ഉണ്ടോടാ? ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു, അതെന്തെങ്കിലും ആകട്ടെ നമുക്ക് എന്തായാലും പോവാം ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി, അതോടപ്പം ഞങ്ങള്‍ മുന്നുപേരും ഒരു പ്രതിജ്ഞയും എടുത്തു (ടൈം വെയ്സ്റ്റ് അല്ലാതൊരു ഗുണവുമില്ല) ഈ കാര്യം ഞങ്ങള്‍ അല്ലാതെ മറ്റാരും അറിയാന്‍ പാടില്ല എന്ന്.

ഞങ്ങള്‍ അവിടെ കാത്ത് നിന്നു, കുറച്ച് നേരത്തിനു ശേഷം വര്‍ഗീസ് ചേട്ടായി ഒരു കവറുമായി വന്നു എന്നിട്ട് 300 രൂപയും പിന്നെ ആ കവറും എന്റേല്‍ തന്നിട്ട് പറഞ്ഞു നിങ്ങള്‍ക്ക് മുന്നുപേര്‍ക്കുമുള്ള ഷര്‍ട്ടും, പാന്റും ഇതിനകത്തുണ്ട്, ഇതിട്ടോണ്ട് 8 മണി ആവുമ്പോഴേക്കും ചാവക്കാട് സെന്ററിലേക്ക് പോരെ ഞാന്‍ അവിടെ കാണുമെന്നും പറഞ്ഞ ചേട്ടായി തിരികെ പോയി, ആദ്യം തന്നെ 300 രൂപ ഞങ്ങള്‍ പങ്കിട്ടെടുത്തു (ഞങ്ങള്‍ക്ക് ചിലനേരത്ത് ഞങ്ങളെത്തന്നെ തീരെ വിശ്വാസമില്ല) ആകെ കൂടെ കുറച്ച് സമയമേ ഉള്ളു എനി, പിന്നെ പാന്റും, ഷര്‍ട്ടുമെടുത്ത് നേരേ വീട്ടിലേക്ക് വെച്ചുപിടിച്ചു അവര്‍ അവരവരുടെ വീട്ടിലേക്കും, 2 ബക്കറ്റ് വെള്ളം കൊണ്ട് കുളി പാസാക്കി (ഞാനൊരു ബാത്ത്‌റൂം സിംഗറാ! അതുകൊണ്ട് തന്നെ അടുത്ത വീട്ടിലെ കൊച്ചിന്‌ ഇന്നെന്റെ പാട്ടു കേള്‍ക്കാന്‍ ഭാഗ്യമില്ല), നേരേ അടുക്കളയിലേക്ക് ചുട്ടുവെച്ചിരിക്കുന്ന ഒരു നൂല്‍‌പുട്ടെടുത്ത് (ഇടിയപ്പം എന്നൊക്കെ പറയും, അതുതന്നെ സംഭവം) നേരേയങ്ങോട്ട് വായിലേക്ക് തള്ളിക്കയറ്റി എന്നിട്ട് കുറച്ച് പഞ്ചസാരയും വാരി വായിലേക്കിട്ടും അങ്ങിനെ ബ്രേക്ക്‌ഫാസ്റ്റ് പരിപാടിയും കഴിഞ്ഞു, എനി അടുത്തത് ഡ്രസ്സിംഗ് ആണ്‌... കവര്‍ തുറന്ന് നോക്കി നല്ല വൈറ്റ് കളര്‍ ഷര്‍ട്ട്, കൊള്ളാം എനിക്കിഷ്ടായി... ഷര്‍ട്ടെടുത്ത് ഒന്ന് കുടഞ്ഞ് ഇട്ടുനോക്കി പടച്ചോനെ! പണിപാളി ഇത് ഏതോ ഒരു അപ്പൂപ്പന്റെയാ വേണേല്‍ എന്നെപോലെ രണ്ട് പേരെകൂടെ അതിനുള്ളിലേക്ക് കയറ്റാം എനിയെന്ത് ചെയ്യും? വേറെ നിവര്‍ത്തിയില്ല ഇതുതന്നെയിടാം, അടുത്തത് പാന്റ് (തെറ്റിദ്ധരിക്കെണ്ട ആദ്യം ഇടേണ്ടതൊക്കെ ഇട്ടിട്ടുണ്ട്) ഇട്ടു നോക്കി... ഇതിലും ഭേദം ലുങ്കിയെടുക്കുന്നതാ അത്രക്കും ലൂസ് കാലിന്റെ നീളത്തേക്കാളും ഉണ്ട് പാന്റിന്റെ നീളം, തല്‍ക്കാലം കത്രിയെടുത്ത് പാന്റിന്റെ 2 കാലും വെട്ടി നീളം അങ്ങ് കുറച്ചു എന്നിട്ട് പിന്നേം ഇട്ടുനോക്കി ഇപ്പോ കുഴപ്പമില്ല ബാലന്‍സ് വന്ന ഭാഗം വളരെ തന്ത്രപൂര്‍‌വ്വം മടക്കിയും വെച്ചു ഞാന്‍ ഹാപ്പിയായി. അടുത്ത പ്രശ്നം എന്റെ അരവണ്ണ‌വും പാന്റിന്റെ അരവണ്ണ‌‌വും തീരെയങ്ങ് മാച്ച് ആകുന്നില്ല, അപ്പോഴാണ്‌ ഹാങ്ങറില്‍ തൂങ്ങികളിക്കുന്ന ഫൈസല്‍ക്കാടെ ബെല്‍റ്റ് എന്റെ കണ്ണില്‍‌പ്പെട്ടത് പിന്നെ ഒന്നും നോക്കിയില്ല അതെടുത്ത് രണ്ടര തവണ (എന്നിട്ടും ബാക്കി) ചുറ്റിയപ്പോള്‍ ആ കാര്യവും ഓകെ, മുടി ചീകാന്‍ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നപ്പോള്‍ "വീര്‍പ്പിച്ച ബലൂണിനു നടുവില്‍ കയറുകൊണ്ട് കെട്ടിയ പോലെയുണ്ട്" എന്നെ കാണാന്‍... എനിയും എന്നെതന്നെ നോക്കി നിന്നാല്‍ കാര്യങ്ങള്‍ ഒന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ബാഗും എടുത്ത് ഉമ്മച്ചിയോട് യാത്രപറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി, പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരുകാര്യം എനിക്ക് മനസ്സിലായി എന്നെക്കാളും മഹാബോറന്മാര്‍ രണ്ടെണ്ണം കൂടെയുണ്ടെന്ന്, അതില്‍ ഒരുത്തന്റെ നില്‍‌പ്പ് ശരിക്കും "എന്താ കരിങ്കണ്ണാ അഭിപ്രായം" എന്ന ബോര്‍ഡും തൂക്കി വീട്ടുമുറ്റത്ത് വെക്കുന്ന നോക്കുകുത്തിയെ പോലെ, വല്ലതും പറയാന്‍ പറ്റുവോ ഞാന്‍ അതിനേക്കാളും അലമ്പനായി (തല്ലിപ്പൊളി) ആയി നിക്കുവല്ലേ! എന്തായാലും ഒരു ഓട്ടോ വിളിച്ച് നേരേ ചാവക്കാട് സെന്ററിലേക്ക് പോയി, അവിടെ എത്തിയപ്പോള്‍ മൂന്ന് ടൂറിസ്റ്റ് ബസ് ഞങ്ങളേയും കാത്ത് കിടക്കുന്നു, ആദ്യം കണ്ട ബസിലേക്ക് ഞാന്‍ ചാടിക്കയറി (ചാടിക്കയറല്‍ എന്റെയൊരു ഹോബിയാ) അതേ സ്പീഡില്‍ തന്നെ തിരിച്ചു ചാടിയിറങ്ങി എന്നിട്ട് രമേഷിനേയും, ഷാജിയേയും ഒന്നു തുറിച്ച് നോക്കി എന്നിട്ട് പതുക്കെ ചോദിച്ചു "ആരാടാ നമ്മുടെ ടൂര്‍ പരിപാടി നാടു മുഴുവന്‍ പാട്ടാക്കിയതെന്ന്‌" (ബസിനുള്ളില്‍ സുബൈര്‍, മുജീബ്, നവാസ്, റഹീം, ഷെജീര്‍ എന്തിനേറെ പറയുന്നു രണ്ടാം കെട്ടുകെട്ടിയ മജീദ്ക്ക വരെയുണ്ട്), അവര്‍ രണ്ട് പേരും കൈമലര്‍ത്തി കൂട്ടത്തില്‍ ഞാനും കൈമലര്‍ത്തി കാണിച്ചു (അല്ലെങ്കില്‍ ആ പൊട്ടന്മാര്‍ എന്നെ തെറ്റിദ്ധരിച്ചാലോ), ആ കേറ് കേറ്... വര്‍ഗീസ് ചേട്ടായി പറഞ്ഞു, ഞങ്ങള്‍ മൂന്നുപേരും കയറിയിരുന്നു, എന്നാലും ഞങ്ങളോട് പറയാതെ പോവാമെന്ന് കരുതിയല്ലേ? സുബൈറിന്റെ വക കമന്റ്, ഞാനൊന്നും പറയാന്‍ പോയില്ല (തെറ്റ് ഞങ്ങളുടെ ഭാഗത്താണല്ലോ), ഞാന്‍ ചോദിച്ചു എനി ആരെങ്കിലും വരാനുണ്ടോ? കൂയ്... കൂയ്... പിറകില്‍ നിന്നും ഏതോ ഒരു കുറുക്കന്റെ മോന്‍ (?) കൂവി... വര്‍ഗീസ് ചേട്ടന്‍ ബസിലേക്ക് ചാടിക്കയറി എന്നിട്ട് പറഞ്ഞു മക്കളെ ഇപ്പൊ കൂവിക്കോ പക്ഷെ അവിടെ എത്തിയാല്‍ ദയവ്‌ചെയ്ത് എല്ലാവരും ഡീസന്റ് ആയിരിക്കണം, എന്നെ നാറ്റിക്കരുത്, അത് കേള്‍ക്കേണ്ട താമസം നേരത്തെ കൂവിയോന്‍ ഒന്നൂടെ ഉച്ചത്തില്‍ കൂവി അവന്റെ കഴിവ് തെളിയിച്ചു, ഫ്രീ ടൂറില്‍ ഇതൊക്കെ ഉള്‍പ്പെടും എന്നുള്ള മട്ടില്‍ ഞാന്‍ മിണ്ടാതെ ഇരുന്നു. (അപ്പോഴും മനസ്സില്‍ വര്‍ഗീസ് ചേട്ടായിക്ക് എന്തുപറ്റി എന്നുള്ള ചിന്ത മാത്രമായിരുന്നു) ബസ് പുറപ്പെടാനുള്ള സമയം ആയി വര്‍ഗീസ് ചേട്ടായിടെ വക അവസാന കമന്റ്... "കോട്ടയത്ത് എത്തിയിട്ട് എല്ലാവര്‍ക്കും തൊപ്പിയും, കൊടിയും തരുന്നതായിരിക്കും"... കൊടിയോ???? ഞാന്‍ എഴുന്നേറ്റ് നിന്ന് ഉറക്കെ ചോദിച്ചു... അതെ കൊടി തന്നെ നീ ഇത്‌വരെയും കൊടി കണ്ടിട്ടില്ലേ? കൊടിയൊക്കെ കണ്ടിട്ടുണ്ട് എന്നാലും ടൂറിന്‌ പോവുമ്പോള്‍ അതൊക്കെയെന്തിനാ? സുബൈര്‍ എന്നെ അവിടെ പിടിച്ചിരുത്തി എന്നിട്ട് ചോദിച്ചു "അപ്പോള്‍ നീ എങ്ങോട്ടെന്ന് കരുതിയാ ഈ ബാഗും തൂക്കി പോന്നത്?" ഫ്രീ ടൂറിന്‌... അയ്യെടാ ടൂറോ...? ഇത് കോട്ടയത്ത് സംസ്ഥാന സമ്മേളനം (ഏത് പാര്‍ട്ടിയുടേതാണെന്ന് മാത്രം ചോദിക്കരുത്) നടക്കുന്ന സ്ഥലത്തേക്ക് പോകുന്ന ബസ്സാ! അണികളുടെ എണ്ണം കൂട്ടാന്‍ വേണ്ടി എന്നെയും നിന്നെയും ഒക്കെ വര്‍ഗീസ് ചേട്ടായി പൈസയും, ഡ്രസ്സും തന്ന് ഇതിലേക്ക് പിടിച്ചിട്ടെന്ന് മാത്രം തല്‍ക്കാലം അറിഞ്ഞാല്‍ മതി. ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായ ഞാന്‍ ഇതിലും കൂടുതല്‍ എനിയെന്ത് അറിയാന്‍... എനി അവിടെ പോയി കൊടിപിടിക്കണം, വെയിലും കൊണ്ട് നടക്കണം, മനസ്സില്‍ തോന്നിയ വിഷമം ആരോടും പറയാതെ ബാഗും കെട്ടിപിടിച്ച് ഞാന്‍ ഒരുഭാഗത്തേക്ക് ഒതുങ്ങിയിരുന്നു.

Thursday, April 28, 2011

എന്റെ കല്യാണം



ഏഴു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒരിക്കല്‍ കൂടെ ആ അസുലഭ നിമിഷം വന്നെത്തി, വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന ലീവ്, ഇത്തവണത്തെ ലീവ് നാട്ടില്‍ പോയിട്ട് അടിച്ച് പൊളിക്കാന്‍ തന്നെ തീരുമാനിച്ചു, രാത്രി 7.45 ആണ്‌ ഫ്ലൈറ്റ് രണ്‍ട് മണിക്കൂര്‍ മുന്‍പെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ട്രാവത്സില്‍ നിന്നും ഒരു കൊച്ച് എന്നെ വിളിച്ച് പറഞ്ഞു, ഇത്തവണ ഞാന്‍ ഒറ്റയ്ക്കല്ല, അമ്മായിടെ മോനും ഉണ്ട് എന്റെ കൂടെ അവന്‍ ആദ്യമായിട്ട് നാട്ടില്‍ പോകുവാ അതിന്റെ ഒരു ത്രില്ലില്‍ ആണ്‌ പുള്ളി, അവനും എന്നെ പോലെ തന്നെ പിടക്കോഴിയും കുഞ്ഞുങ്ങളും ഒന്നുമില്ല എങ്കിലും എന്നെപോലെ തന്നെ എന്തൊക്കെയോ ചുറ്റിക്കളികള്‍ അവനും ഉണ്ടെന്നൊരു സംശയം. അങ്ങിനെ ഞങ്ങള്‍ രണ്ട് പേരും എയര്‍പോര്‍ട്ടിലെത്തി, ലഗ്ഗേജ് എല്ലാം കൊടുത്തു ബോര്‍ഡിംഗ് പാസ്സും കിട്ടി ഗേറ്റിലേക്ക് നടന്ന് നീങ്ങി... അതിനിടയില്‍ ഫോണ്‍ എടുത്ത് സമയം നോക്കി, എനിയും ഉണ്ട്... എങ്ങിനെയെങ്കിലും ഒന്ന് എത്തിക്കിട്ടിയാല്‍ മതി എന്നായി മനസ്സ് മുഴുവനും, നല്ല ഒരു ഇരിപ്പിടം നോക്കി ഞങ്ങള്‍ രണ്ടുപേരും അവിടെയിരുന്നു. "എന്റെ ഫോണ്‍ ശബ്ദിച്ചു, നാട്ടില്‍ നിന്നും ഒരു കോള്‍... അതെ എന്റെ ഉമ്മച്ചിയാണ്‌... നേരത്തെ എഴുന്നേറ്റ് എന്നെ വിളിക്കാന്‍ വരേണ്ടതല്ലേ എന്നിട്ടും ഉമ്മച്ചി ഇത്‌വരെയും ഉറങ്ങിയില്ലേ? കിടന്നിട്ട് ഉറക്കം വരുന്നില്ല എനി എന്റെ മോനെ നേരിട്ട് കണ്ടാലേ ഉമ്മച്ചിക്ക് ഉറക്കം വരൂ... അത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഞാന്‍ പറഞ്ഞു ഫ്ലൈറ്റ് പുറപ്പെടാനുള്ള ടൈം ആയി എനി നേരില്‍ കണ്ടു സംസാരിക്കാം, അയ്യൊ ഫോണ്‍ വെയ്ക്കല്ലേ ഉമ്മച്ചിക്ക് ഒരുകാര്യം കൂടെ മോനോട് പറയാനുണ്ട്, അത് പറയാന്‍ വേണ്ടിയാ ഇപ്പൊ വിളിച്ചത് തന്നെ, അതെ മോന്‍ എന്നും വരുന്ന പോലെയല്ല ഇത്തവണ എന്റെ മോനെ വെറുതെ തിരിച്ചയക്കാനുള്ള പരിപാടിയും ഞങ്ങള്‍ക്കില്ല അതുകൊണ്ട് തന്നെ ഞങ്ങള്‍ ഇന്നലെ പോയി ഒരു പെണ്ണിനെ കണ്ടിരുന്നു, എനി നാട്ടില്‍ വന്നിട്ട് ഈ കാര്യം മറ്റുള്ളവരുടെ വായില്‍ നിന്നും കേട്ട് നീ ഞെട്ടെണ്ട എന്നു കരുതിയാ ഇപ്പോള്‍ പറയുന്നത്, നല്ല കുട്ടിയാ, എന്റെ മോനു നല്ലപോലെ ചേരും... പെണ്ണോ! അതേ പെണ്ണു തന്നെ... നിന്റെ മനസ്സില്‍ ആരോടും പറയാതെ നീ കൊണ്ട് നടന്ന ആ പെണ്ണ് തന്നെ, എന്റെ വയറൊന്ന് കാളി, പടച്ചോനെ! അതേത് പെണ്ണ് (ഒത്തിരിയുണ്ട് എന്റെ ലിസ്റ്റില്‍ അതില്‍ ഏതെന്നായി എന്റെ ചിന്ത... ബഷീര്‍ക്കാടെ മോളാവുമോ? അതോ ഹുസൈന്‍‌ക്കാടെ മോളാവുമോ? ആകെ കൂടെ മനസ്സിനകത്തൊരു തീ, ഇതാണ്‌ ഒരു ലെവലില്ലാതെ കണ്ട പെണ്ണുങ്ങളെയെല്ലാം നോക്കിയാലുള്ള പ്രശ്നം) ഓ അവള്‍, എന്നും പറഞ്ഞ് ഉമ്മച്ചിയുടെ മറുപടിക്ക് വേണ്ടി ഞാന്‍ വെയ്റ്റ് ചെയ്തു... എന്നാലും ഈ കാര്യം ഞങ്ങളുടെ അടുത്ത് നീ മറച്ച് വെച്ചല്ലോ, കാര്യം സീരിയസ് ആണെന്ന് മനസ്സിലാക്കിയ ഞാന്‍ പറഞ്ഞു ഇത്തവണ നാട്ടില്‍ വന്നിട്ട് വേണം നിങ്ങളോട് പറയാന്‍ എന്നൊക്കെ മനസ്സില്‍ കരുതിയതാ അപ്പൊഴാ ഉമ്മച്ചി ഇതിനെകുറിച്ച് ഇങ്ങോട്ട് ചോദിച്ചത്, എന്നാല്‍ പിന്നെ ശരി മോനെ എന്നും പറഞ്ഞ് ഉമ്മച്ചി ഫോണ്‍ കട്ട് ചെയ്തു, അപ്പോഴും മനസ്സില്‍ ഉത്തരം കിട്ടാത്ത ചോദ്യം, ആരായിരിക്കും അവള്‍? ലൈനടി കേസുകെട്ടുകള്‍ എല്ലാം നാട്ടില്‍ എത്തിയാല്‍ പൊളിയും, പോക്ക് കാന്‍സല്‍ ചെയ്താലോ എന്നുവരെ ചിന്തിച്ച് തുടങ്ങി അതുവരെ മനസ്സില്‍ ഉണ്ടായ സന്തോഷമൊക്കെ എവിടെക്കൊ പോയ് മറഞ്ഞു. ഒരു കിളിനാദം അനൗണ്‍സ്മെന്റ് വന്നു ഞങ്ങള്‍ വരിവരിയായി ഫ്ലൈറ്റിലേക്ക് കയറി, കൈകൂപ്പി നില്‍ക്കുന്ന ഒരു പെണ്‍കൊച്ച് തിരിച്ച് ഞാനും ഒന്ന് കൈകൂപ്പി കൊടുത്തു ആ പെണ്‍കൊച്ച് ചിരിച്ചു ഞാന്‍ ചിരിക്കാന്‍ പോയില്ല കാരണം എന്റെ കൊപ്രായത്തരം വേറെ ഒരാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഞാന്‍ അയാളെ നോക്കാന്‍ നിന്നില്ല എന്റെ സീറ്റ് നോക്കി അവിടെ കയറിയിരുന്നു, യാത്ര തുടര്‍ന്നു... 4 മണിക്കൂര്‍ നീണ്ട യാത്ര... ഖത്തര്‍ എയര്‍‌വെയ്സ് ആയത്കൊണ്ട് പറഞ്ഞു പറ്റിച്ചില്ല, പറഞ്ഞ ടൈമില്‍ തന്നെ അധികം മുകളില്‍ ഇട്ടു കറക്കാതെ താഴെയിറക്കി, എന്നെ വിളിക്കാന്‍ വീട്ടില്‍ നിന്നും എല്ലാവരും ഉണ്ടായിരുന്നു, എന്നെ കണ്ടയുടനെ നീയെനി എന്നാ തിരിച്ച് പോവുക? (ഞാനൊന്ന് തിരിഞ്ഞ് നോക്കി, അല്ല എനി വേറെ ആരോടെങ്കിലും പറഞ്ഞ‌താണോ എന്നറിയാന്‍, ഏതൊരു പ്രവാസിയും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ ചോദ്യം എന്നോട് തന്നെയാ), കാലെടുത്ത് കുത്തിയില്ല അപ്പോഴേക്കും തലതിരിഞ്ഞ ചോദ്യം വന്നത് കണ്ടില്ലേ, റിട്ടേണ്‍ ടിക്കറ്റ് എടുത്ത് അടുത്ത വണ്ടിക്ക് തന്നെ തിരിച്ച് പോയാലോ എന്നുവരേ ചിന്തിച്ച് പോയി, ഒന്നും എടുക്കാന്‍ മറന്നില്ലല്ലോ പറഞ്ഞത് എല്ലാം കൊണ്ട് വന്നിട്ടില്ലേ? എന്ന് അടുത്ത ചോദ്യം, ഞാന്‍ തലയൊന്ന് കുലുക്കി കൊടുത്തു അവര്‍ ഹാപ്പിയായി... എനിക്ക് സുഖമാണോ? അല്ലെങ്കില്‍ ജോലിയൊക്കെ എങ്ങിനെയുണ്ട്? ഭക്ഷണമൊക്കെ നേരത്തിനു കിട്ടാറില്ലെ? ഇതൊന്നും ചോദിക്കാന്‍ ആരുമില്ല... ആ മതി മതി നടന്നേ എനി ചോദ്യങ്ങള്‍ എല്ലാം വീട്ടില്‍ എത്തിയതിനു ശേഷം, അങ്ങിനെ ഞങ്ങള്‍ അളിയന്റെ ഇന്നോവ കാറിന്റെ മുന്‍സീറ്റില്‍ കയറിയിരുന്നു (എന്താണാവോ പെങ്ങള്‍ക്കത് ഒട്ടും തന്നെ പിടിച്ചില്ല അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു), ചോക്കളേറ്റ് കൊടുക്കാത്തതില്‍ പെങ്ങളുടെ ഇളയകുട്ടി ഇടയ്ക്കിടെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു കുട്ടിയാണെന്ന് കരുതി ഞാന്‍ വെറുതെ വിടുമോ തിരിച്ച് ഞാനും കൊഞ്ഞനം കുത്തി, അങ്ങിനെ ഞങ്ങളുടെ യാത്ര തുടങ്ങി, അതിനിടയില്‍ ഞാന്‍ ചെറുതായൊന്ന് മയങ്ങി (മനസ്സില്‍ മുഴുവനും ആ പെണ്ണിനെ കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു, എന്നാലും ആരായിരിക്കും ആ പെണ്‍കുട്ടി)... പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞ പോലെ യാത്ര ചെയ്തു കുറച്ച് ആയപ്പോഴേക്കും പെട്ടെന്നൊരു ശബ്ദം... ഞാന്‍ ഞെട്ടിയെണീറ്റു... അതെ കാറിന്റെ ബ്രേക്ക് പൊട്ടിയതാ! എല്ലാവരും കരച്ചിലോട് കരച്ചില്‍ പിന്നെ ഒന്നും തന്നെ നോക്കിയില്ല ഞാനും അവരുടെ കൂടെ കൂടി... സ്കൂളിലേക്ക് പോവുന്ന കുട്ടികള്‍ റോഡ് സൈഡില്‍... ഞാന്‍ കയ്യും തലയും പുറത്തേക്കിട്ട് ഉറക്കെ അലറി... വണ്ടി വരുന്നു മക്കളേ... മാറിക്കോ മക്കളേ". ഒട്ടും പ്രതീക്ഷിക്കാതെ ആരോ എന്റെ തലക്കിട്ട് ഒന്ന് തന്നു, എന്റെ ബോധം തിരിച്ച് കിട്ടി, ആഹാ നല്ല രസം എല്ലാവരും എന്നെതന്നെ നോക്കിയിരിക്കുന്നു (ടോം ആന്‍ഡ് ജെറി കണ്ടു കഴിഞ്ഞ കൊച്ചുങ്ങളെ പോലെ) മൊത്തത്തില്‍ ഒരു നിശ്ശബ്ദത അടുത്തിരുന്ന അമ്മായിടെ മോന്‍ ചോദിച്ചു... ആര്‍ യു ഓകെ? (തെറ്റിദ്ധരിക്കേണ്ട അവന്‍ മലയാളി തന്നെയാ, പക്ഷെ ഇങ്ങിനെയുള്ള അവസരങ്ങളില്‍ അറിയാതെ ഇംഗ്ലീഷ് പറഞ്ഞു പോവും) ഞാന്‍ ഓകെ അല്ലെന്ന് തലയൊന്ന് കുലുക്കി കാണിച്ചു (എന്റെ തലക്കിട്ട് നല്ലൊരു കൊട്ടു തന്നിട്ടാ അവന്റെ ഒരു ഒണക്ക ചോദ്യം). ഞാന്‍ ഫോണ്‍ എടുത്ത് നോക്കി 7 മണി എനിയും മിനിട്ട്‌ കൂടെ... അടുത്തതെങ്കിലും കൊട്ടുകൊള്ളാത്ത നല്ലൊരു സ്വപ്നം കാണിച്ച് തരണേ പടച്ചോനെ എന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് കണ്ണുകള്‍ മെല്ലെ അടച്ചു.

Thursday, April 21, 2011

ഹോട്ടലിലേക്കുള്ള വഴി



അനുഭവങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഒരുപാട് ഉണ്ടായിട്ടുണ്ടാവും അതില്‍ നല്ലതും ചീത്തയും ഉണ്ടായിരിക്കാം എന്തോ എന്റെ ജീവിതത്തില്‍ അധികവും ചീത്ത തന്നെയാ സംഭവിച്ചിട്ടുള്ളത് അതില്‍ എനിക്ക് ഒരു വിഷമവും ഇല്ല (അല്ല എനി വിഷമിച്ചിട്ട് എന്ത് കാര്യം?) കഴിഞ്ഞത് കഴിഞ്ഞു എന്നു കരുതി സമാധാനിക്കാം അല്ലെ? എങ്കിലും എന്റെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില രസകരമായ സംഭവങ്ങള്‍ ഉണ്ട്, അതില്‍ ഒന്നാണ്‌ വീടിന്റെ അടുത്തുള്ള പറമ്പന്‍സ് ഹോട്ടലിലേക്ക് ഞാനും എന്റെ മൂന്നു സുഹ്യത്തുക്കളും പോയ കഥ.

അന്ന് വൈകീട്ട് അഞ്ച് മണി ആയിക്കാണും പണിതീരാത്ത എന്റെ വീടിന്റെ മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന പൂഴിമണ്ണില്‍ ഇരിക്കുവായിരുന്നു ഞാനും കൂട്ടുകാരും, വെടിപറഞ്ഞിരിക്കാന്‍ ഒരു സുഖമല്ലേ? അതിനിടയില്‍ ഒരുത്തന്റെ വക കമന്റ് ചുമ്മ ഇരുന്നു സംസാരിക്കുമ്പോള്‍ കൊറിക്കാന്‍ വല്ലതും ഒക്കെ ഉണ്ടെങ്കില്‍ നല്ല രസമാ നീ വല്ലതും എടുത്തിട്ട് വാടാ. വിരുന്നു വരുന്നവര്‍ക്ക് കൊടുക്കാന്‍ വാങ്ങിവെച്ച ചിപ്സ് ഉമ്മ അറിയാതെ ഞാന്‍ കുറച്ച് എടുത്തോണ്ട് വന്നു, വിശപ്പിന്റെ അസുഖമുള്ള ഒരുത്തന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അതില്‍ ഒന്ന് തൊടാനുള്ള ചാന്‍സ് പോലും അവന്‍ ഞങ്ങള്‍ക്ക് തന്നില്ല കൊണ്ടുവെച്ച് നിമിഷങ്ങള്‍ക്കകം ആ പ്ലേറ്റ് മൊത്തം അവന്‍ കാലിയാക്കി തന്നു (ആ പ്ലേറ്റ് എനി കഴുകേണ്ട ആവശ്യമില്ല അത്രക്കും ക്ലീന്‍), എന്നിട്ട് പറയുവാ ഇതുകൊണ്ട് ഒന്നും തന്നെ ആയിട്ടില്ല നമുക്ക് പറമ്പന്‍സിലേക്ക് പോയാലോ എന്ന്, അതും എനിക്കിട്ട് പണിതരാന്‍ ആണെന്ന് അവന്റെ പറച്ചില്‍ കേട്ടപ്പോള്‍ മനസ്സിലായി, സാരമില്ല തല്‍ക്കാലത്തേക്ക് അടിച്ച് പൊളിക്കാനുള്ള പൈസ എന്റെ കയ്യിലുണ്ട്, വര്‍ഷത്തില്‍ ഒരിക്കല്‍ ലീവിനു വരുന്ന എനിക്ക് ഇതൊക്കെ അല്ലെ ഒരു സന്തോഷം എന്നു കരുതി ഞങ്ങള്‍ നാലുപേരും ഹോട്ടലിലേക്ക് നടന്നു.

ഹോട്ടലിലേക്ക് പോവുന്ന വഴി കൂടെ ഉണ്ടായിരുന്ന നവാസ് എന്നോട് സ്വകാര്യത്തില്‍ പറഞ്ഞു എടാ ഞാന്‍ അടിയില്‍ (കാര്യം പിടി കിട്ടിയില്ലേ? ഹ! അതന്നെ സംഭവം) ഒന്നും ഇട്ടിട്ടില്ല എന്ന്, ഞാന്‍ ചോദിച്ചു ഹൊ അടിയില്‍ ഇട്ടവര്‍ക്ക് മാത്രേ അവിടെന്ന് ഫുഡ് കിട്ടു എന്ന്? ഉത്തരം കിട്ടിയില്ല (ഞാന്‍ ചമ്മി) ഞങ്ങള്‍ പിന്നെം നടന്നു പക്ഷെ എന്റെ ചോദ്യം നല്ലപോലെ കേട്ട റഹീം (വിശപ്പുള്ളവന്‍) എന്നോട് തിരിച്ചൊരു ചോദ്യം ആരാടാ അടിയില്‍ ഒന്നും ഇടാതെ വന്നിട്ടുള്ളത് എന്ന്? എനിക്കറിയോ ഈ പഹയന്‍ വല്ലതും മനസ്സില്‍ കണ്ടിട്ടാ ചോദിച്ചതെന്ന് ഞാന്‍ പറഞ്ഞു നവാസ് ആണെന്ന്, കേള്‍ക്കേണ്ട താമസം റഹീം നവാസിന്റെ തുണി വലിച്ചൊരു ഓട്ടം, പിറന്ന പാടെ നവാസ് ഹൈവെ റോഡിനരികില്‍, പ്‌ഹാ പന്നീ! എന്നും പറഞ്ഞ് നവാസ് തുണി വാങ്ങാന്‍ റഹീമിന്റെ പിറകേ ഓടി, ഞാനും സഗീറും ഇതെല്ലാം കണ്‍ട് നല്ലപോലെ രസിച്ച് അവരുടെ പിന്നാലെയും, ഒട്ടും പ്രതീക്ഷിക്കാതെ ഒരു കൂട്ടര്‍ ഞങ്ങളുടെ പിറകില്‍ ഉണ്ടായിരുന്നു, ഒരു ശബ്ദം (നവാസിനിട്ട് ആരോ ഒന്നു പൊട്ടിച്ചതിന്റെയാ) കേട്ടപ്പോഴാ ശരിക്കും ഞങ്ങള്‍ക്ക് മനസ്സിലായത്, അത് മറ്റാരുമല്ല സാക്ഷാല്‍ പോലീസ് തന്നെ, വെടികൊണ്ട പന്നിയെ പോലെ അലറിയുള്ള ശബ്ദവും പിന്നെ ആ ശബ്ദത്തിനെ ഉടമ ഓടുന്നതും കണ്ടു, അത് മറ്റാരുമല്ല റഹീം, പോലീസ്! ഓടിക്കോടാ! പോ... എന്ന് പറയുമ്പോഴേക്കും ഞാന്‍ തിരിഞ്ഞോടി (എനിക്ക് പണ്ടു മുതലേ പോലീസ് എന്ന് കേട്ടാല്‍ വല്ലാത്തൊരു പേടിയാ!) സെഗീര്‍ ചെരുപ്പ് ഊരിയെടുത്ത് വേറൊരു വഴിക്ക്, ഓടിയോടി ഞാനും സെഗീറും ഒരേ വഴിയിലൂടെ ആയി അതിനിടയില്‍ എന്റെ മുഖത്ത് എന്തൊക്കെയോ വന്നിടിച്ചു പക്ഷെ ഞാന്‍ അത് വകവെച്ചില്ല ഓട്ടം തന്നെ ഓട്ടം, അപ്പോഴിതാ സെഗീറിന്റെ കരച്ചില്‍ "എന്നെ വിടു സാറെ, ഞാന്‍ ഒന്നും ചെയ്തിട്ടില്ല സാറെ", ഞാന്‍ ഉറപ്പിച്ചു സെഗീറിനെ പോലീസ് പൊക്കി, എനി എത്ര ഓടിയിട്ടും കാര്യമില്ല പിടി കൊടുക്കാം, ഓട്ടം നിര്‍ത്തി കരച്ചില്‍ കേട്ട ഭാഗത്തേക്ക് ഞാന്‍ ഓടിച്ചെന്നു, ഹൊ! പണ്ടാരക്കാലനെ പോലീസ് പിടിച്ചതല്ല കമ്പിവേലിയില്‍ ഷര്‍ട്ട് കുടുങ്ങിയതാ, അതിനാ ഇവന്‍ കിടന്ന് കരഞ്ഞത് ചുമ്മ മനുഷ്യനെ പേടിപ്പിചു, ഞങ്ങള്‍ക്ക് പിന്നെയും പേടി എനി പോലീസ് എങ്ങാനും പിന്നില്‍ വരുന്നുണ്ടോ എന്ന്‌... പിന്നെ മുന്നില്‍ കിണറാണോ? പുഴയാണോ? എന്നൊന്നു നോക്കിയില്ല നേരെയങ്ങ് ഓടി... ഓടികിതച്ച് ഞാനും സെഗീറും എന്റെ വീട്ടുപടിക്കല്‍ എത്തിയപ്പോ പൂരപ്പറമ്പ് പോലെ നിറയെ ആള്‍ക്കാര്‍, എനി പോലീസ് എങ്ങാനും വീട്ടിലേക്ക് ഞങ്ങളെ അന്വേഷിച്ച് വന്നോ? ആകെ കൂടെ മനസ്സില്‍ എന്തോ പോലെ, രണ്ടും കല്പ്പിച്ച് ഞാന്‍ വീട്ടിലേക്ക് കയറിച്ചെന്നു, എല്ലാവരും എന്റെ മുഖത്ത് നോക്കി ഒരേ നില്പ്പ്, കൂട്ടത്തില്‍ നിന്നിരുന്ന എന്റെ മാമന്‍ ചോദിച്ചു... എടാ! അപ്പോ നീ മരിച്ചില്ലേ?

വാല്‍ക്കഷ്ണം: നവാസ് അടിയും വാങ്ങി വളരെ മാന്യനായി അവന്റെ വീട്ടിലേക്ക് പോയി... റഹീം ഓടിയത് എന്റെ വീടിന്റെ അടുത്തൂടെ, ആ വഴി എന്റെ വീട്ടില്‍ കയറി എന്നെ പോലീസ് ഓടിച്ചെന്ന് പറയുന്നു, റഹീമിന്റെ ഓട്ടവും പരാക്രമവും കണ്ട് പിന്നാലെ വന്ന കുറച്ച് പേരില്‍ ആരോ ഒരാള്‍ പറഞ്ഞത്രേ "നീന്തല്‍ അറിയാത്ത ഈ പാവം ഞാന്‍ പുഴയിലേക്ക് ചാടുന്നത് അയാള്‍ കണ്ടെന്ന്! പോരെ? എനി വല്ലതും വേണോ എന്റെ വീട്ടുക്കാര്‍ക്കും, നാട്ടുക്കാര്‍ക്കും? ഭാഗ്യത്തിന്‌ ക്യത്യ സമയത്ത് തന്നെ ഞാന്‍ അവിടെ ഓടികിതച്ചെത്തി അല്ലെങ്കില്‍ മുങ്ങിത്തപ്പല്‍ കുലതൊഴിലായി കൊണ്ട് നടക്കുന്ന വാസുചേട്ടന്റെ കരിയറില്‍ അതൊരു മൈനസ് പൊയിന്റ് ആയേനെ.

Thursday, April 14, 2011

ഒരു സപ്പോട്ട കഥ



ആഴ്ചയില്‍ ഏത് ദിവസം ആണ്‌ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയു വ്യാഴായ്ച, അതിനുള്ള കാരണം എന്താണെന്ന് ചോദിച്ചാല്‍ അന്നത്തെ ദിവസം കുറച്ച് നേരത്തെ ഓഫീസില്‍ നിന്നും ഇറങ്ങാം അതുമല്ല എനിയുള്ള രണ്ട്് ദിവസം (വെള്ളി, ശനി) ഒഴിവു ദിവസമാണ്‌. അലക്കലും, ഇസ്തിരിയിടലും, സിനിമ കാണലും ഒക്കെയായി ആ രണ്ട് ദിവസം അങ്ങ് പോയിക്കിട്ടും എങ്കിലും ജോലി എന്നുള്ള ടെന്ഷചന്‍ കുറഞ്ഞ് കിട്ടുമല്ലോ അതോര്ത്ത് സമാധാനിക്കും. അങ്ങിനെ 5 മണിക്ക് ഓഫീസില്‍ നിന്നും ഇറങ്ങി കൂടെ അമ്മായിടെ മോനും, റൂമില്‍ പോയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ല അതുകൊണ്ട് ഞങ്ങള്‍ നേരെ ഫുഡ്പാലസിലേക്ക് പോയി അത്ര വല്യ കടയൊന്നുമല്ലെങ്കിലും അവിടെ നമ്മുടെ നാട്ടുക്കാര്‍ ഒത്തിരി വരും മരുഭൂമിയിലെ മരുപ്പച്ച ആയിരുന്നു ഞങ്ങള്ക്ക്് ഫുഡ്പാലസ്. അങ്ങിനെ ഫുഡ്പാലസില്‍ എത്തി ഒരു ട്രേ എടുത്തു (ഒന്നും എടുക്കാന്‍ ഇല്ലെങ്കിലും ട്രേ കയ്യിലുള്ളത് എന്ത്കൊണ്ടും നല്ലതാ, അല്ലെങ്കില്‍ വായില്‍ നോക്കികളാണെന്ന് കരുതു നമ്മുടെ മലയാളി മങ്കമാര്‍) തുടക്കം തന്നെ കിറ്റ്കാറ്റില്‍ ആയിരുന്നു ഒരു റിയാലിന്റെ വിലയുള്ള മൂന്ന് പാക്കറ്റ് വളരെ ഐശ്വര്യത്തോടെ എടുത്തിട്ടു എന്നിട്ടു മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ചു. (500 റിയാലിന്റെ സാധനങ്ങള്‍ വാങ്ങിയ ലാഘവത്തോടെ!) എന്തോ ഗ്ലാമര്‍ കൂടുതല്‍ ഉള്ളതോണ്ടോ എന്നറിയില്ല എന്നെ മാത്രം നോക്കി ഒരു പെണ്ണ് ചിരിച്ചു അത് അമ്മായിടെ മോന്‍‌ക്ക് അത്ര പിടിച്ചില്ല. (ആ പെണ്ണിന്റെ ചിരി കിറ്റ്കാറ്റ് എടുക്കുന്നത് കണ്ടിട്ടാണെന്ന് പിന്നീടാ മനസ്സിലായത്, കാരണം ആ പെണ്ണിനു പിന്നാലെ വന്ന ഒരു അമ്മച്ചിയും ഇതേ ചിരി എന്റെ മുഖത്ത് നോക്കി ചിരിച്ചു). അമ്മച്ചിയുടെ ചിരി വകവെയ്ക്കാതെ ഞങ്ങള്‍ നേരെ അടുത്ത സെക്ഷനിലേക്ക് നടന്നു, അവിടെയാണേല്‍ പൊന്നും കടയിലെ തിരക്ക് എന്നു പറഞ്ഞമാതിരി, കണ്ടതെല്ലാം ചുമ്മാ എടുത്ത് നോക്കി നടക്കുമ്പോള്‍ ദാ! ഇരിക്കണു സപ്പോട്ട (ടി.വിയില്‍ ഇടക്കിടെ കാണിക്കാറുണ്ട് മുഖത്ത് പുരട്ടുന്ന ഏതോ ഒരു ക്രീമിന്റെ പരസ്യം), അത് കണ്ടപതില്‍ പിന്നെ ഒരുപാട് നാള്‍ ആയി സപ്പോട്ട തിന്നാന്‍ ആഗ്രഹം, എന്നാപിന്നെ ഇത്തവണ അതങ്ങ് സാധിപ്പിച്ചേക്കാമെന്ന് കരുതി അഞ്ചാറെണ്ണം എടുത്ത് ട്രേയിലിട്ടു കൂട്ടത്തില്‍ ഒരു പാക്കറ്റ് പാലും, ചെറിയ പാക്കറ്റ് ബൂസ്റ്റും, ചിക്കു മില്ക്ക്് ഷെയ്ക്ക് തന്നെ ആയിക്കോട്ടെ എന്നും കരുതി, എല്ലാം വാങ്ങി കിറ്റ്കാറ്റും തിന്ന് നേരെ റൂമിലേക്ക് നടന്നു.

റൂമില്‍ എത്തി പതിവു പരിപാടികള്‍ എല്ലാം കഴിഞ്ഞു, പിന്നെ അടുക്കളയിലേക്ക്... സ്വന്തമായി ജൂസ് മെഷീന്‍ ഇല്ലാത്തത് കൊണ്ട് അപ്പുറത്ത് താമസിക്കുന്ന ഹിന്ദിക്കാരനെ സോപ്പിട്ട് കാര്യം സാധിപ്പിച്ചെടുത്തു, ചിക്കു ആണെങ്കില്‍ കുറച്ച് തണുപ്പ് വേണമെന്ന് തോന്നി പാലെടുത്ത് ഫ്രിഡ്ജിലേക്ക് വെച്ചു. ചിക്കു കുടിച്ചതിന്റെ മേല്‍ വേറെ വല്ലതും കഴിച്ചാല്‍ കുടിച്ചത് പിരിയുമെന്ന് കരുതി (പറഞ്ഞ് പേടിപ്പിച്ചു) ഹോട്ടലില്‍ പോക്ക് ഞാനും അമ്മായിടെ മോനും കാന്സ്ല്‍ ചെയ്തു, അതും പോരാഞ്ഞിട്ട് കഴിക്കാന്‍ കയറിയ മറ്റെ സഹമുറിയനെ തിരിച്ച് വിളിപ്പിച്ചു. ജൂസ് മെഷീന്‍ അമ്മായിടെ മോനെകൊണ്ട് കഴുകിച്ചു (അവന്‍ അനങ്ങാതെ നില്ക്കു ന്നത് കാണുമ്പോള്‍ എനിക്കെന്തോ പോലെ, എന്ത് ചെയ്യാം മഹാ മടിയനാ!), ഫ്രിഡ്ജില്‍ വെച്ചിരുന്ന പാലെടുത്ത് അതിലേക്ക് പൊട്ടിച്ചൊഴിച്ചു, അഞ്ച് സ്പൂണ്‍ പഞ്ചസാരയും വാരിയിട്ടു, കുറച്ച് ബൂസ്റ്റും ഇട്ടു പിന്നെ സപ്പോട്ട എടുത്ത് തൊലികളയാന്‍ തുടങ്ങുമ്പോഴേക്കും ആരോ വാതിലില്‍ മുട്ടി, ഈ സമയത്ത് ഇതേത് പാര? ഞാന്‍ വാതില്‍ തുറന്നു അടുത്ത റൂമിലെ പയ്യന്‍ മനോജ്, (ലെവന്‍ ചിക്കുവിന്റെ മണം പിടിച്ച് വന്നതാണോ, ആകെ കൂടെ മൂന്നുപേര്ക്ക്മ കഴിക്കാന്‍ ഉണ്ടാവൂ എനി അതിന്റെ ഇടയില്‍ ഇവന്റെ ഷെയര്‍ ആരു കൊടുക്കും എന്നായി എന്റെ ചിന്ത) സാരമില്ല അമ്മയിടെ മോന്‍ പകുതി കൊടുത്തോളും എന്നു കരുതി സമാധാനിച്ചു, വന്നവനെ ചുമ്മ നിര്ത്തുരന്നത് ശരിയല്ല എന്നു മനസ്സിലാക്കിയ അമ്മായിടെ മോന്‍ വന്നവനിട്ട് ഒരു പണി കൊടുത്തു, രാവിലെ കഴുകാതെ പോയ പ്ലേറ്റും, ഗ്ലാസ്സും അവനെകൊണ്ട് കഴുകിക്കുക! വല്യ ചിലവില്ലാത്ത കേസല്ലേ എന്നു കരുതികാണും അവന്‍ വളരെ കൂളായി ഒരു വേലക്കാരനെ പോലെ പണി തുടങ്ങി, ഞാന്‍ സപ്പോട്ട തൊലി കളയാനും നിന്നു, ആദ്യത്തെ സപ്പോട്ട എടുത്തു, നാട്ടില്‍ കിട്ടുന്നതിനേക്കാളും വലുപ്പം ഉണ്ടല്ലോ എന്നൊരു കമന്റ് പാസ്സാക്കി കത്തികൊണ്ട് ചെറിയ ഒരു കീറല്‍ കൊടുത്തു എന്നിട്ട് പതിയെ തൊലി ഇളക്കി... ഉള്ളില്‍ ഒരു പച്ച കളര്‍ കാണുന്നു എടാ നമ്മളെ പറ്റിച്ചു ഇത് പഴുത്തിട്ടില്ല! എന്നാപിന്നെ അടുത്തത് എടുത്ത് നോക്ക് അമ്മായിടെ മോന്റെ വക കമന്റ്, ഞാന്‍ അടുത്തത് എടുത്ത് തൊലികളഞ്ഞു നോക്കി അതും പച്ച! എന്നാ പിന്നെ രുചിച്ച് നോക്കാമെന്ന് കരുതി, ഹൊ! എന്തൊരു പുളിപ്പ്, ഇത് കേട്ടതും മനോജ് ചോദിച്ചു ഇത് എവിടെന്നാ? ഞാന്‍ പറഞ്ഞു ഫുഡ്പാലസ്, ഓഹോ അവിടെന്നാണോ? നോക്കട്ടെ എന്നും പറഞ്ഞ് എന്റെന്ന് സപ്പോട്ട അവന്‍ വാങ്ങി ഒന്നു മണത്ത് നോക്കി എന്നിട്ട് എന്നെം അമ്മായിടെ മോനെം നോക്കി ഒരുമാതിരി ആക്കിയുള്ള ചിരി, എന്നിട്ട് പറയുവാ എടാ പൊട്ടന്മാരെ ഇത് സപ്പോട്ട അല്ല ഇതാണ്‌ "കിവി". കിവിയോ!!! അതെന്തൂട്ട് സാധനാ!!! എന്ന് അറിയാതെ പറഞ്ഞ് പോയി, കിട്ടി മോനെ എട്ടിന്റെ പണി, എന്തായാലും കയ്യിലെ കാശുപോയി എനിയുള്ള (?) അഭിമാനം കൂടെ കളയേണ്ട എന്നു കരുതി ഇളിഞ്ഞ ചിരിയോടെ മനോജിനെ നോക്കി ഇത്രേം പറഞ്ഞ് നിര്ത്തി ... "നാളെ ഏപ്രില്‍ ഫൂള്‍ അല്ലേ? അഡ്വാന്സ്ഇ ആയി നിന്നെ ഒന്ന് പറ്റിക്കാമെന്ന് കരുതി", ഭാഗ്യത്തിന്‍ അവനത് വിശ്വസിക്കുകയും ചെയ്തു.

Thursday, April 7, 2011

മൂട്ടജീവിതം



ആടുജീവിതം ഒരു അനുഭവകഥ ആണെങ്കില്‍ എന്ത്കൊണ്ട് "മൂട്ട"ജീവിതം ഒരു അനുഭവകഥ ആയികൂടാ! ഒരുപാട് നാളത്തെ ആഗ്രഹം എനിക്കും ഒരു കഥ എഴുതണമെന്ന് പക്ഷെ സമയം തീരെ അങ്ങ് ഒത്ത് വരുന്നില്ല. ഒരു ദിവസത്തിലെ പകുതിമുക്കാലും സമയം ഓഫീസില്‍ തന്നെ, ഓഫീസ് കഴിഞ്ഞ് സഹമുറിയന്മാരെ കൂടെ റൂമിലേക്ക് യാത്ര, താമസം സ്വന്തമായി ഏര്‍പ്പാട് ചെയ്തതാണ്‌, പക്ഷെ കാര്‍ സ്വന്തമായിട്ടില്ല, ലൈസന്‍സ് വര്‍ഷങ്ങള്‍ക്ക് മുന്നെ എടുത്ത് വെച്ചിട്ടുണ്ട് (ലൈസന്‍സ് പുതുക്കാനുള്ള സമയം അടുത്ത് വരുന്നു, അതെങ്കിലും നടക്കട്ടെ) കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ളത് കൊണ്ട് ഇത്‌വരെ ഒരു കാര്‍ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അപ്പൊ പിന്നെ വല്ല കള്ള ടാക്സിയോ അല്ലെങ്കില്‍ കര്‍‌വ്വ (ഖത്തര്‍ ടാക്സി, മീറ്ററില്‍ കാണിക്കുന്ന റിയാല്‍ കൊടുത്താല്‍ മതി) യോ ആശ്രയിക്കണം. ചില സമയത്ത് ടാക്സിക്കരുമായി തല്ലുകൂടണം (താല്പര്യമുണ്ടായിട്ടല്ല), കഷ്ടപ്പെട്ട് കൈ കാണിച്ച് നിര്‍ത്തി എത്ര തരും എന്നുള്ള ചോദ്യത്തിന്റെ ആവശ്യമേ ഉള്ളു ഞങ്ങള്‍ മൂന്നും ഒരേ സ്വരത്തില്‍ 10 റിയാല്‍ (സത്യത്തില്‍ 15 റിയാല്‍ കൊടുക്കണം), നിര്‍ത്തിയത് പട്ടാണി (പാകിസ്ഥാനി) ആണെങ്കില്‍ ഒന്നുകില്‍ അയാള്‍ ഹിന്ദിയില്‍ ഞങ്ങളെ ചീത്ത വിളിച്ച് കാണും അല്ലെങ്കില്‍ ഞങ്ങള്‍ അവരെ മലയാളത്തിലും (പൊതുവെ അവരാ ഞങ്ങളെ വിളിക്കാറ് കാരണം സ്കൂളില്‍ പഠിച്ച ഹിന്ദിയെ ഞങ്ങളുടെ കയ്യിലുള്ളു), അതും അല്ല അവന്മാര്‍ തടിമാടന്മാര്‍ ആയതോണ്ട് അവര്‍ പറയുന്നതും കേട്ട് ഞങ്ങള്‍ കാറില്‍ നിന്നും ഇറങ്ങുകയും ചെയ്യും, അടുത്ത ടീം നമ്മുടെ സ്വന്തം നാട്ടുക്കാര്‍ തന്നെയാ! ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിള്ളേര്‍! ഒരു മലയാളിക്ക് മറ്റു മലയാളിയെ കണ്ണില്‍ പിടിക്കത്തില്ല എന്ന് പറയുന്നത് കേട്ടിട്ടേ ഉള്ളു പക്ഷെ ഇവിടെ വന്നപ്പോള്‍ അത് ശരിക്കും അനുഭവിച്ച് അറിയുകയും ചെയ്തു, റോഡനരികില്‍ നിന്ന് കൈ കാണിക്കുന്നത് മലയാളി ആണെന്ന് കണ്ടാല്‍ 100 സ്പീഡ് ലിമിറ്റുള്ള റോഡ് ആണെങ്കില്‍ റഡാര്‍ പോലും വകവെയ്ക്കാതെ അവന്‍ 140ല്‍ പോകും എന്നാലും നിര്‍ത്തില്ല. ഒരിക്കല്‍ ഒരു മലയാളി ടാക്സിക്കാരന് ഞങ്ങള്‍ കൈ കാണിച്ചു, ആ പഹയന്‍ നിര്‍ത്തിയത് അപ്പുറത്ത് നിന്നിരുന്ന ഒരു ഫിലിപ്പീനിയുടെ അടുത്ത് (പാവം ബ്രേക്ക് കിട്ടാഞ്ഞിട്ടാവും എന്ന് കരുതി) എന്തായാലും മനസ്സുരുകി ഞാന്‍ പ്രാകിയിട്ടുണ്ട് അതുകൊണ്ട് തന്നെയാവാം പിന്നെ ആ ടാക്സിക്കാരനെ ഇത്‌വരെയും കണ്‍ടിട്ടില്ല.

എല്ലാം കഴിഞ്ഞ് റൂമില്‍ എത്തുമ്പോള്‍ ഒരുപാട് വൈകും, പാചകം ചെയ്യാന്‍ അറിയാത്തത് കൊണ്ട് ഭക്ഷണം ഇപ്പോഴും അടുത്തുള്ള ഹോട്ടലില്‍ നിന്ന് തന്നെ, മൂന്ന് പേരും നല്ല മാന്യന്മാര്‍ (എനി എടുത്ത് പറയില്ല) ആയത്കൊണ്ട് വല്യ പ്രശ്നം ഒന്നുമില്ലാതെ ജീവിതം മുന്നോട്ട് പോകുന്നു. പക്ഷെ അങ്ങിനെ പ്രശ്നം ഒന്നുമില്ലാതെ പോവുന്നത് ഇഷ്ടപ്പെടാത്ത ഒരു കൂട്ടര്‍ കൂടെയുണ്ട് ഞങ്ങളുടെ റൂമില്‍, ഏതൊരു കഥയിലും ഒരു വില്ലന്‍ കാണുമല്ലോ? അത് ഈ കഥയിലെ വില്ലന്‍ മറ്റാരുമല്ല സാക്ഷാല്‍ "മൂട്ട" തന്നെ. പട്ടിയുടെ കടിയാണ് എനിക്ക് ഏറ്റവും പേടിയുണ്ടായിരുന്നത്, പക്ഷെ അതിപ്പൊ മാറികിട്ടി. ചോര കൊണ്ടുള്ള കളി പണ്ടുമുതലേ എനിക്കിഷ്ടമല്ല എന്തിനേറെ പറയുന്നു എന്റെ സഹമുറിയന്‍ ചോര കണ്ടാല്‍ അപ്പൊ ബോധംകെട്ട് വീഴും പക്ഷെ മൂട്ടകള്‍ക്ക് അതേ ഇഷ്ടമുള്ളു. ഒളിപ്പോരാണ്‌ അവര്‍ ഞങ്ങളുടെ അടുത്ത് പയറ്റുന്നത് എന്നിട്ട് പോലും ഞങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല അപ്പൊ നേരിട്ട് വന്നാലുള്ള അവസ്ഥ പറയെണോ? എന്തായാലും എല്ലാത്തിനെം കൊന്നിട്ട് തന്നെ ബാക്കി കാര്യം എന്നു തീരുമാനിച്ചു, ആദ്യം ഒരു കുപ്പി മൂട്ടയെക്കൊല്ലി മരുന്ന് വാങ്ങിച്ച് അര്‍മാദിച്ച് അങ്ങോട്ട് അടിച്ചു അതോടെ മൂട്ടകള്‍ക്ക് ഒന്നൂടെ ഉഷാര്‍ വെച്ചു അന്നത്തെ രാത്രി അവര്‍ ഓവര്‍ ടൈം എടുത്ത് ഞങ്ങളുടെ ചോര കുടിച്ച് വറ്റിച്ചു (സത്യത്തില്‍ മൂട്ടയെക്കൊല്ലി മരുന്നു തന്നെയാണോ? എന്നൊരു സംശയം!) ഒന്നും തന്നെ ചാവുന്നില്ല, എനി എന്ത് പരീക്ഷണം ഇവരുടെ മേല്‍ നടത്തും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ്‌ ഒരു കോള്‍ വന്നത്, അത് മറ്റാരുമല്ല ഞങ്ങളുടെ ഒരു സുഹ്യത്ത്, വിശേഷം പറച്ചിലിനിടയില്‍ ഞാന്‍ മൂട്ടയുടെ കാര്യം അവനോട് അവതരിപ്പിച്ചു, ഉടനെ തന്നെ അവന്‍ ഒരു മരുന്നിനെ കുറിച്ച് പറഞ്ഞ് തന്നു, ഓഹോ! അങ്ങിനെയും ഒരു സംഭവം ഉണ്ടോ? എന്നാല്‍ പിന്നെ അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം, സഹമുറിയന്മാരോട് ഈ കാര്യത്തെകുറിച്ച് സംസാരിച്ചപ്പോള്‍ അവരും ഓകെ പറഞ്ഞു, അങ്ങിനെ സ്പ്രേ ചെയ്യുന്ന ഒരു കുപ്പിയും പിന്നെ ആ സുഹ്യത്ത് പറഞ്ഞ മരുന്നും (?) വാങ്ങിച്ച് കൊണ്ടുവന്ന് മിക്സ് ചെയ്തു അര്‍മാദിച്ച് അങ്ങോട്ട് അടിച്ചു ഒരു അടി അപ്പോഴല്ലേ കാര്യം പിടിക്കിട്ടിയത്, പതിനാല്‍ റിയാല്‍ മുടക്കി മൂട്ടക്ക് ഉഷാര്‍ വെപ്പിച്ചു എന്നല്ലാതെ ഒരു ഗുണവും ഇല്ലാതിരുന്ന ആ മൂട്ടയെക്കൊല്ലി മരുന്നിനേക്കാളും എത്രയോ ഭേദം വെറും രണ്ട് റിയാല്‍ മുടക്കി വാങ്ങിയ ഈ മരുന്ന്. ദേ ചത്ത് മലര്‍ന്ന് കിടക്കണു ഒരു പത്ത് നൂറെണ്ണം (എന്തിനാ കുറയ്ക്കുന്നത്?) "മോനെ മനസ്സില്‍ ഒരു ലഡു പൊട്ടി, പ്ലീസ് ആ മരുന്നിന്റെ പേരൊന്ന് പറയിഷ്ട" എന്നല്ലേ ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ തോന്നിയത്? തല്‍ക്കാലം പറയാന്‍ നിവര്‍ത്തിയില്ല, കാരണം ഞങ്ങള്‍ മൂന്നു പേരും കൂടെ ഈ മരുന്ന് അടുത്ത് തന്നെ വിപണിയില്‍ എത്തിക്കാനുള്ള പ്ലാനിംഗില്‍ ആണ്. വളരെ ചിലവ്‌ കുറഞ്ഞ ഒരു സംഗതി ആയത്കൊണ്ട് ഞങ്ങള്‍ മൂന്നുപേര്‍ക്കും നൂറുവട്ടം സമ്മതം. ഈ മരുന്നു വിറ്റ് ഞങ്ങള്‍ വല്യ കാശുക്കാരൊക്കെ ആയാല്‍ ഇത്രേം നാള്‍ മൂട്ടയുടെ കടി കൊണ്ടത് സാരമില്ല എന്നു വെക്കും (അല്ല പിന്നെ). എല്ലാ പ്രവാസികള്‍ക്കും മനസ്സില്‍ സൂക്ഷിച്ച് വെക്കാന്‍ ഓരോ ഓര്‍മ്മകള്‍ ഉണ്ടായിരിക്കും അത് പോലെ തന്നെ ഞങ്ങള്‍ക്കും ഈ "മൂട്ട"ജീവിതം.